ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകുന്ന നടപടിക്ക് താത്‌കാലിക വിരാമമിടാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. പ്രവർത്തന വളർച്ചയ്ക്കുള്ള മൂലധനം വിപണിയിൽ നിന്ന് സ്വയം കണ്ടെത്താനാണ് ധനമന്ത്രാലയം ബാങ്കുകൾക്ക് നൽകുന്ന നിർദേശം. നടപ്പു സാമ്പത്തിക മാത്രം 1.60 ലക്ഷം കോടി രൂപയുടെ സഹായം പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രം നൽകിയിട്ടുണ്ട്. ബാങ്കുകൾക്കായി വൻതോതിൽ പണം നീക്കിവയ്ക്കുന്നത് കേന്ദ്രത്തിന്റെ ധനസ്ഥിതിയെ ബാധിക്കുന്നുണ്ട്. ധനക്കമ്മി നിയന്ത്രണവും ദുഷ്‌കരമാകുന്ന സാഹചര്യത്തിലാണ് സഹായം അവസാനിപ്പിക്കാനുള്ള നീക്കം.
ചട്ടപ്രകാരമുള്ള ധനസഹായം ബാങ്കുകൾക്ക് നൽകുന്ന നടപടി സർക്കാർ തുടരും. അതിന് പുറമേ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പ്രവർത്തനം വിപുലീകരിക്കാനും അധികമായി നൽകിവന്ന സഹായമാണ് അവസാനിപ്പിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) തന്നെ രാജ്യത്തെ ഏറ്രവും വലിയ രണ്ടോ മൂന്നോ പൊതുമേഖലാ ബാങ്കുകൾക്ക് വിപണിയിൽ നിന്ന് പണം സമാഹരിക്കാനാകുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കിട്ടാക്കടം കുതിച്ചുയർന്നാണ് ഒട്ടുമിക്ക പൊതുമേഖലാ ബാങ്കുകളെയും മൂലധന പ്രതിസന്ധിയിലാഴ്‌ത്തിയത്.
കിട്ടാക്കട നിയന്ത്രണത്തിൽ പരാജയപ്പെട്ട ബാങ്കുകളുടെ റിസർവ് ബാങ്ക് ശിക്ഷാ നടപടിയായ പ്രോംപ്‌റ്ര് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ) ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങൾക്ക് പുറമേ കേന്ദ്ര മൂലധന സഹായം കൂടി ലഭിച്ചതോടെ അഞ്ച് ബാങ്കുകൾ പി.സി.എയിൽ നിന്ന് പുറത്തുവന്നിരുന്നു. അഞ്ച് ബാങ്കുകൾ കൂടി വൈകാതെ പുറത്തുവരുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.