shashi-taroor

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ യു.‌ഡി. എഫ് സ്ഥാനാർത്ഥി ശശി തരൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം മത്സ്യ മാർക്കറ്റിൽ പോയ ശേഷം ട്വിറ്ററിൽ കുറിച്ച squeamish എന്ന ഇംഗ്ലീഷ് വാക്കിൽ സി. പി. എമ്മും ബി. ജെ. പിയും കയറി കൊത്തി വിവാദമാക്കി. മീൻ മാർക്കറ്റിൽ വോട്ട് ചോദിക്കുന്ന ചിത്രങ്ങൾക്കൊപ്പം സ്വതസിദ്ധമായ ആലങ്കാരിക ഭാഷയിൽ അദ്ദേഹം കുറിച്ച വാക്കാണ് വിവാദമായത്. “Found a lot of enthusiasm at the fish market, even for a squeamish, vegetarian MP,”

എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതിലെ squeamish എന്ന വാക്കിന് ശശി തരൂർ ഉപയോഗിച്ചിരിക്കുന്ന സന്ദർഭത്തിൽ ഓക്കാനമുണ്ടാക്കുന്ന, മനംപുരട്ടലുണ്ടാക്കുന്ന എന്നൊക്കെയാണ് അർത്ഥം വരിക. മീൻമണം മനംപുരട്ടലുണ്ടാക്കുന്ന സസ്യഭുക്കായ ഒരു എം. പിക്ക് പോലും മത്സ്യ മാർക്കറ്റിൽ വലിയ ഉത്സാഹം കാണാനായി എന്നാണ് ശശി തരൂർ സ്വയം കളിയാക്കുന്നതു പോലെ ലാഘവത്വത്തോടെ കുറിച്ചത്.
എന്നാൽ മനംപുരട്ടലുണ്ടാക്കുന്ന എന്ന പ്രയോഗം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണെന്ന് സി. പി. എമ്മും ബി. ജെ. പിയും ആരോപിച്ചു.തരൂർ മാപ്പ് പറയണമെന്നും ആവശ്യമുയർന്നു.

അതിന് മറുപടിയായി, എന്റെ ഇംഗ്ലീഷ് മനസിലാകാത്ത മലയാളി ഇടത് രാഷ്‌ട്രീയക്കാർക്ക് വേണ്ടി എന്ന കുറിപ്പോടെ squeamishly എന്ന വാക്കിന് ഒരു
ഓൺലൈൻ നിഘണ്ടുവിലെ അർത്ഥം തരൂർ ട്വീറ്റ് ചെയ്‌തതും വിവാദമായി. മലയാളികളെ മൊത്തം ആക്ഷേപിച്ചു എന്നായിരുന്നു അപ്പോഴത്തെ ആരോപണം.

അതിനും തരൂർ ട്വിറ്ററിൽ മറുപടി നൽകി - ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം ശരിയായി മനസിലാക്കാത്തതിന് ഒരു ഉദാഹരണം സഹിതം. Order Delivered എന്ന വാക്കുകൾ 'കൽപ്പന പ്രസവിച്ചു' എന്ന് മലയാളത്തിലാക്കിയതാണ് തരൂർ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ വിജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ചത് മത്സ്യത്തൊഴിലാളി സമൂഹമായിരുന്നു. അവരെ തരൂർ അപമാനിച്ചു എന്ന് വരുത്താനുള്ള രാഷ്‌ട്രീയക്കളിയാണ് വിവാദത്തിന് പിന്നിലെന്ന് യു. ഡി. എഫ് ആരോപിച്ചു.