5g

ബെയ്‌ജിംഗ്: ലോകത്ത് ആദ്യമായി 5ജി കവറേജും ബ്രോഡ്‌ബാൻഡ് ജിഗാബിറ്ര് നെറ്ര്‌വർക്ക് സേവനവും ലഭ്യമാക്കുന്ന നഗരമെന്ന പട്ടം ചൈനയിലെ ഷാങ്‌ഹായിക്ക് സ്വന്തം. ടെലികോം രംഗത്തെ നിലവിലെ ട്രെൻഡായ 4ജി എൽ.ടി.ഇയേക്കാൾ പത്തുമുതൽ 100 മടങ്ങുവരെ ഡൗൺലോഡ് സ്‌പീഡാണ് 5ജിയ്ക്കുള്ളത്. ഇന്നലെയാണ് ചൈനയിലെ ഔദ്യോഗിക ടെലികോം കമ്പനിയായ ചൈന മൊബൈൽ 5ജിയുടെ പരീക്ഷണ സേവനത്തിന് തുടക്കമിട്ടത്.

ലോകത്തെ ആദ്യ 5ജി സൗകര്യമുള്ള സ്‌മാർട്‌ഫോണായ ഹുവാവേ മേറ്ര് എക്‌സ് ഉപയോഗിച്ച്, 5ജി വീഡിയോ കാൾ നടത്തി ഷാങ്‌ഹായ് ഡെപ്യൂട്ടി മേയർ വൂ ഷിൻഗാണ് പരീക്ഷണം ഉദ്ഘാടനം ചെയ്‌തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്‌ഠിത ഫോൾഡബിൾ ഫോണാണിത്. പരീക്ഷണകാലം കഴിയുന്നതോടെ, നിലവിലെ സിം അപ്‌ഗ്രേഡ് ചെയ്യാതെ തന്നെ ഉപഭോക്താക്കൾക്ക് 5ജി സേവനം ആസ്വദിക്കാനാകുമെന്ന് ചൈന മൊബൈൽ കമ്പനി അധികൃതർ പറഞ്ഞു. ടിബറ്റ് അടക്കമുള്ള മറ്ര് നഗരങ്ങളിലേക്കും വൈകാതെ 5ജി സേവനം വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.