ഗാന്ധിനഗർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ആസ്തി ഏഴ് വർഷത്തിനിടെ മൂന്നിരട്ടി വർദ്ധിച്ചെന്ന് സത്യവാങ്മൂലം. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഗാന്ധിനഗറിൽ മത്സരിക്കുന്ന അമിത് ഷാ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ അമിത് ഷായ്ക്കും ഭാര്യക്കും കൂടി 38.81 കോടി രൂപയുടെ ആസ്തിയാണുള്ളത്.
2012 ൽ 11.79 കോടി ആസ്തിയുള്ള അമിത് ഷാ ഏഴ് വർഷം കൊണ്ട് മൂന്നിരട്ടി വർദ്ധിച്ച് 38.81 കോടി രൂപയിലെത്തി. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ അമിത് ഷായ്ക്കും ഭാര്യക്കും 27.80 ലക്ഷം രൂപ വിവിധ സേവിംഗ്സ് അക്കൗണ്ടുകളായും സ്ഥിര നിക്ഷേപമായി 9.80 ലക്ഷം രൂപയുണ്ടെന്നും വ്യക്തമാകുന്നു.
കാർഷികവൃത്തിയും വസ്തുവകകളിൽ നിന്നുള്ള വാടകകളിൽ നിന്നും രാജ്യസഭ എം.പി ശമ്പളത്തിൽ നിന്നുമാണ് അമിത് ഷായ്ക്ക് വരുമാനം ലഭിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പണമായി അദ്ദേഹത്തിന്റെ കെെയ്യിൽ 20,633 രൂപയും ഭാര്യയുടെ കെെവശം 72,578 രൂപയുമാണ് ഉള്ളത്. പശ്ചിമ ബംഗാളിലും ബിഹാറിലുമായി നാല് കേസുകളാണ് അമിത് ഷായ്ക്കെതിരെ നിലനിൽക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.