ന്യൂഡൽഹി: ചൗക്കീദാർ പ്രചാരണത്തിൽ നിന്ന് വീണ്ടും 'ചായക്കച്ചവടക്കാരനായി' പ്രധാനമന്ത്രി നരേന്ദ്രമോദി. തേയിലത്തോട്ടങ്ങളുടെ നാടായ അസമിലെ ദിബ്രുഗാർ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണതന്ത്രം മോദി പുറത്തെടുത്തത്. ഒരു ചായക്കടക്കാരന് മാത്രമേ മറ്റ് ചായക്കടക്കാരുടെ വേദന മനസിലാക്കാൻ സാധിക്കൂ എന്ന് മോദി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയിലും വളർച്ചയിലും താത്പര്യമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് നരേന്ദ്ര മോദി വിമർശിച്ചു..
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 തവണ സന്ദർശനം നടത്തിയ പ്രധാനമന്ത്രിയാണ് താൻ. മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല. കോൺഗ്രസ് അസാമിനെ അവഗണിക്കുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടി വർഷങ്ങൾ കഴിഞ്ഞിട്ടും 40 ശതമാനം വീടുകളിൽ മാത്രമേ വൈദ്യുതിയും ഗ്യാസ് കണക്ഷനും ഉണ്ടായിരുന്നുള്ളൂ. എന്നാൽ ബി.ജെ.പിയുടെ പ്രയത്‌നത്തിന്റെ ഫലമായി ഭൂരിഭാഗം വീടുകളിലും വൈദ്യുതിയും ഗ്യാസും എത്തിക്കാൻ സാധിച്ചു.
അസമിൽ ആയിക്കോട്ടെ പശ്ചിമബംഗാളിൽ ആയിക്കോട്ടെ തേയിലത്തൊഴിലാളി മുതൽ ചായക്കച്ചവടക്കാരനെ വരെ കോൺഗ്രസ് പരിഗണിച്ചിട്ടേയില്ല. അവർ ആരെയും പുരോഗമനത്തിലേക്ക് നയിച്ചിട്ടില്ലെന്ന് മോദി പറഞ്ഞു.തേയിലത്തൊഴിലാളികളുടെ കഷ്ടപ്പാട് ഒരു ചായക്കച്ചവടക്കാരന് മാത്രമേ മനസിലാകൂവെന്ന് മോദി പറഞ്ഞു.