മലപ്പുറം: സംസ്ഥാനത്ത് മറ്റൊരു ലോക്സഭാ മണ്ഡലത്തിനും അവകാശപ്പെടാനാവാത്ത പ്രത്യേകത പൊന്നാനിക്കുണ്ട്. മഹാരാഷ്ട്രക്കാരനായ ജി.എം.ബനാത്ത്വാലയെ കോണി ചിഹ്നത്തിലൂടെ ആറുതവണ പാർലമെന്റിലേക്കു കയറ്റിവിട്ട മണ്ഡലം. നാലുതവണ ബനാത്ത്വാലയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലധികം!
1977 മുതൽ 1999 വരെ പൊന്നാനിയിൽ നിന്ന് ജയിച്ചത് മറുനാട്ടുകാർ. 1999-ൽ ബംഗളൂരുകാരനായ ഇബ്രാഹിം സുലൈമാൻ സേഠും പൊന്നാനിയുടെ മണ്ണിൽ പച്ചപിടിച്ചു. പിന്നാലെയെത്തിയ ഇ.അഹമ്മദിനും പൊന്നാനി വാരിക്കോരി ഭൂരിപക്ഷമേകി. 1977-ലെ മണ്ഡല പുനർനിർണയം മുതൽ ലീഗിന്റെ ഇളക്കാനാവാത്ത കോട്ടയെന്ന വിശേഷണവും പൊന്നാനി നേടി. 2009-ൽ ആദ്യ മത്സരത്തിനിറങ്ങിയ ഇ.ടി മുഹമ്മദ് ബഷീറിന് മണ്ഡലം 82,684 വോട്ടിന്റെ ഭൂരിപക്ഷമാണ് നൽകിയത്.
2014-ൽ മണ്ഡലത്തിലെ ലീഗ് - കോൺഗ്രസ് പോര് മുതലെടുക്കാൻ കോൺഗ്രസുകാരനായ വി.അബ്ദുറഹ്മാനെ സ്വതന്ത്രനാക്കിയതോടെ മണ്ഡലത്തിന്റെ പോരാട്ടചിത്രം മാറിമറിഞ്ഞു. ചരിത്രത്തിലാദ്യമായി ലീഗിന്റെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക് കുത്തനെ ഇടിഞ്ഞു. കോൺഗ്രസ് വോട്ടുകൾക്കൊപ്പം ഇ.ടിയുടെ നിലപാടുകളിൽ അതൃപ്തിയുള്ളവരും മറുകണ്ടം ചാടി. നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ നിയോജക മണ്ഡലങ്ങളിൽ ലീഗിന്റെ ലീഡ് ആയിരം വോട്ടിലൊതുങ്ങി. ഇളക്കിയാൽ ഇളകുന്ന കോട്ടയെന്ന തിരിച്ചറിവാണ് പച്ചക്കോട്ടയിലെ മത്സരത്തിന് മുമ്പൊന്നുമില്ലാത്ത ചൂടു പകരുന്നത്.
വെല്ലുവിളി മുന്നിൽക്കണ്ട് ലീഗ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീറും, സാദ്ധ്യതകളെ അവസരമാക്കാൻ ഇടതുസ്വതന്ത്രൻ പി.വി.അൻവറും ശക്തമായ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. ന്യൂനപക്ഷ വോട്ട് നിർണായകമായ മണ്ഡലത്തിൽ ഫാസിസവും കേന്ദ്രസർക്കാരിന്റെ നടപടികളുമാണ് യു.ഡി.എഫിന്റെ മുഖ്യ പ്രചാരണായുധം. മുത്തലാഖ് ബില്ലിലടക്കം സമുദായ വികാരത്തിനൊത്ത് ഉയർന്നതും മികച്ച പാർലമെന്റേറിയനെന്ന വിശേഷണവും മണ്ഡലത്തിലെ ബന്ധങ്ങളും കൈമുതലാക്കിയാണ് ഇ.ടിയുടെ പ്രചാരണം. ഇങ്ങനെയൊക്കെങ്കിലും കാര്യങ്ങൾ പൂർണമായും സുരക്ഷിതമല്ലെന്നു തന്നെ ലീഗ് വിലയിരുത്തുന്നു.
പ്രതീക്ഷിച്ചതിനേക്കാൾ മത്സരച്ചൂടുണ്ടാക്കാൻ അൻവറിനു കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് വോട്ടിലെ ചോർച്ച മുൻകൂട്ടി കാണുന്ന ലീഗ് അതിന്റെ ആഘാതം കുറയ്ക്കാനുള്ള മറുവഴികളാണ് തേടുന്നത്. എസ്.ഡി.പി.ഐയുമായുള്ള രഹസ്യചർച്ച രാഷ്ട്രീയ വിവാദവുമായി. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചാൽ അതിന്റെ ഗുണം പൊന്നാനിയിൽ പ്രകടമാകുമെന്ന പ്രതീക്ഷയുണ്ട്, ലീഗിന്.
മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥയും യു.ഡി.എഫ് വർഗീയകക്ഷികളുമായി കൂട്ടുകൂടുന്നു എന്നതും ഉയർത്തിക്കാണിച്ചാണ് അൻവറിന്റെ പ്രചാരണം. കോൺഗ്രസ്- ലീഗ് പോര് രൂക്ഷമായ കേന്ദ്രങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പി.വി. അൻവർ കെ.പി.സി.സി ഭാരവാഹിയുമൊത്ത് നടത്തിയ രഹസ്യചർച്ച വിവാദമായിരുന്നു.
അടിയൊഴുക്കുകളിലാണ് ഇടതു പ്രതീക്ഷകൾ. അതേസമയം പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ ഉയർന്ന ഭൂമികൈയേറ്റ വിവാദവും അനധികൃത തടയണ നിർമ്മാണവും പ്രചാരണ രംഗത്ത് എതിരാളികൾ കാര്യമായി ഉപയോഗിക്കുന്നുണ്ട്. രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തിയേകാൻ തനിക്കൊരു വോട്ടെന്ന അൻവറിന്റെ പ്രചാരണം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.
മുക്കാൽലക്ഷത്തോളം വോട്ടുള്ള ബി.ജെ.പിക്കായി ശബരിമല വിഷയത്തിൽ നിരാഹാരമിരുന്ന പ്രൊഫ. വി.ടി.രമ പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാൽലക്ഷം വോട്ടുപിടിച്ച എസ്.ഡി.പി.ഐയ്ക്കായി ഹാദിയ കേസിൽ സുപ്രീംകോടതിയിൽ മേൽനോട്ടം വഹിച്ച അഡ്വ. കെ.സി.നസീറാണ് രംഗത്ത്. പി.ഡി.പിക്കായി പൂന്തുറ സിറാജും.
ചെറുപാർട്ടികൾ പിടിക്കുന്ന വോട്ടുകൾ ഇരുമുന്നണികൾക്കും നിർണായകമാകും. സാമുദായിക വിഷയങ്ങളിലെ ഇ.ടിയുടെ നിലപാട് യുവതലമുറയെ സ്വാധീനിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.