തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി രംഗത്തിറങ്ങിയതോടെ ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നേരിടേണ്ടി വന്നത്. കിഴക്കൻ യു.പിയുടെ ചുമതലയുളള പ്രിയങ്ക ഗാന്ധി പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഗംഗാ യാത്രയും അയോദ്ധ്യ റാലിയുമെല്ലാം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. എന്തായാലും ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രചാരണം നടത്തുന്ന പ്രിയങ്ക ഗാന്ധിക്കെതിരെയുള്ള വ്യാജപ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
കറുത്ത നിറമുള്ള കുരിശ് ധരിച്ചുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രിയങ്ക ഗാന്ധി ഹിന്ദുവാണെന്ന് നടിക്കുകയാണെന്നും എന്നാൽ കുരിശ് കഴുത്തിലിട്ട് നടക്കുകയാണ് എന്നുമാണ് പ്രചാരണം. : ''ജനോധരി ദത്താത്രേയ ബ്രാഹ്മണൻ ആയ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക മംഗൾസൂത്രക്ക് പകരം കുരിശ് കഴുത്തിലണിഞ്ഞിരിക്കുന്നു. ഗംഗയുടെ മകളാണെന്നാണ് ഇവരുടെ അവകാശവാദം.'' ഒന്നാം നമ്പർ വ്യാജ കുടുംബം എന്നാണ് ഗാന്ധി കുടുംബത്തെ ഈ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. നിരവധി പേരാണീ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
जनेऊधारी दत्तात्रेय ब्राह्मण की जनेऊधारी बहन के गले मे मंगलसूत्र की जगह क्रॉस लटका हुआ है, और बोलती है मे गंगा की बेटी हूं, एक नम्बर की फर्जी चोरी करके बेल पे रहने वाली फैमिली!@priyankagandhi pic.twitter.com/jfXIHrXJZj
— विиαу शुкℓα (@iVinayShukla_) March 29, 2019
എന്നാൽ ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാദപ്രചാരണം കൊഴുക്കുന്നത്.
2017ൽ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് റായ്ബറേലിയിൽ നിന്ന് പകർത്തിയ ചിത്രമാണിത്. ഗെറ്റി ഇമേജസിന് വേണ്ടി സഞ്ജയ് ഖനോജിയ എന്നയാളാണ് ചിത്രം പകർത്തിയത്. യഥാർഥ ചിത്രത്തിൽ വെള്ളിനിറത്തിലുള്ള ലോക്കറ്റാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്
. ഈ ചിത്രത്തിനൊപ്പം കുരിശ് എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജപ്രചാരണം നടക്കുന്നത്.
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും ഹിന്ദുവായി അഭിനയിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പുകൾ പറയുന്നു. ബി.ജെ.പി അനുകൂല ഗ്രൂപ്പുകളിലടക്കം ചിത്രങ്ങളെത്തിയതോടെ പ്രിയങ്ക ഗാന്ധിക്കെതിരെ സൈബർ ആക്രമണവും തുടങ്ങി.