കൊൽക്കത്ത : ഇന്നലെ നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ വിജയിയെ നിശ്ചയിച്ചത് സൂപ്പർ ഒാവർ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഒാവറിൽ 185/8 എന്ന സ്കോറിലെത്തിയപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി 185/6 ലെത്തിയതാണ് സൂപ്പർ ഒാവറിന് വഴി വച്ചത്. സൂപ്പർ ഒാവറിൽ ഡൽഹി ഒരുവിക്കറ്റ് നഷ്ടത്തിൽ 10 റൺസ് നേടിയപ്പോൾ കൊൽക്കത്തയ്ക്ക് ഒരുവിക്കറ്റ് നഷ്ടത്തിൽ ആറ് റൺസേ നേടാനായുള്ളൂ. റബാദയാണ് ഡൽഹിക്ക് വേണ്ടി സൂപ്പർ ഒാവർ എറിഞ്ഞത്.
ഒറ്റ റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും യുവതാരം പൃത്ഥി ഷായുടെ ബാറ്റിംഗ് മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തുല്യ സ്കോറിലെത്തിയത്. 55 പന്തുകളിൽ 12 ഫോറും 3 സിക്സുമടക്കം 99 റൺസെടുത്ത ഷാ 19-ാം ഒാവറിലാണ് പുറത്തായത്. നായകൻ ശ്രേയസ് അയ്യർ 32പന്തുകളിൽ 43 റൺസടിച്ച് ഡൽഹിക്ക് കരുത്തായി.എന്നാൽ ഷാ പുറത്തായ ശേഷം അവസാന ഒാവറിൽ ഹനുമ വിഹാരിയും കോളിൻ ഇൻഗ്രാമും ഒൗട്ടായതാണ് ഡൽഹിക്ക് വിനയായത്.
ബാറ്റിംഗ് തകർച്ചയെ നേരിട്ട കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 185/8 എന്ന സ്കോറിലെത്തിച്ചത് ആന്ദ്രേ റസലിന്റെ പടയോട്ടമാണ്. 28 പന്തുകളിൽ നാലുഫോറും ആറു സിക്സുമടക്കം 62 റൺസടിച്ച റസലും 36 പന്തുകളിൽ 5ഫോറും 2 സിക്സുമടക്കം 50 റൺസടിച്ച നായകൻ ദിനേഷ് കാർത്തിക്കും ചേർന്നാണ് 61/5 എന്ന നിലയിൽ നിന്ന് കൊൽക്കത്തയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ പത്തോവറിനുള്ളിൽ നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. നാലാം ഓവറിൽ നിഖിൽ നായ്ക്കിനെ (7) പുറത്താക്കി നേപ്പാളി താരം സന്ദീപ് ലാമിചാനെയാണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് റബാദയും ഹർഷൽ പട്ടേലും ചേർന്ന് ബൗളിംഗിന്റെ മൂർച്ച കൂട്ടി. ആറാം ഓവറിൽ ഹർഷൽ ഉത്തപ്പയെ (11) എൽ.ബിയിലൂടെ കൂടാരം കയറ്റിയപ്പോൾ തൊട്ടടുത്ത ഓവറിൽ റബാദ ക്രിസ് ലിന്നിനെ (20) മടക്കി അയച്ചു. എട്ടാം ഓവറിൽ ഹർഷൽ നിതീഷ് റാണയ്ക്കും (1) മടക്ക ടിക്കറ്റ് നൽകി. ഇതോടെ കൊൽക്കത്ത 44/4 എന്ന നിലയിലായി. പത്താം ഓവറിന്റെ ആദ്യ പന്തിൽ ശുഭ്മാൻ ഗിൽ (4) റൺ ഔട്ടായി.