തൊടുപുഴ: 'ഭർത്താവ് മരിച്ചശേഷം കൂടെക്കൂടിയ അവന്റെ വാക്കുകൾ വിശ്വസിച്ചതാണ് തന്റെ ഈ ഗതിക്ക് ഇടയാക്കിയത്. കുഞ്ഞിനോട് ഇത്ര ക്രൂരത കാട്ടുമെന്ന് കരുതിയില്ല. തെറ്റുപറ്റിപ്പോയി, അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനും' - തൊടുപുഴയിൽ യുവാവിന്റെ ക്രൂരമർദ്ദനത്തിനിരയായ ഏഴു വയസുകാരന്റെ മാതാവായ യുവതി ആരൊടെന്നില്ലാതെ പറയുന്നു.
'ബിടെക് ബിരുദധാരിയായ യുവതിയുടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ വർഷം മേയിലാണ് മരിച്ചത്. ആറുമാസത്തിനു ശേഷം താനുമായി അടുപ്പത്തിലായ ഭർത്താവിന്റെ ബന്ധുവായ അരുണിനൊപ്പം മക്കളെയും കൂട്ടി യുവതി ഒളിച്ചോടി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും അരുണിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് അറിയിച്ചു.
കുറച്ചു നാൾ തിരുവനന്തപുരത്ത് താമസിച്ച ഇവർ തൊടുപുഴയിലെത്തി ദമ്പതികളെന്ന് പരിചയപ്പെടുത്തിയാണ് വാടക വീടെടുത്തത്. അരുൺ നേരത്തേ വിവാഹിതനായിരുന്നു. ഇതിൽ 10 വയസ്സുള്ള കുട്ടിയുണ്ട്. പിന്നീട് വിവാഹമോചനം നേടി.
മോനെ ആശുപത്രിയിലെത്തിച്ചപ്പോൾ കട്ടിലിൽനിന്ന് വീണെന്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നു. പേടികൊണ്ടാണത്. ഡോക്ടറോട് പറയുമ്പോൾ അരുൺ അടുത്തുണ്ടായിരുന്നു. ആംബുലൻസിൽ കോലഞ്ചേരി ആശുപത്രിയിൽ വന്നപ്പോഴും ഒപ്പമുണ്ടായിരുന്നു. എന്റെയും മക്കളുടെയും സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. ആ സമയത്ത് എനിക്ക് മറിച്ച് ഒന്നും ശബ്ദിക്കാനായില്ല.
മക്കൾക്കെന്നെ പേടിയാണ്. ഇളയമകൻ അടുത്തേക്ക് വരാൻ പോലും കൂട്ടാക്കിയില്ല. കുട്ടികളിൽനിന്ന് എന്നെ അകറ്റാനാണ് അവൻ ശ്രമിച്ചത്. അച്ഛൻ മരിച്ചതിന്റെ വിഷമം മാറ്റാനായി കുട്ടികളെ അമിതമായി ലാളിച്ചു. അരുണിനൊപ്പം താമസമായപ്പോൾ അയാളുടെ നിർബന്ധപ്രകാരം ലാളന കുറച്ചു. ആൺകുട്ടികളെ ഒരുപാട് ലാളിച്ചാൽ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നാണ് അയാൾ പറഞ്ഞിരുന്നത്.
മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവർക്ക് ധൈര്യം വരൂവെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയമകൻ കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ട അരുൺ മൂത്തമകനെ വിളിച്ചുണർത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാൻ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുൺ. പേടിയോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്.’’ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരോട് യുവതി പറഞ്ഞു. ബിടെക് ബിരുദധാരിയായ യുവതി പഠനത്തിൽ സമർത്ഥയായിരുന്നു.
മൂർഖൻ അരുൺ
ഏഴുകേസുകളിൽ പ്രതി
ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ പിടിയിലായ മൂർഖൻ അരുണെന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് തലസ്ഥാനത്ത് കൊലപാതകമുൾപ്പെടെ ഏഴുകേസുകളിൽ പ്രതിയാണ്. സിവിൽ എൻജിനീയറിംഗ് ബിരുദധാരിയായ ഇയാൾ തലസ്ഥാനത്ത് നാലു പൊലീസ് സ്റ്റേഷനുകളിലായി 7 കേസുകളിൽ പ്രതിയാണ്. ഒട്ടേറെ ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്.
സുഹൃത്ത് വിജയരാഘവനെ 2008ൽ ജഗതിയിൽ ബീയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ് . 2007ൽ നന്തൻകോടുള്ള ഫ്ലാറ്റ് ആക്രമിച്ച് താമസക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ റിമാൻഡിൽ കഴിഞ്ഞു. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയതാണ് അരുൺ. ഫാഷൻ ഡിസൈനറായ യുവതിയെ ഇയാൾ വിവാഹം ചെയ്തെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞു. പിതാവ് സർവ്വീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചെങ്കിലും അരുൺ അത് വേണ്ടെന്ന് വച്ചു. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു താൽപ്പര്യം. ഈ ചങ്ങാത്തമാണ് അരുണിനെ നഗരത്തിലെ മിക്ക ക്രിമിനൽ സംഘങ്ങളുമായും അടുപ്പിച്ചത്.
ലഹരി പിടിച്ചാൽ മുൻപിൻ നോക്കാതെ മൃഗീയമായി പെരുമാറുന്ന പ്രകൃതക്കാരനാണ് ഇയാൾ. സ്ത്രീകളോടും കുട്ടികളോടും മനുഷ്യത്വമില്ലാത്ത പെരുമാറ്റം. വാഹനത്തിൽ മദ്യവും ലഹരിയും ആയുധവും കരുതിയുള്ള യാത്രകൾ. ഒരിക്കൽ പിടിയിലായി പുറത്തിറങ്ങിയാൽ ഒതുങ്ങി ജീവിക്കുന്ന പ്രതീതി സൃഷ്ടിച്ച ശേഷം വീണ്ടും കുറ്റകൃത്യത്തിലേർപ്പെടുന്നതാണ് അരുണിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.