തിരുവനന്തപുരം: സംശുദ്ധമായ കുത്താംപുള്ളി സാരികൾ ഹാന്റക്‌സ് വിപണിയിലെത്തിക്കുന്നു. ആകർഷകമായ നിറങ്ങളും പരമ്പരാഗത കുത്താംപുള്ളി ഡിസൈനും കോർത്തിണക്കി ഉന്നത ഗുണനിലവാരം ഉറപ്പാക്കിയാണ് സാരികൾ അവതരിപ്പിക്കുക. ആദ്യവർഷം 5,000 പ്രീമിയം കുത്താംപുള്ളി സാരികൾ വിപണിയിലെത്തിക്കും. 100ലേറെ വ്യത്യസ്‌ത ഡിസൈനുകളിൽ ഷോറൂമിലെത്തുന്ന സാരികൾക്ക് വില 2,800 രൂപ മുതൽ 3,000 രൂപവരെയാണ്.
തുടക്കത്തിൽ ഹാന്റക്‌സിന്റെ മേജർ ഷോറൂമുകളിലായിരിക്കും വില്‌പന. ഈവർഷം ഓണത്തോടെ ഹാന്റ്ക്‌സിന്റെ 93 ഷോറൂമുകളിലും കുത്താംപുള്ളി സാരികൾ വില്‌പനയ്‌ക്കെത്തും. തൃശൂരിലെ തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ ഒരു പരമ്പരാഗത നെയ്‌ത്ത് കേന്ദ്രമാണ് കുത്താംപുള്ളി ഗ്രാമം. മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കുടിയേറിപ്പാർത്ത ദേവാംഗ ചെട്ടിയാർ സമുദായമാണ് ഇവിടെ തലമുറകളായി നെയ്‌ത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ ഏറ്റവും പ്രശസ്‌തമായ കൈത്തറി ഉത്‌പന്നമാണ് കുത്താംപുള്ളി സാരികൾ.
സാരിയിലെ ബോർഡറിന്റെ വ്യത്യസ്‌തതകൊണ്ടും ജക്കാർഡ്, ജാല എന്നീ ഡിസൈനിംഗ് വിദ്യ ഉപയോഗിച്ചുള്ള മുന്താണികൊണ്ടും വിപണിയിലെ മറ്ര് സാരികളിൽ നിന്ന് ഏറെ ആകർഷകവും വ്യത്യസ്‌തവുമാണ് കുത്താംപുള്ളി സാരികൾ. ബൗദ്ധിക സ്വത്തവകാശം, ഭൗമശാസ്‌ത്ര സൂചിക (ജി.ഐ) എന്നിവ കുത്താംപുള്ളി സാരികൾക്ക് ലഭിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് എല്ലാ അവസരങ്ങളിലും ഉപയോഗിക്കാനാവുന്ന സാരികളാണിവ.