ശ്രീനഗർ: പുൽവാമയിൽ സി.ആർ.പി.എഫ് പോസ്റ്റിനുനേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ജവാന് പരിക്കേറ്റു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) ബ്രാഞ്ചിന് സമീപത്തെ സി.ആർ.പി.എഫ് പോസ്റ്റിനു നേരെ ഇന്നലെ വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാസേന എത്തിയിട്ടുണ്ട്. പ്രദേശം വളഞ്ഞ സുരക്ഷാസൈന്യം ഭീകരർക്കുവേണ്ടി തെരച്ചിൽ നടത്തുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. രംബാൻ ജില്ലയിലെ ബനിഹലിൽ സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പുൽവാമയിൽ ഗ്രനേഡ് ആക്രമണമുണ്ടായത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേർക്ക് നടന്ന കാർബോംബ് സ്ഫോടനത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
കാശ്മീരിലെ മിക്ക അതിർത്തി പ്രദേശങ്ങളിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്. പലയിടങ്ങളിലും ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം, ജമ്മുവിലെ ബാരാമുള്ളയിൽ നടന്ന ഭീകരാക്രമണത്തിൽ നാട്ടുകാരൻ കൊല്ലപ്പെട്ടു. ബാരമുള്ളയിലെ മെയിൻ ചൗക്കിലാണ് സംഭവം.