ശത്രു റഡാറുകൾ കണ്ടെത്തും
ഉപഗ്രഹ വിക്ഷേപണം കാണാൻ ജനങ്ങൾക്ക് അനുമതി ആദ്യം
ന്യൂഡൽഹി: എ-സാറ്റ് മിസൈൽ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സർജിക്കൽ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റ് ഇന്ത്യ നാളെ വിക്ഷേപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം പ്രവർത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹമാണ് എമിസാറ്റ്.
പിഎസ്.എൽ.വി സി - 45 റോക്കറ്റിലാണ് എമിസാറ്റടക്കം 29 ഉപഗ്രഹങ്ങളെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുക. അമേരിക്കയിൽ നിന്ന് 20ഉം ലിത്വാനിയയിൽ നിന്ന് രണ്ടും സ്വിറ്റ്സർലൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്ന് ഒാരോ ഉപഗ്രഹങ്ങളുമാണ് ഇവയിൽ ഉൾപ്പെടുന്നു.
മൂന്ന് വ്യത്യസ്‌ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ ഒരു പ്രത്യേകത. റോക്കറ്റിന്റെ നാലാം ഘട്ടം ആഴ്ചകളോളം നശിക്കാതെ ഒരു പരീക്ഷണ ശാലയായി ഭ്രമണപഥത്തിൽ കറങ്ങും. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം.
എമിസാറ്റ്
ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഐ.എസ്.ആർ.ഒയും സംയുക്തമായാണ് എമിസാറ്റ് നിർമ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്.
അവരുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകൾ പോലുള്ള ആയുധങ്ങളുടെയും സിഗ്നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികൾ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങൾക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ കഴിയില്ല.
പൊതുജനങ്ങൾക്ക് ഉപഗ്രഹവിക്ഷേപണം കാണാൻ അവസരമുണ്ടെന്ന പ്രത്യേകതയും
ഇത്തവണയുണ്ട്. ഐസ്.എസ്.ആർ.ഒയുടെ ചരിത്രത്തിലാദ്യമായാണ് പൊതുജനങ്ങൾക്ക് വിക്ഷേപണ ദൃശ്യം കാണാൻ അവസരം നൽകുന്നത്.
ശ്രീഹരിക്കോട്ടയിൽനിന്നുള്ള 71-ാമത് വിക്ഷേപണം
പി.എസ്.എൽവിയുടെ 47-ാം ദൗത്യം
പി.എസ്.എൽവി സി-45 : 320 ടൺ ഭാരം, 44 മീറ്റർ നീളം
എമിസാറ്റിനെ എത്തിക്കുന്നത് 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ