മോഹൻലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ മോഹൻലാലിന്റെ ഒരു മാസ് ചിത്രമായാണ് ലൂസിഫറെ ആരാധകർ വിലയിരുത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ രംഗത്തെത്തിയിരുന്നു.
'ലൂസിഫർ മലയാളത്തിലെ ഒരു മാസ് സിനിമയാണ്. മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും അഭിനന്ദനങ്ങൾ'. പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതേതുടർന്ന് നന്ദി അറിയിച്ച് പൃഥ്വിരാജും മുരളി ഗോപിയും രംഗത്തെത്തി. 'ഇതൊരു അവാർഡിന് തുല്യമാണ്, ഞാനൊരു സംവിധായകനാവാനുള്ള കാരണക്കാരിലൊരാൾ നിങ്ങളാണ്'. പൃഥ്വിരാജ് മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും പ്രിയദർശന്റെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ചു. 'മാസ് സിനിമകളുടെ അതികായനിൽ നിന്നുള്ള പ്രശംസ ലൂസിഫറിന് ലഭിച്ച മഹത്തായ വിലയിരുത്തലാണ്. താങ്കളുടെ അഭിനന്ദനത്തിന് നന്ദി'. മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന്റെ രചന നിർവഹിച്ചത് മുരളിഗോപിയാണ്. കാമറ: സുജിത് വാസുദേവ്. വിവേക് ഒബ്രോയ് , ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, ജോൺ വിജയ്, സുരേഷ്ചന്ദ്രമേനോൻ, മഞ്ജുവാര്യർ, സാനിയ ഇയ്യപ്പൻ, ഷോൺ റോമി തുടങ്ങിയവരും ചിത്രത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.