ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലങ്ങൾ.രാജ്യത്തെ 115 പിന്നാക്ക ജില്ലകളിലായുള്ള 123 ലോക്‌സഭാ സീറ്റുകളിൽ 90 എണ്ണത്തിൽ കോൺഗ്രസിന് വിജയം നേടാൻ ന്യായ് പദ്ധതി സഹായിക്കുമെന്നാണ് സർവേയിൽ കണ്ടെത്തിയത്.
2014ൽ കോൺഗ്രസ് നേടിയ സീറ്റുകളുടെ മൂന്നിരട്ടി സീറ്റുകൾ നേടാൻ പദ്ധതി സഹായിക്കും. രാജ്യത്തെ 5 കോടി നിർദ്ധന കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ വീതം നല്‍കുന്ന 'ന്യായ്' പദ്ധതി ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടു വച്ച, കുറഞ്ഞ വരുമാന പദ്ധതിയായ ന്യായ് രാജ്യത്തെ 20 ശതമാനത്തോളം നിർദ്ധന കുടുംബങ്ങൾക്ക് ഗുണം നൽകുമെന്ന് രാഹുൽ അറിയിച്ചു. പ്രതിവർഷം 72,000 രൂപ പാവപ്പെട്ടവർക്ക് നൽകുമെന്നാണ് പ്രഖ്യാപനം. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി. സർക്കാരിന് ഇതിനുളള തുക കണ്ടെത്താൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നീതി ആയോഗ് കഴിഞ്ഞ വർഷം രാജ്യത്തെ പിന്നാക്ക ജില്ലകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ജില്ലകളിൽ കോൺഗ്രസിന് ന്യായ് പദ്ധതി വഴി സീറ്റുകൾ നേടാൻ കഴിയുമെന്നാണ് സർവേ പറയുന്നത്.