ഗാന്ധിനഗർ: ദീർഘനാളത്തെ വഴക്കിന് വിരാമമിട്ട് മോദിയ്ക്ക് പ്രശംസയും പ്രതിപക്ഷത്തിന് വിമർശനവുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ. തങ്ങൾക്ക് നേതാവായി മോദിയുണ്ടെന്ന് പറഞ്ഞ ഉദ്ദവ്, പ്രതിപക്ഷത്തെ 'നേതാവില്ലാത്ത കൂട്ട" മെന്നാണ് വിശേഷിപ്പിച്ചത്.
''ബി.ജെ.പിയ്ക്കും ശിവസേനയ്ക്കും പരസ്പരം വ്യത്യാസങ്ങളുണ്ട്. പക്ഷേ അതെല്ലാം തരണം ചെയ്തു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. ഹിന്ദുത്വവും ദേശീയതയും രണ്ടുപാർട്ടികളുടെയും ആശയമാണ്. "-ഗുജറാത്തിലെ ഗാന്ധിനഗറിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയിൽ പങ്കെടുത്ത് ഉദ്ദവ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രൂക്ഷ വിമർശകരായിരുന്നു ശിവസേന. ഇത്തവണ ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കില്ല എന്നാണ് നേരത്തെ ശിവസേന നിലപാട് എടുത്തിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ശിവസേന നിലപാട് മാറ്റുകയായിരുന്നു.