കോട്ടയം: തൊടുപുഴയിൽ ഏഴ് വയസുകാരനോട് അമ്മയുടെ കാമുകൻ കാട്ടിയത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്തെത്തി. ഏഴ് വയസുകാരനെ പ്രതി അരുൺ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും എതിർക്കുമ്പോഴെല്ലാം മർദ്ദിക്കുമായിരുന്നുവെന്നുമുള്ള വാർത്ത പുറത്ത് വന്നിരുന്നു.
കുട്ടിയുടെ അമ്മയ്ക്കെതിരെ ദീപ നിശാന്ത് ശക്തമായി പ്രതികരിച്ചു. ആ കുട്ടികളെ ഇത്ര ദാരുണമായി മർദ്ദിച്ചിട്ടും അയാൾക്കെതിരെ പറയാതെ, കള്ളം പറഞ്ഞ് അയാളെ സംരക്ഷിക്കാൻ ശ്രമിച്ച അവർ എന്ത് ന്യായീകരണമാണ് അർഹിക്കുന്നത്?. ദീപ ചോദിച്ചു. എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി,മക്കളെ 'ധൈര്യം വരുത്തൽ പരിശീലനത്തിനായി 'രാത്രികളിൽ വീട്ടിൽ തനിച്ചാക്കി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവിൽ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?. ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മർദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാർത്തയറിഞ്ഞപ്പോൾ ഉള്ളിൽ തെളിഞ്ഞ കുടുംബചിത്രത്തിൽ ഭർത്താവിന്റെ മരണശേഷം തീർത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുൻവിധിയാണുണ്ടായത് . അവർക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാൻ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല ,സഹായ വാഗ്ദാനം നടത്തി പറ്റിക്കൂടിയ ഒരു ചെകുത്താനെ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു കാണില്ല . ഇതൊക്കെയായിരുന്നു ഉള്ളിലുയർന്ന ചിത്രം
അല്ലാതെ ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് കണ്ടു നിൽക്കാനാകുക?
ഇപ്പോ കേൾക്കുന്നു.
ആ സ്ത്രീ സ്കൂൾ വിദ്യാഭ്യാസം ഏറ്റവും ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയവളാണ്.
ബി ടെക് ബിരുദധാരിണിയാണ്.
സാമ്പത്തിക സുസ്ഥിരതയുള്ള സ്ത്രീയാണ്.
അവരാണ് ഇത്രനാളും സ്വന്തം കുഞ്ഞുങ്ങൾക്കു മേലുള്ള ഈ മൃഗീയമർദ്ദനം അനുവദിച്ചു കൊടുത്തത്.
എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി,
മക്കളെ 'ധൈര്യം വരുത്തൽ പരിശീലനത്തിനായി 'രാത്രികളിൽ വീട്ടിൽ തനിച്ചാക്കി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവിൽ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?
ആ കുട്ടികളെ ഇത്ര ദാരുണമായി മർദ്ദിച്ചിട്ടും അയാൾക്കെതിരെ പറയാതെ, കള്ളം പറഞ്ഞ് അയാളെ സംരക്ഷിക്കാൻ ശ്രമിച്ച അവർ എന്ത് ന്യായീകരണമാണ് അർഹിക്കുന്നത്?
സ്കൂളിലെ ടീച്ചർമാരോട്, 'അച്ഛ മരിച്ചു' എന്ന് ദയനീയമായി പിറുപിറുക്കുന്ന ആ കുട്ടിയെ കൺമുമ്പിൽ കാണുന്നു.
ഇങ്ങനെ എത്ര കുട്ടികളുണ്ടാകും.
തൊട്ടയൽപക്കത്തെ നിലവിളികളോട് ഇനിയും നിസ്സംഗത പുലർത്തിക്കൂടാ.
വീടിനു പുറത്തെ നിലവിളികൾക്കു മാത്രമല്ല, വീട്ടിനകത്തെ നിലവിളികൾക്കും നാം കാതു കൂർപ്പിക്കണം.
കുഞ്ഞേ ...പൊറുക്കുക!