പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നിടത്ത് ചരിത്രം പോരാളികളെ സൃഷ്ടിക്കാറുണ്ട്. അതിലൊരാളാണ് ഈയിടെ തൃശൂരിൽ സപ്തതി ആഘോഷിച്ച ശ്രീധരൻ തേറമ്പിൽ. മനുഷ്യാവകാശ പോരാട്ടത്തിന്റെ പുതിയ ചരിത്രനിർമ്മിതിയാണ് ശ്രീധരൻ തേറമ്പിലെന്ന് നമ്മുടെ സാമൂഹ്യരാഷ്ട്രീയ പരിസ്ഥിതി പ്രവർത്തകർ ഒന്നടങ്കം പറയുന്നത് വെറുതെയല്ല.
നഗരക്കാഴ്ചകളിൽ ഒന്ന് ശ്രീധരന്റെ മുഖമായിരിക്കും. നഗരം ഉണരുന്നതുതന്നെ ശ്രീധരൻ തേറമ്പിലിന്റെ വാക്കുകളോടൊപ്പമായിരിക്കും. ചിലപ്പോൾ എവിടെയെങ്കിലും പ്രതിഷേധിക്കുകയായിരിക്കും. അല്ലെങ്കിൽ ബസ് സ്റ്റാന്റിൽ ചാനലിന് അഭിമുഖം നടത്തുകയായിരിക്കും. ഉന്നതങ്ങളിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി തെറ്റിപ്പിരിഞ്ഞത്. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗന്ധിയുടെ നയങ്ങൾക്കെതിരെ കലാപം നടത്തി പുറത്തുവന്ന ജഗ് ജീവൻ റാമിനെ അനുകൂലിച്ചുകൊണ്ട് തന്റെ നാട്ടിൽ പ്രകടനം നടത്തിക്കൊണ്ടാണ് ശ്രീധരൻ തേറമ്പിൽ പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. ജഗ് ജീവൻ റാം രൂപീകരിച്ച കോൺഗ്രസ് ഫോർ ഡെമോക്രസി എന്ന സംഘടനയിൽ അദ്ദേഹം ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി.
പിന്നീട് അടിയന്തിരാവസ്ഥയ്ക്കുശേഷം രൂപംകൊണ്ട ജനതാപാർട്ടിയുടെ യുവജനസംഘടനയായ ഛത്രയുവ സംഘർഷ സമിതിയുടെ സംസ്ഥാന നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. അങ്ങനെ എറണാകുളം ജില്ലാ ആശുപത്രിയിൽ നടത്തിയ ശുചീകരണയജ്ഞം കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അനീതിക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹത്തിന്റെ പിന്നിൽ നിരനിരയായി ധാരാളം ചെറുപ്പക്കാർ അണിനിരന്നു. നിലവിലുള്ള കക്ഷിരാഷ്ട്രീയ സമരമുറകളുമായി ശ്രീധരൻ തേറമ്പിലിന് യാതൊരു ബന്ധവുമില്ല. എന്നാൽ ജനശ്രദ്ധയും മറ്റും അധികാരവർഗത്തെ കണ്ണുതുറപ്പിക്കണം അതിന് പുതിയ പുതിയ മാർഗങ്ങളാണ് അവലംബിക്കുന്നത്.
കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറും തേഭാഗയും നക്സൽബാരിയുമൊന്നുമല്ല അദ്ദേഹത്തിന്റെ മനസിൽ. സ്വാതന്ത്ര്യാനന്തരം നിയമപരമായി മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം തേടാം അതും ഗാന്ധിയൻ സമാധാനത്തിൽ. അത്തരം അന്വേഷണ ബുദ്ധിയും ജാഗ്രതയും ഇന്ത്യൻ രാഷ്ട്രീയചരിത്രം കൈകാര്യം ചെയ്യുന്നവർക്ക് ശ്രീധരൻ തേറമ്പിൽ ചരിത്രപരമായി കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. കേരളത്തിലെ ബദൽ/പ്രതിരോധ സംസ്കാരത്തിന്റെ വളർച്ചയ്ക്കും പടർച്ചയ്ക്കും ഊർജസ്വല സാന്നിദ്ധ്യമായ ജൈവ പോരാളിയെയാണ് അദ്ദേഹത്തിന്റെ സമരപാതയിലൂടെ വെളിപ്പെടുന്നത്. ''ഉപഭോക്താക്കളുടെ ആമാശയം ഹോട്ടലുകാരുടെ പഴകിയ ഭക്ഷണങ്ങൾ നിറയ്ക്കാനുള്ള കുപ്പത്തൊട്ടിയല്ല""... എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടുനടത്തിയ സമരം, ജില്ലാ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയയിൽ ഏഴ് സ്ത്രീകൾ മരിക്കാനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കതിരെ നടപടിയെടുക്കാത്ത ഡി.എം.ഒ. ഡോ. ലീല റാഫേലിനെ പുറത്താക്കാൻവേണ്ടി ''ചേട്ട പുറത്ത്... ശ്രീഭഗവതി അകത്ത് ""എന്ന മുദ്രാവാക്യവുമായി പ്രതീകാത്മകമായി നടത്തിയ സമരമുറ വലിയൊരു വാർത്തയായി കേരളം മുഴുവൻ അലയടിച്ചിരുന്നു.
ബസ് ചാർജ് വിലവർദ്ധനവിലുണ്ടായ ഫെയർ സ്റ്റേജ് പരിഹരിക്കുന്നതിനായി തെരുവിലൂടെ കാളവണ്ടി തെളിച്ച് തെരുവു പിടിച്ചടക്കൽ സമരം, മെഡിക്കൽ കോളേജ് വന്നപ്പോൾ ഒഴിഞ്ഞുപോകലിന്റെ ഘട്ടത്തിലെത്തിയ പഴയ കെ.വി. സാനിറ്റോറിയം (ക്ഷയരോഗാശുപത്രി) നിലനിർത്തുന്നതിനുവേണ്ടി നടത്തിയ സമരം, കളക്ടർക്ക് മാലിന്യംകൊണ്ടൊരു ഇല്ലംനിറ, നായാടിവേഷംകെട്ടി ഭിക്ഷാടന സമരം തുടങ്ങി എത്രയെത്ര സമരമുറകളാണ് സാംസ്കാരിക തലസ്ഥാനം കണ്ടത്. ശക്തൻ തമ്പുരാന്റെ വേഷത്തിൽ വന്ന് കോർപ്പറേഷൻ അധികാരികൾക്ക് ശാസനം നൽകിയ സംഭവം രസകരമായ ഉഗ്രൻ സമര താക്കീതായിരുന്നു. നഗരം മാലിന്യക്കൂമ്പാരമായതുകൊണ്ട് തമ്പുരാന് സഹിച്ചില്ല. പ്രതീകാത്മകമായി തമ്പുരാൻ നേരിട്ടെഴുന്നള്ളി കോർപ്പറേഷനെ വിചാരണ ചെയ്തു. മാലിന്യപ്രശ്നത്തിൽ മേയർ, സെക്രട്ടറി, പ്രതിപക്ഷനേതാവ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ കുറ്റവാളികളാണെന്നും, ശിക്ഷയായി ഓരോരുത്തർക്കും ചുട്ട അടികൊടുക്കണമെന്നും തമ്പുരാൻ കല്പിച്ചു. അതുപോലെ തന്നെ തൃശൂർ കോർപ്പറേഷൻ പടിക്കലിലെ സദ്ബുദ്ധിഹോമം, തൃശൂർ പൂരത്തിന്റെ കൃത്രിമാനുകരണം വിനോദസഞ്ചാരികൾക്കായി സംഘടിപ്പിച്ചത് നഗരത്തിന്റെ സാംസ്കാരികത്തനിമയെ അപഹസിക്കുന്നതും നമ്മുടെ പൂരത്തിനെ വികലമാക്കുകയുമാണെന്ന് ശ്രീധരൻ തേറമ്പിൽ ആരോപണമുയർത്തി.
പുതിയ കാലഘട്ടത്തിലെ വെളിച്ചപ്പാടായി വേഷമിട്ട് കോമരം തുള്ളി ഗജമേളയിലേക്ക് കുതിച്ച ശ്രീധരൻ തേറമ്പിലിനെ അതേ വേഷത്തിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം തുടങ്ങി എത്രയെത്ര ജനകീയ സമരമുറകളാണ് കേരളം കണ്ടത്. ഇന്നുവരെ ആരും കാണാത്ത സമരമുറകൾ കാണേണ്ടവരുടെ കണ്ണു തുറപ്പിച്ചു. രക്തം പൊടിയാതെ ഇനിയും മനുഷ്യാവകാശപോരാട്ടത്തിന്റെ ചരിത്രപാതയിൽ ശ്രീധരനെ പോലെയുള്ള ആളുകളെ കണ്ടെത്താൻ പ്രയാസമാണ്. അപ്പോൾ പ്രതികരണശേഷി മരവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഓരോരുത്തരും ആ മനുഷ്യാവകാശപോരാട്ട ജീവചരിത്രം പഠിക്കേണ്ടിയിരിക്കുന്നു.
ആ കാലത്തെക്കുറിച്ച് സിവിക് ചന്ദ്രൻ പറഞ്ഞതിതാണ്. ''നവസാമൂഹ്യപ്രസ്ഥാനങ്ങൾ എന്ന് പിന്നീടറിയപ്പെട്ട ഈ ജനകീയപ്രതിരോധാന്വേഷണങ്ങൾക്കിടയിലാണ് ശ്രീധരൻ തേറമ്പിലിനെ പരിചയപ്പെടുന്നത്. അന്നയാൾ നഗരത്തിൽ തന്നെയുള്ള ഇമ്മട്ടി മെഡിക്കൽസിലെ ജോലിക്കാരനായിരുന്നു. രാഷ്ട്രീയമായി കോൺഗ്രസ് എസിന്റെ മണ്ഡലം പ്രസിഡന്റും. ഞങ്ങളന്ന് രൂപീകരിച്ച പ്രതികരണസംഘത്തിൽ ഏതാണ്ടെല്ലാ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു.വലതുപക്ഷത്തുനിന്ന് യുവമോർച്ച മുതൽ ഇടതുവശത്തുള്ള സി.പി.ഐ.എം. വരെ (നേരിട്ട് ഈ കൂട്ടായ്മയിൽ ഇല്ലാതിരുന്നത് കോൺഗ്രസും സി.പി.എമ്മും മാത്രം) സിമിയും എസ്.ഐ.ഓയും യുക്തിവാദി സംഘവും എ.ഐ.വൈ.എഫും കോൺഗ്രസ് എസും ഞങ്ങൾ ജനകീയ സാംസ്കാരിക വേദിക്കാരും നീതിബോധമുള്ള ഏറെ വ്യക്തികളും ഇവരോടൊപ്പം സജീവവും സക്രിയവുമായ നാളുകൾ. ഓരോരുത്തർക്കും അവരുടെ രാഷ്ട്രീയ നിലപാടുകളിൽ നിന്നുകൊണ്ടുതന്നെ പ്രതികരണപ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കെടുക്കാമായിരുന്നു.
വ്യത്യസ്ത രാഷ്ട്രീയ സാമൂഹ്യാഭിപ്രായങ്ങളും സംഘടനാതാൽപ്പര്യങ്ങളുമുള്ളവരെ പൊതുവായ പ്രശ്നങ്ങളുടെ പേരിൽ ഏകോപിപ്പിക്കാൻ എല്ലാവർക്കും സ്വീകാര്യമായ ഒരു മുഖം വേണമായിരുന്നു. സൗമ്യം, ദീപ്തം, ലളിതം, നിസ്വാർഥം, നിഷ്കളങ്കം, സക്രിയം... അങ്ങനെയാണ് ശ്രീധരൻ തേറമ്പിൽ എന്ന നേതൃബിംബം പിറക്കുന്നത്. ഇതിനിടെ ജനകീയ സാംസ്കാരിക വേദി തന്നെ പിരിച്ചു വിടപ്പെട്ടു. സി.പി.ഐ. (എം.എൽ) വർഗസമരത്തിൽ വെള്ളം ചേർക്കുന്നു എന്ന രാഷ്ട്രീയം പറഞ്ഞ് ഈ സംഘത്തിൽ നിന്നും പുറത്തുപോയി. മഴപ്പെയ്ത്തു നിന്നിട്ടും മരം പെയ്തുകൊണ്ടിരുന്നു. വാക്കിനു പകരം കുറച്ചുകൂടി കൃത്യതയുള്ള പ്രൊഫഷണലുമായ പാഠഭേദം എന്നൊരു ദ്വൈവാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുയർന്നു വന്നു. മാനസികചികിത്സയെ മാനുഷികമാക്കാൻ മാനസി എന്ന ഗ്രൂപ്പുകൂടി സജീവമായി. പൗരാവകാശപ്രവർത്തനങ്ങളിലിടപെടാനായി പ്രവർത്തിക്കുന്ന പി.യു.സി.എല്ലിലും ഞങ്ങൾ സക്രിയമായി. പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന സംവാദത്തിനും പശ്ചിമഘട്ട യാത്രക്കും ഈ സംഘം നേതൃത്വം നൽകി. നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ ആദ്യപ്രകടനപത്രികയും ഇക്കാലത്താണിറങ്ങിയത്. അടിസ്ഥാനതല പ്രവർത്തനങ്ങൾക്കൊരു മാനിഫെസ്റ്റോ.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനകാലത്ത് കെ. കേളപ്പൻ നിർദ്ദേശിച്ചതും വി.ടി ഭട്ടതിരിപ്പാട് നടപ്പാക്കാൻ ശ്രമിച്ചതുമായ കമ്യൂൺ തൃശൂർ ഭാഗത്ത് തുടങ്ങാനൊരു ആലോചനയുമുണ്ടായി. പഴയ മംഗളോദയം കാലത്തിനുശേഷം തൃശ്ശിവ പേരൂർ മറ്റൊരു കാലയളവിലും ഇതേപോലെ സർഗ്ഗാത്മകവും സക്രിയവുമായിട്ടുണ്ടാവില്ല. വാഞ്ചി ലോഡ്ജ് തൃശൂർ സാംസ്കാരിക വേദിയനന്തരകാലത്തേയും സാംസ്കാരിക കേന്ദ്രമായി മാറി. ആ ലോഡ്ജോ മുറിയോ ഇപ്പോൾ തൃശൂരിലില്ല. അന്നവിടെ സ്ഥിരമായി കയറിയിറങ്ങിയിരുന്നവർ ജീവിതത്തിന്റെ പല ഭാഗങ്ങളിലേക്കും പോയി. എത്രയോ ഇടങ്ങളിൽ അന്നുണ്ടായിരുന്ന പലരും സ്വയം ഉള്ളിൽ നിന്നു കത്തിയവരായിരുന്നില്ല. അതവരുടെ കുറ്റവുമല്ല. പുറത്തെ ചൂടിൽ കത്തിയവരായിരുന്നു പലരും. എഴുപതെൺപതുകളിൽ കത്തിയെരിയുന്ന പതിറ്റാണ്ടുകളായിരുന്നല്ലോ. കൂട്ടായ്മ പിൻവാങ്ങിയതോടെ അനാഥരും അരക്ഷിതരുമായി ചിലർ. അവരിൽ ചിലർ സ്വയമറിയാതെ കോമാളിവേഷങ്ങൾ പോലുമായി. എങ്കിലും ആ കാലം. ആ കാലം തന്നെയാണല്ലോ ആ ഓർമ്മകൾ.""