തിമ്മക്കയ്ക്ക് മക്കൾ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനാണ്. കർണാടകയിൽ റോഡിനിരുവശത്തും പൊരിവെയിലത്ത് പച്ചപ്പന്തലൊരുക്കി നിൽക്കുന്ന ഒട്ടുമിക്ക മരങ്ങളും അവരുടെ മക്കളാണ്, തിമ്മക്കയാകട്ടെ അവർക്ക് പോറ്റമ്മയും. കുഞ്ഞുങ്ങൾക്ക് പകരം വൃക്ഷങ്ങളെ താലോലിച്ച ഒരമ്മ മനസ്. കർണാടക സ്വദേശി തിമ്മക്ക മാദ്ധ്യമങ്ങളിൽ നിറഞ്ഞത് വറ്റാത്ത വൃക്ഷസ്നേഹത്തിന്റെ പേരിലാണ്. പ്രകൃതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാൽ പരിസ്ഥിതിക്ക് വേണ്ടി ചെറുവിരൽ പോലുമനക്കുകയും ചെയ്യാത്ത ജനലക്ഷങ്ങൾക്കിടയിൽ ഒരൽപ്പം കളങ്കവുമില്ലാതെ, സ്നേഹം കൊണ്ട് തണൽ ഒരുക്കിയവർ.
ആ സമർപ്പണത്തിനുള്ള ആദരമെന്നോണം രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. ഇന്ന് ആ പേര് പ്രകാശിക്കുന്നത് പത്മശ്രീ സുലമരദ തിമ്മക്ക എന്ന പേരിലാണ്. തിമ്മക്ക ചരിത്രമാകുന്നത് വരുംതലമുറയ്ക്ക് ഏറെ പ്രചോദനമാകുന്ന ഒരു ജീവിതം സാർത്ഥകമായി പൂരിപ്പിച്ചതുകൊണ്ടാണ്. പഠിപ്പോ അക്ഷരാഭ്യാസമോ ഒന്നുമില്ലാതിരുന്നിട്ടും രാജ്യം അവരെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതും മറ്റൊന്നും കൊണ്ടല്ല. ഇപ്പോഴും ഭൂമിയിൽ തൊട്ട് പുഞ്ചിരിക്കാനേ അവർക്കറിയൂ. 107 പിന്നിട്ട വയസ് തോൽക്കുന്ന ആ ചിരിയിൽ ഇപ്പോഴും തെളിയുന്നുണ്ട് ഹൃദയം ശാന്തമാക്കുന്ന പച്ചപ്പും വറ്റാത്ത വാത്സല്യത്തണലും.
കർണാടകയിലെ ഹൂളിക്കൽ എന്ന ഗ്രാമത്തിൽ ചെന്നാൽ അവിടെ തിമ്മക്കയെ കാണാം. ആ ഗ്രാമത്തിലെ മറ്റേതൊരു സ്ത്രീയെയും പോലെ വെറുമൊരു സാധാരണക്കാരിയായിരുന്നു അവരും. എഴുത്തും വായനയും അറിയാത്ത ഭൂരിപക്ഷം വരുന്ന ഗ്രാമവാസികളിൽ ഒരാൾ. പത്താം വയസിൽ പട്ടിണി മാറ്റാൻ പണിയ്ക്കിറങ്ങേണ്ടി വന്നു. ഇല്ലായ്മകളോട്, ഇരുട്ടിനോട് പടവെട്ടിയത് എല്ലുമുറിയെ പണിയെടുത്താണ്. കൂലിപ്പണി ചെയ്തും കാലികളെ മേയ്ച്ചുമാണ് അന്നന്നത്തെ ആഹാരം കണ്ടെത്തിയത്. തിമ്മക്ക 'തണലമ്മ"യാകുന്നതിന് പിന്നിൽ മനസ് പൊള്ളിക്കുന്ന ഒരു കഥയുണ്ട്. കൗമാരം പിന്നിട്ടതോടെ കാലിവളർത്തുകാരനായ ചിക്കയ്യ ജീവിതപ്പാതിയായെത്തി. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കാത്തിരുന്നിട്ടും ഇരുവർക്കും കുഞ്ഞുങ്ങളുണ്ടായില്ല. അന്നത്തെ കാലത്ത് മക്കളില്ലാത്ത സ്ത്രീകളോട് നാട്ടുകാർക്ക് തീരാത്ത പരിഹാസവും വെറുപ്പുമായിരുന്നു. പ്രസവിക്കാത്ത സ്ത്രീയെ കൺമുന്നിൽ കാണുന്നത് തന്നെ അശുഭമാണെന്നായിരുന്നു അവരുടെ വിശ്വാസം. നാട്ടിലും വീട്ടിലും ഒരുപോലെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നപ്പോൾ ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തിമ്മക്ക ചിന്തിച്ചു. പക്ഷേ ചിക്കയ്യയോടുള്ള വറ്റാത്ത സ്നേഹം തിമ്മക്കയെ ആ തീരുമാനത്തിൽ നിന്നും പിന്നോട്ട് വലിച്ചു. ഒടുവിൽ മരണത്തിനും മേലെ തനിക്ക് ചെയ്യാൻ ചിലതുണ്ടെന്ന് ഏതോ നിമിഷത്തിൽ തിമ്മക്ക തിരിച്ചറിഞ്ഞു, അങ്ങനെയാണ് മരങ്ങളെ പ്രണയിച്ചു തുടങ്ങിയത്.
അന്ന് മുതൽ തിമ്മക്കയുടെ ജീവിതം മാറി തുടങ്ങി. ആദ്യ പടിയെന്ന നിലയിൽ കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം മരത്തൈകൾ ശേഖരിച്ചു. പിന്തുണയുമായി ചിക്കയ്യയും കൂടെ കൂടി. ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും ചേർന്ന് മരത്തൈകൾ നട്ടുപിടിപ്പിച്ചു. ബംഗളൂരു നെലമംഗല ഹൈവേയിൽ ഹുളികൽ മുതൽ കൂഡൂർ വരെയുള്ള നാലു കിലോമീറ്റർ ദൂരം ആൽമരങ്ങൾ ചിറകു വിരിച്ച് നിൽക്കുന്നതിന് പിന്നിൽ ഈ ദമ്പതികളാണ്. ഇന്നും അതുവഴി പോകുന്നവർക്കെല്ലാം തിമ്മക്കയെയും ചിക്കയ്യയെയും ഓർത്ത് അഭിമാനിക്കാം, കൃത്യം 384 ആൽമരങ്ങൾ യാത്രികർക്ക് അവിടെ തണലൊരുക്കന്നുണ്ട്. തുടക്കകാലത്ത് ഇതുമൊരു മൺപാതയായിരുന്നു. അവിടത്തെ ഗ്രാമവാസികൾ ചന്തയ്ക്ക് പോകുന്നതിനും കാലികളെ മേയ്ക്കുന്നതിനുമായി ഉപയോഗിച്ചിരുന്നത് കൂടുതലും ഈ പാതയായിരുന്നു. വരണ്ട നാട്ടുവഴിയായിരുന്നു അക്കാലത്ത് ആ പ്രദേശം. വേനലിന് ഒരറുതി എന്ന നിലയ്ക്കാണ് ആൽമര തൈകൾ പാതയോരങ്ങളിൽ വച്ച് പിടിപ്പിച്ചത്. പിന്നീട് ആ നാട്ടുവഴി കൂടുതൽ സഞ്ചാരയോഗ്യമായി. ഇന്നത് ദേശീയപാതയാണ്.
ആദ്യകാലങ്ങളിൽ രാവിലെ കൂലിപ്പണിക്ക് പോകുകയും മടങ്ങി വന്ന് മരങ്ങൾ വച്ചു പിടിപ്പിക്കുകയുമായിരുന്നു ഇരുവരുടെയും ദിനചര്യ. തൈകൾ വെറുതെ നട്ടാൽ മാത്രം പോര, കൃത്യമായി അവയെ പരിചരിക്കണമെന്ന നിർബന്ധവും ഇവർക്കുണ്ട്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതു പോലെയായിരുന്നു ഇരുവരും മരങ്ങളെ നോക്കി വളർത്തിയത്. കീടങ്ങളിൽ നിന്നും സംരക്ഷിച്ച് വെള്ളവും ചാണകവും നൽകിയാണ് ഓരോന്നും വളർത്തിയെടുത്ത്. കന്നുകാലികളുടെ ശല്യത്തിൽ നിന്നും രക്ഷിക്കാനായി വേലിക്കെട്ടി മറയ്ക്കും. മക്കളില്ല എന്ന വിഷമം പതിയെ പതിയെ തിമ്മക്ക മറന്നു തുടങ്ങി. വെള്ളം കിട്ടാത്ത പ്രദേശത്ത് മരത്തൈകളുടെ വേര് മണ്ണിൽ പിടിപ്പിച്ചെടുക്കുകയെന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. അടുത്തുള്ള കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമായിരുന്നു മരങ്ങൾക്ക് വേണ്ട വെള്ളം കൊണ്ടുവന്നിരുന്നത്. കടുത്ത വേനലിൽ ചുറ്റിലുമുള്ള പ്രദേശങ്ങളിലൊന്നും വെള്ളം കിട്ടാതെ വന്നപ്പോൾ കിലോമീറ്ററുകൾ താണ്ടി വെള്ളം കൊണ്ടു വന്നിട്ടുണ്ട് ഇരുവരും. പലപ്പോഴും അയൽ ഗ്രാമങ്ങളിൽ പോലും നടന്നു പോയി ദിവസം 40, 45 കുടം വെള്ളം വരെ ചുമന്നിട്ടുണ്ട്.
ചെരുപ്പു പോലുമില്ലാതെയാണ് വരണ്ടഭൂമിയിലൂടെയുള്ള ആ സഞ്ചാരമെല്ലാം. ചൂടേറ്റ് പാദങ്ങൾ വിണ്ടുകീറി പൊള്ളുന്ന വേദന അനുഭവിച്ചിട്ടും ഒരിക്കലും വേണ്ട എന്ന തീരുമാനത്തിലേക്ക് അവർ നടന്നെത്തിയില്ല. മക്കൾക്കുള്ള ദാഹജലം അച്ഛനമ്മമാരല്ലാതെ മറ്റാരാണ് നൽകുക എന്ന് മാത്രമാണ് ചിന്തിച്ചിരുന്നത്, തിമ്മക്കയ്ക്ക് അവ വെറും മരത്തൈകൾ ആയിരുന്നില്ല, കുഞ്ഞുങ്ങൾ തന്നെയായിരുന്നു. ഒടുവിൽ ഒരുനാൾ ചിക്കയ്യയും വിട പറഞ്ഞു. ജീവിതത്തിൽ പിന്നെയും ഒറ്റയ്ക്കായെങ്കിലും അതിൽ തളരാൻ തിമ്മക്ക തയ്യാറായില്ല. ആ വേദനയെ തിമ്മക്ക അതിജീവിച്ചതും മരങ്ങളോട് കൂട്ട് കൂടി തന്നെ. ഒറ്റയ്ക്കാണെന്ന തോന്നൽ വരുമ്പോഴെല്ലാം ചിക്കയ്യ നട്ട മരങ്ങൾക്ക് ചോട്ടിൽ ചെന്നിരിക്കും. അവിടെ അദ്ദേഹത്തിന് വരാതിരിക്കാനാവില്ലെന്ന് തിമ്മക്കയ്ക്ക് അറിയാം. ചിലപ്പോൾ പ്രിയപ്പെട്ടവന്റെ സ്നേഹസാന്നിദ്ധ്യം പോലെ ഇളംകാറ്റ് അവരെ തൊട്ടു കടന്നു പോകും.
ഇന്നും പ്രിയ മരമേതെന്ന് ചോദിച്ചാൽ തിമ്മക്കയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ, അത് ആൽമരമാണ്. ചിക്കയ്യയുടേതും അതു തന്നെ. തണുപ്പും ശുദ്ധവായുവും നൽകുന്ന അരയാലിനോളം പ്രകൃതിയെ സ്നേഹിക്കാൻ മറ്റാർക്കാണ് കഴിയുന്നതെന്നും തിമ്മക്ക ചോദിക്കും. തുടക്കത്തിൽ ഒരു വർഷം 15 തൈകളായിരുന്നു നട്ടത്. പതിയെ പതിയെ നടുന്ന മരങ്ങളുടെ എണ്ണവും കൂട്ടി. ഇന്ന് അതിന് കൃത്യമായ ഒരു കണക്കില്ല. ഇപ്പോഴും പുതിയ പുതിയ മരങ്ങൾ നട്ടുവളർത്തുകയാണ് ഈ മുത്തശി.
തിമ്മക്കയുടെ ജീവിത കഥ കേട്ടവർ കേട്ടവർ അവരെ കാണാനെത്തി, അവർക്കൊപ്പം കൂടി. ഒടുവിൽ സ്നേഹത്തോടെ ഒരു പേരും നൽകി, വൃക്ഷമാതാവ്. ഇടയ്ക്കെപ്പഴോ പേരിനൊപ്പം 'സാലുമരദ" എന്ന വിശേഷണവും നാട്ടുകാർ സമ്മാനിച്ചു, കന്നഡയിൽ സാലുമരദയെന്നാൽ നിരനിരയായി നിൽക്കുന്ന മരങ്ങൾ എന്നാണർത്ഥം. അങ്ങനെ തിമ്മക്ക സാലുമരദ തിമ്മക്കയായും അറിയപ്പെടാൻ തുടങ്ങി. 2016 ൽ ബിബിസി തിരഞ്ഞെടുത്ത ശക്തരായ നൂറ് വനിതകളിൽ ഒരാൾ കൂടിയായിരുന്നു തിമ്മക്ക. അന്നാണ് ലോകം ഈ മുത്തശിയെ അന്വേഷിച്ചിറങ്ങിയത്. പക്ഷേ അതിനും എത്രയോ മുമ്പുതന്നെ ലോസ് ഏഞ്ചൽസിലും ഓക്ലൻഡിലും തിമ്മക്കാസ് റിസോഴ്സ് ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ എന്ന പേരിൽ പരിസ്ഥിതി സംഘടനകൾ തുടങ്ങി കഴിഞ്ഞിരുന്നു. വാർത്തകളിൽ നിറഞ്ഞതോടെ തിമ്മക്കയുടെ ജീവിതം പാഠ്യവിഷയവുമായി. കർണാടക സർക്കാരിന്റെ സാക്ഷരതാപദ്ധതിയിലും പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലുമെല്ലാം തിമ്മക്കയ്ക്കായി പ്രത്യേകമിടം മാറ്റി വച്ചിട്ടുണ്ട്.
ഇന്നിപ്പോൾ തിമ്മക്കയുടെ മനസിൽ സങ്കടത്തിന്റെ കാറ്റു വീശാറില്ല. ചിക്കയ്യയുടേയും തിമ്മക്കയുടേതുമായി പല പ്രായത്തിലുമുള്ള കുട്ടികൾ കർണാടകയിലെ റോഡിനിരുവശവും തലയുയർത്തി നിൽപ്പുണ്ട്. എല്ലാം കാണുമ്പോൾ അവർക്ക് ഉള്ളിൽ നിറയുന്ന സന്തോഷം മാത്രം. എൺപത് വർഷം കൊണ്ട് പതിനായിരത്തോളം മരങ്ങൾ തിമ്മക്ക നട്ടുപിടിപ്പിച്ചുണ്ടാകും. തുടക്കകാലത്ത്, നാട്ടുകാരിൽ പലരും ഇവർക്ക് ഭ്രാന്താണോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അന്ന് ഇവർക്ക് നേരെ നെറ്റി ചുളിച്ചവരൊക്കെ ഇന്ന് തിമ്മക്കയുടെ വിജയത്തിൽ അഭിമാനിക്കുന്നുണ്ടാകണം. പ്രായത്തിന്റെ എല്ലാ അവശതകളും മറന്ന് ഇന്നും അവർ കൂടുതൽ ഉന്മേഷത്തോടെ പ്രകൃതിയിലേക്കു തന്നെ നടക്കുന്നു. കൃത്യമായ പ്രായം എത്രയാണെന്ന് തിമ്മക്കയ്ക്ക് ഇപ്പോഴും അറിയില്ല. എങ്കിലും ഏകദേശ കണക്ക് വച്ച് ഇപ്പോൾ 107 വയസായെന്ന് പറയാം. ഈ പ്രായത്തിലും ചുറുചുറുക്കിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാൽ അതിന് തിമ്മക്കയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ, പ്രകൃതിയെ ആവോളം സ്നേഹിക്കൂ... പ്രകൃതി നമ്മെയും തിരിച്ച് സ്നേഹിക്കും. തിമ്മക്കയുടെ ജീവിതം തന്നെ ആ അനുഭവമാണ്.
ജീവിതത്തിൽ ഒറ്റയ്ക്കായി പോയ തിമ്മക്കയുടെ കൂടെ ഇപ്പോൾ മകനുണ്ട്, ഉമേഷ് എന്ന ദത്തുപുത്രൻ. ഒരിക്കൽ അപ്രതീക്ഷിതമായി അരികിലെത്തിയ ഒരു പതിനഞ്ചുകാരൻ പിന്നീട് തന്റെ പിന്മഗാമിയായി മാറുമെന്ന് തിമ്മക്കയും കരുതിയിരുന്നില്ല. പിന്നീട് അവൻ അമ്മയെ പോലെ സ്നേഹിക്കുകയും മരങ്ങൾ നടാൻ കൂടെ കൂടുകയുമൊക്കെ ചെയ്തതോടെ തിമ്മക്ക മകനായി അവനെ ചേർത്തുപിടിച്ചു. ഒടുവിൽ അവർ അവനെ ദത്തുപുത്രനാക്കുകയായിരുന്നു. ഇന്ന് തിമ്മക്കയുടെ പ്രവർത്തനങ്ങൾക്കെല്ലാം മുന്നിൽ നിൽക്കുന്നത് ഉമേഷാണ്. 'പൃഥ്വി ബചാവോ" എന്ന സംഘടനയുമായി ആ അമ്മയുടെ വഴിയേ തന്നെയാണ് മകന്റെയും സഞ്ചാരം.
തീർന്നിട്ടില്ല തിമ്മക്കയുടെ വിശേഷങ്ങൾ. തിമ്മക്കയുടെ മരപ്രണയത്തിന് അവാർഡുകളും അംഗീകാരങ്ങളും പ്രശസ്തി പത്രങ്ങളുമെല്ലാം വീട്ടിൽ തുടരെ തുടരെയെത്തി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആൾക്കാർ കാണാനെത്തി. അപ്പോഴും ഉള്ളിന്റെയുള്ളിൽ ചിക്കയ്യ ഇതൊന്നും കാണാനില്ലല്ലോ എന്ന വേദന ബാക്കിയാകുന്നുണ്ട്. പാവങ്ങൾക്ക് വേണ്ടി ഒരു ആശുപത്രി പണിയണമെന്നതാണ് തിമ്മക്കയുടെ വർഷങ്ങളായുള്ള ആഗ്രഹം. അതിനായി മുട്ടാത്ത വാതിലുകളില്ല. അധികം വൈകാതെ ആ ആഗ്രഹവും നടക്കുമെന്ന പ്രതീക്ഷയിലാണ് ഈ നന്മമരം.
ഒടുവിൽ മറ്റൊരു ചരിത്രം കൂടി തിമ്മക്ക എഴുതി ചേർത്തു. പത്മശ്രീ സ്വീകരിച്ചയുടനെ രാഷ്ട്രപതിയുടെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ച ഒരേയൊരാൾ. പ്രോട്ടോക്കോൾ ലംഘിച്ച നടപടിയായിട്ടും രാജ്യം അവരെ കയ്യടിച്ചാണ് സ്വീകരിച്ചത്. അതെ... തിമ്മക്ക വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ്. വേദനയെ മായ്ച്ചുകളഞ്ഞ ഇച്ഛാശക്തിയും സമർപ്പണവും നിറഞ്ഞ ഹൃദയവുമായി.