കൃഷ്ണമണിയുടെയും കുമിളയുടേയുമൊക്കെ ക്ലോസപ്പ് പരീക്ഷണം കഴിഞ്ഞപ്പോൾ വൈൽഡ് ലൈഫിന് വല്ലാത്തമോഹം. അധികം വൈകാതെ സെനിത്ത് കാമറയ്ക്കുള്ള വിവിറ്റാറിന്റെ 300 mm ഒരു ടെലി ലെൻസ് സംഘടിപ്പിച്ചു. ഇന്ന് പ്രൈംലെൻസ് എന്നു പറയുന്ന തരത്തിലുള്ള സൂമിംഗ് ഇല്ലാത്ത വളരെ നല്ല ഒരു ടെലിഫോട്ടോ ലെൻസായിരുന്നു. ത്രഡ്ഡ് ടൈപ്പ് മൗണ്ടോടുകൂടിയ ലോഹത്തിൽ തീർത്ത ഭാരമുള്ള ഒന്നായിരുന്നു അത്. അതുകൂടിയായപ്പോൾ കാമറയ്ക്കു നല്ല ഭാരമായി. എങ്കിലും അതും ട്രൈപ്പോഡില്ലാതെ കൈയിൽ വച്ച് എടുത്തു ശീലിച്ചു.
അങ്ങനെയിരിക്കെ രണ്ട് മൂന്ന് ദിവസം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയി. കാമറയും പുതിയ ലെൻസും കൂടെ കൈയിൽ കരുതിരുന്നു. ഒരു വൈകുന്നേരം ശംഖുമുഖം ബീച്ചിൽ പോകാൻ പ്ലാനിട്ടു. ബീച്ചും സൂര്യാസ്തമയത്തിന്റെ കുറെ പടങ്ങളുംഎടുക്കാമെന്ന് മനസ്സിൽ കരുതി കാമറയുമെടുത്ത് പോയി. കടപ്പുറവും ചില സീനറികളുമൊക്കെ അന്നത്തെ അമൂല്യ വസ്തുവായ കളർ ഫിലിമിൽ എടുത്തു. അസ്തമയ സമയവും കാത്തു നിൽക്കുമ്പോൾ വെറുതെ സൂര്യനെ പകർത്താതെ തെങ്ങോലകളോ ചരിഞ്ഞു നിൽക്കുന്ന ഏതെങ്കിലും തെങ്ങുകളോകൂടി സൂര്യനൊപ്പം ഫ്രെയിമിൽ കിട്ടുമോ എന്ന് അന്വേഷിച്ച് കുറെ ദൂരം കടപ്പുറത്തെ പൂഴിമണലിലൂടെ നടന്നു. എന്നാൽ അങ്ങനെ ഉദ്ദേശിച്ച രീതിയിൽ ഒരു സ്ഥലമോ സൗകര്യമോ കിട്ടിയില്ല. സൂര്യൻ ക്രമേണ താഴേക്കു വന്നുകൊണ്ടുമിരുന്നു! ഒടുവിൽ മീൻ പിടിച്ചു കഴിഞ്ഞു കരയിലേക്ക് കയറ്റിവച്ച ഒരു വള്ളം കടലിന് സമാന്തരമായി വച്ചിരിക്കുന്നതു കണ്ടു . വൈദ്യര് പറഞ്ഞപോലെ 'ചെടിയുടെ വേരില്ലെങ്കിൽ തൊലിയാകാം" എന്നമട്ടിൽ തെങ്ങും ഓലയും കിട്ടിയില്ല പകരം വള്ളമാകാം എന്ന് ഞാൻ തീരുമാനിച്ചു !
അതിന്റെ ഒരു ഭാഗം ഫോക്കസ് ചെയ്യാൻ പ്ലാനിടുമ്പോൾ ഒരു കാക്ക വള്ളത്തിന്റെ അറ്റത്ത് വന്നിരുന്നു. സൂര്യ പ്രകാശത്തിന്റെ തീക്ഷ്ണത ഇനിയും നന്നേ കുറഞ്ഞിരുന്നില്ല. എങ്കിലും അതുകൂടി ഉൾപ്പെടുത്തി പുതിയ ലെൻസിലൂടെ ഈ കാക്ക പോകും മുമ്പ് ഒരു പടമെടുക്കാൻ ഫ്രെയിം കംപോസ് ചെയ്യുമ്പോഴേക്കും അതാ മറ്റൊരു കാക്ക കൂടി അവിടേക്കു പറന്നു വന്നിരിക്കുന്നു, അതും ഒരു നിമിഷം തമ്മിൽ മുഖത്തോടു മുഖം! പിന്നെ ഒന്നും നോക്കിയില്ല, ക്ലിക്കു ചെയ്തു. മറ്റൊരു ക്ലിക്കിനുള്ള അവസരം പോലും തരാതെ അവ രണ്ടും പറന്നു പോയിക്കഴിഞ്ഞിരുന്നു. പക്ഷേ ഒത്തിരി സമ്മാനങ്ങൾ നേടിത്തരുന്ന ഒരു ഷോട്ടായിരിക്കും അതെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല ! ആകാശം കടലിന് അഭിമുഖമായും സൂര്യൻ നമുക്ക് അഭിമുഖമായും കാക്കകൾ രണ്ടും ഇരിക്കുന്നത് തമ്മിൽ അഭിമുഖമായിട്ടാണെന്നുമുള്ള കാര്യം കൂടി ഓർക്കുമല്ലോ! നാല്പത്തൊന്നു വർഷം മുമ്പ് എടുത്ത ചിത്രമാണ് ഇത്.