ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതക കേസുകൾക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(ബി) (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്.
അറസ്റ്റിലായ ഓയൂർ ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), മാതാവ് ഗീതാലാൽ (55) എന്നിവരുടെ അടുത്ത ചില ബന്ധുക്കൾക്കും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. അടുത്ത ഘട്ടത്തിൽ ഇവരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ചിലപ്പോഴൊക്കെ അവൾ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചിൽ കേൾക്കില്ല. അതിന്റെ വായിൽ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങൾ നാട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവർ ഞങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങൾ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന തരത്തിൽ. ഒരു ദിവസം അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഒാടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തുഷാരയെ പലപ്പോഴും മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും പൊലീസിൽ 27 തവണ പരാതി നൽകിയിരുന്നുവെന്നും അയൽക്കാർ പറഞ്ഞു.
കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകൾ തുഷാരയാണ് (27) മരിച്ചത്. 2013 ലാണ് ചന്തുലാലും തുഷാരയും വിവാഹിതരായത്. കഴിഞ്ഞ മാർച്ച് 21 അർദ്ധ രാത്രിയോടെയാണ് ചന്തുലാലും ഗീതാലാലും അവശ നിലയിൽ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംംഭവിച്ചിരുന്നു, മർദ്ദനത്തെ തുടർന്നുണ്ടാകാൻ സാദ്ധ്യതയുള്ള തിണർപ്പുകൾ ശരീരത്തിൽ കണ്ടതോടെ ജില്ലാ ആശുപത്രി അധികൃതർ കൊല്ലം ഈസ്റ്ര് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോസ്റ്ര് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊല്ലം ഈസ്റ്ര് പൊലീസ് ഫയൽ പൂയപ്പള്ളി പൊലീസിന് കൈമാറി. പോസ്റ്ര്മോർട്ടം സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനിടെ തുഷാരയുടെ ബന്ധുക്കളും പൊലീസ് കണ്ടെത്തൽ ശരിവയ്ക്കുന്ന വിവരങ്ങളാണ് പങ്കുവച്ചത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ദിൻരാജ് പറഞ്ഞു.
മന്ത്രവാദവും ആഭിചാരക്രിയകളും ചന്തുലാലിന്റെ മാതാവ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതലായി പറയുന്നത്: 2013ലായിരുന്നു ഇവരുടെ വിവാഹം. മൂന്ന് മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വർഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാൻ ബന്ധുക്കൾ എത്തിയാൽപോലും മടക്കി അയയ്ക്കും. അവർ വന്നതിന്റെ പേരിൽ തുഷാരയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. കുട്ടികളെ കാണാൻ തുഷാരയുടെ ബന്ധുക്കളെ അനുവദിച്ചതുമില്ല. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചപ്പോൾ കാണാനെത്തിയ തുഷാരയുടെ ബന്ധുക്കളെ ചന്തുലാലും മാതാവും തടഞ്ഞ സംഭവം പരാതിയായതിനെ തുടർന്ന് കൊല്ലം ഈസ്റ്ര് പൊലീസ് ഇടപെട്ടിരുന്നു.
തകരഷീറ്റ് വച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതലാൽ വീടിന് മുന്നിൽ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. പലപ്പോഴും വീട്ടിൽനിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഇരുവരേയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മന്ത്രവാദവുമായി മരണത്തിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം അന്വേഷിക്കും. കൊല്ലം റൂറൽ എസ്.പി കെ.ജെ.സൈമണിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി.ദിനരാജ്, പൂയപ്പളളി സി.ഐ. എസ്.ബി പ്രവീൺ, എസ്.ഐ.ശ്രീകുമാർ, എ.എസ്.ഐ.പ്രദീപ്, എസ്.സി.പി.ഒ ഷിബു എന്നിവർക്കാണ് അന്വേഷണ ചുമതല.