തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻചാണ്ടി, നാളെ താന്‍ ആന്ധ്രയിലേക്ക് പുറപ്പെടും മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
രാഹുൽ ഗാന്ധിയുടെ തീരുമാനം നാളെയുണ്ടാകുമെന്ന് ടി.സിദ്ധിഖും അറിയിച്ചു. രാഹുൽ വരുമെന്ന് ശുഭപ്രതീക്ഷയിലാണ്. രാഹുലിന്റെ വിശ്വസ്ത പ്രചാരകനായി മുന്നോട്ടു പോകുമെന്നും ഇത്രയും ദിവസത്തെ അനിശ്ചിതാവസ്ഥ തന്നെ അലോസരപ്പെടുത്തിയില്ലെന്നും ടി.സിദ്ധിഖ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തീരുമാനം വൈകുന്നതിലുള്ള ആശങ്ക നാളെ ഉമ്മൻചാണ്ടിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിമേന്ത്യയിൽ മത്സരിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ആന്ധ്രയിലെ വിജയവാഡയിൽ എത്തുന്നുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കർണാടകത്തിലെ റാലിയിലും വൈകിട്ട് രാഹുൽഗാന്ധി പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിന് മുമ്പ് രണ്ടാംമണ്ഡലം കേരളമോ കർണാടകമോയെന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.