തിരുവനന്തപുരം: തൊടുപുഴയിൽ ക്രൂരമായി മർദ്ദനമേറ്റ ഏഴു വയസുകാരന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ. മരണത്തിലെ ദൂരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്ത് വർഷം മുമ്പാണ് യുവതിയുമായി ഇയാൾ വിവാഹിതനായത്. കഴിഞ്ഞ മേയിൽ മരണപ്പെട്ട ഇയാളെ ഹൃദയാഘാതമെന്ന് പറഞ്ഞ് ദഹിപ്പിക്കുകയായിരുന്നു.
വിവാഹ സമയത്ത് സിഡിറ്റിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിങ് കോളജിൽനിന്നാണ് ബിടെക് കരസ്ഥമാക്കിയത്. എന്നാൽ കുട്ടിയെ പീഡിപ്പിച്ച പ്രതി അരുണിന് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുത്ത് ഗുണ്ടയുമായി ചേർന്നു മണൽകടത്ത് തുടങ്ങിയ അരുൺ അമ്മയെ ഭീഷണിപ്പെടുത്തി നന്തൻകോട് ഉണ്ടായിരുന്ന ഫ്ലാറ്റ് എഴുതി വാങ്ങിയിരുന്നു. പിന്നീട് അവിടെയായി താമസം.
അരുൺ വീട്ടിൽ വച്ച് മദ്യപിക്കാറും ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നു. അരുണിന് കടം കൊടുത്ത 4000 രൂപയുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവുമായി തർക്കം ഉണ്ടായിരുന്നു. ഇതിന് ശേഷം അരുണിനെ മണക്കാട് ഉള്ള വീട്ടിൽ ഇയാൾ കയറ്റിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം കുട്ടിയുടെ പിതാവ് മരിച്ചതിന് ശേഷമാണ് അരുൺ അവിടെയെത്തിയത്. തുടർന്ന് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
യുവാവിന്റെ അപ്രതീക്ഷിത മരണവും അന്ന് വന്നതിന് ശേഷം അരുൺ യുവതിയുടെ പെട്ടെന്ന് അടുത്തതുമാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്. അത് ഇപ്പോൾ ശക്തമായിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം ദഹിപ്പിച്ചതിനാൽ യുവതിയേയും അരുണിനെയും ചോദ്യം ചെയ്താലെ മരണത്തെക്കുറിച്ച് സൂചനകൾ ലഭിക്കു. പരാതി ഉയർന്നതിനാൽ അന്വേഷണം ഊർജിതപ്പെടുത്താണ് പൊലീസിന്റെ തീരുമാനം.