തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവർക്കായി കനറാ ബാങ്ക് നടപ്പാക്കുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പദ്ധതിയുടെ പുതിയ ബാച്ചുകൾക്ക് തുടക്കമായി. കനറാ ബാങ്ക് ഇൻസ്‌റ്രിറ്ര്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (സി.ബി.ഐ.ഐ.ടി) 96, 97 ബാച്ചുകളുടെ ഉദ്ഘാടനം കനറാ ബാങ്ക് സർക്കിൾ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ഡയറക്‌ടർ എസ്. ഹരികിഷോർ നിർവഹിച്ചു.
കനറാ എച്ച്.എസ്.ബി.സി ഒ.ബി.സി (ട്രെയിനിംഗ്) ഏരിയ മാനേജർ ജി. രമേഷ് കഴിഞ്ഞ ബാച്ചിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. കനറാ ബാങ്ക് ജനറൽ മാനേജർ ജി.കെ. മായ, ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. സന്തോഷ് കുമാർ, ഇൻസ്‌റ്രിറ്റ്യൂട്ട് ഡയറക്‌ടർ എസ്. മഹാദേവൻ എന്നിവർ സംബന്ധിച്ചു. 2001 മുതലാണ് കനറാ ബാങ്ക് ഇൻസ്‌റ്രിറ്റ്യൂട്ട് തിരുവനന്തപുരത്ത് സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചത്. ഇതിനകം 4,200 പേർ പരിശീലനം നേടി. അവരിൽ 94 ശതമാനം പേർക്കും വിവിധ കമ്പനികളിൽ ജോലി ലഭിച്ചു.