കോട്ടയം: തൊടുപുഴയിൽ ഏഴ് വയസുകാരനോട് അമ്മയുടെ കാമുകൻ കാട്ടിയത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളെന്ന് പൊലീസ്. ഏഴ് വയസുകാരനെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിനെ എതിർക്കുമ്പോഴെല്ലാം മർദ്ദിക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതിയ കണ്ടെത്തലിനെ തുടർന്ന് പ്രതിക്കെതിരെ പോസ്‌കോ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതി അരുൺ ആനന്ദ് മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേസമയം, ഏഴ് വയസുകാരനോട് കൊടുംക്രൂരത കാണിച്ച സംഭവത്തിലെ യഥാർത്ഥ ഭീകരത പുറത്തുവന്നത് ആശുപത്രിയിൽ കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച് അമ്മയും കാമുകനും പറഞ്ഞതിലെ വൈരുദ്ധ്യം. അരുണിന്റെ പെരുമാറ്രത്തിൽ സംശയം തോന്നിയ പൊലീസ് എടുത്ത മുൻകരുതലുകളും പ്രതിക്ക് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെ യുവതിയും അരുൺ ആനന്ദും ചേർന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീട്ടിനുള്ളിൽ വീണതാണെന്നാണു അമ്മ ഡോക്ടറോടു പറഞ്ഞത്. അതേ സമയം കളിക്കുന്നതിനിടെ അപകടമുണ്ടായെന്ന് അരുണും പറഞ്ഞു. ഇതേ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ കയറാൻ അരുൺ ആദ്യം മടിച്ചിരുന്നു. അരുണിന്റെ കാർ കോലഞ്ചേരിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇയാൾ പൊലീസുമായി വാക്കുതർക്കത്തിലും ഏർപ്പെട്ടിരുന്നു. ഇതോടെ അരുണിനെ നിരീക്ഷിക്കാൻ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസുകാരെ മഫ്തിയിൽ ഏർപ്പെടുത്തിയിരുന്നു. അരുണിന്റെ എ.ടി.എം. കാർഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നു. കാർ പൊലീസ് വിട്ടുകൊടുക്കാത്തിനാൽ രക്ഷപ്പെടാനുളള മാർഗങ്ങൾ അടയുകയായിരുന്നു. കാർ കൈവശമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വീട്ടിലെത്തി ഇയാൾ തെളിവ് നശിപ്പിച്ച് കടന്നുകളയാനും വഴിവയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മർദ്ദിച്ചെന്ന് ഇളയ കുട്ടി
തന്റെ ചേട്ടനെ അരുൺ മർദ്ദിച്ചെന്ന കാര്യം നാലുവയസുകാരനായ ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്രി അംഗങ്ങളോട് പറഞ്ഞു. നേരിയ പരിക്കേറ്ര് ചെറിയകുട്ടിയും ആശുപത്രിയിലായിരുന്നു. ചേട്ടനെ പപ്പിയെന്നും അരുണിനെ അച്ചയെന്നുമാണ് കുട്ടി വിളിക്കാറ്. പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചെന്നാണ് ചെറിയ കുട്ടി പറഞ്ഞത്. കാലിൽ പിടിച്ച് വലിച്ചു. തറയിൽവീണ പപ്പി എണീറ്റില്ല. തറയിൽ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ചയും അമ്മയുംകൂടെ പപ്പിയെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയെന്നും ചെറിയ കുട്ടി പറഞ്ഞു.