ജാതിയും മതവുമില്ലാത്ത ശ്രീനാരായണ ഗുരുദർശനങ്ങൾ ആഴക്കടൽ പോലെയാണ്. ലോകത്ത് എവിടെ ചെന്നാലും ഗുരുദർശനങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് കാണാം. ഗുരുവിന്റെ ജീവിതവും ദർശനങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പുസ്തങ്ങളുണ്ടെങ്കിലും ആ കൂട്ടത്തിൽ ലോകനിലവാരം പുലർത്തുന്നവയുടെ എണ്ണം വളരെ കുറവായിരുന്നു. മലയാളിയല്ലാത്തവരിലേക്ക് ഗുരു എന്ന പ്രകാശമെത്തിക്കാൻ കഴിയുന്ന രീതിയിലുള്ള ഗ്രന്ഥത്തിന്റെ അസാന്നിദ്ധ്യമുണ്ടെന്ന തിരിച്ചറിവിന്റെ ഉത്തരമാണ് 'ശ്രീനാരായണ ഗുരു, ദ പെർഫക്ട് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര" എന്ന പുസ്തകം. ശ്രീനാരായണ ഗുരുവിന്റെ സമഗ്രവും സമ്പൂർണവുമായ ജീവചരിത്രമാണത്, അതും
ആഗോളഭാഷയായ ഇംഗ്ലീഷിൽ. അശോകൻ വെങ്ങാശേരി കൃഷ്ണൻ എന്ന ഗുരുഭക്തന്റെ ജീവിതസമർപ്പണം തന്നെയാണ് ഈ ഗ്രന്ഥം.
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ജനിച്ചു വളർന്ന അശോകൻ വേങ്ങാശേരി കൃഷ്ണൻ വളരെ ചെറിയ പ്രായത്തിലേ ഗുരുദർശനങ്ങളിൽ ആകൃഷ്ടനായി ആ അറിവുകളിലൂടെ സഞ്ചരിച്ച ആളാണ്. പുസ്തകങ്ങൾ വായിക്കുമ്പോഴും ഓരോ കഥകൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മനസിലെ ഗുരുചൈതന്യത്തിന്റെ തിളക്കം കൂടി വരികയാണുണ്ടായത്. ഓർമ്മവച്ചനാൾ മുതൽ അച്ഛനൊപ്പം എല്ലാ വർഷത്തേയും ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാനായി ശിവഗിരിയിലെത്തുമായിരുന്നു. ആ പതിവു സന്ദർശനങ്ങൾ ഉള്ളിലെ ഗുരു രൂപത്തിനും ദർശനങ്ങൾക്കും വ്യക്തമായ തെളിച്ചമേകി എന്നു തന്നെ പറയാം. ഹൈസ്കൂൾ പഠനകാലം കഴിഞ്ഞ് സന്ന്യാസം സ്വീകരിച്ച് ഗുരുവിന്റെ അനുയായി ആകണമെന്ന ആഗ്രഹവും മനസിൽ സൂക്ഷിച്ചായിരുന്നു അച്ഛനോടൊപ്പം ശിവഗിരിയിലെത്തിയിരുന്നത്.
എന്നാൽ കാലം കരുതി വച്ചിരുന്നത് മറ്റൊരു നിയോഗമായിരുന്നു. ഗുരുവിനെ കുറിച്ച് ആഗോള തലത്തിൽ ചർച്ചചെയ്യപ്പെടുന്ന ഒരു പുസ്തകത്തിന് അക്ഷരങ്ങളാൽ ജീവൻ പകരുക എന്ന്. സന്ന്യാസി, കവി, പണ്ഡിതൻ, സാമൂഹ്യ പരിഷ്കർത്താവ്, വേദാന്തി, അദ്വൈതവാദി, ചിന്തകൻ എന്നിങ്ങനെ ഗുരുവിനുള്ള വിശേഷണങ്ങൾ ഒരുപിടിയാണ്. ഈ സത്യങ്ങളോടെല്ലാം നീതി പുലർത്തിക്കൊണ്ട് സമഗ്രമായ ഒരു ജീവചരിത്രമെഴുതുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഗുരുവിനോട് ആത്മാവ് കൊണ്ട് അത്രമേൽ അടുപ്പവും ഭക്തിയും പുലർത്തുന്ന ഒരാൾക്കുമാത്രമേ ഈ മഹദ്ചരിത്രത്തിന്റെ ഭാഗമാകാൻ പോലും കഴിയുകയുള്ളൂ. ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കയിൽ ചെലവിട്ട അശോകൻ വെങ്ങാശേരി കൃഷ്ണന് ജീവിതത്തിലെ ഓരോ ദിവസങ്ങളും ഗുരുവചനങ്ങളോ ഗുരുവുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ വായിക്കാതെയോ ഓർക്കാതെയോ കടന്നുപോവുക പ്രയാസമായിരുന്നു. അത്രത്തോളം ഗുരുവുമായി അടുത്ത് ജീവിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. മനസിലെന്നും പ്രകാശവും വഴിയുമായി ഗുരു നിറഞ്ഞിരുന്നത് കൊണ്ടു തന്നെ ഗുരുവിന്റെ ജീവിതത്തിലൂടെയുള്ള യാത്ര അതിസുന്ദരമായ ഒരനുഭവം തന്നെയായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു.
കേരളമോ ഇന്ത്യയോ മാത്രമല്ല ലോകമൊട്ടാകെ വംശവർഗങ്ങളുടെ ഇരുളടഞ്ഞ് കിടന്ന സമയത്താണ് ശ്രീ നാരായണഗുരു എന്ന സന്ന്യസ സൂര്യന്റെ ഉദയം. ജീവചരിത്രം എന്നതിലൂടെ ഗുരുദേവന്റെ ജീവിതത്തെ അതേപടി പകർത്തിയെഴുതുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച് ആ പുണ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് തന്റേതായ പുത്തൻ വീക്ഷണങ്ങൾ നൽകിയാണ് ഗ്രന്ഥത്തിൽ അവതരിപ്പിച്ചത്. അരുവിപ്പുറം ശിവപ്രതിഷ്ഠ, മലയാളി മെമ്മോറിയൽ, എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപനം, ശിവഗിരി, ദൈവദശകം തുടങ്ങിയ ഗുരുവിന്റെ ജീവിതത്തിലുണ്ടായ ഓരോ പ്രോജ്ജ്വല മുഹൂർത്തങ്ങളെയെല്ലാം വളരെ വ്യക്തമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിനായി.പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം തുടങ്ങുന്നത് ഗുരുവിന്റെ ജനനത്തിന് മുമ്പുള്ള കേരളത്തിന്റെ ജീർണിച്ച സാമൂഹ്യാവസ്ഥയിൽ നിന്നുമാണ്. തുടർന്ന് ഗുരുവിന്റെ ജനനവും വളർച്ചയും സത്യാന്വേഷണവുമായി പടിപടിയായി പുരോഗമിക്കുകയാണ്. ആ ജീവിതം മുന്നോട്ടു നീങ്ങുന്നത് ഒരു പിടി ചോദ്യങ്ങൾക്ക് ഉത്തരം തേടിക്കൊണ്ടാണ്. ഞാൻ ആര്? ജീവിതം എന്തിന് വേണ്ടി? എന്താണ് ഭക്തി? എന്താണ് ജാതി? അങ്ങനെ പോകുന്ന നീണ്ട ചോദ്യങ്ങൾ. അന്നത്തെ ചുറ്റുപാടുകൾ നാണു എന്ന ബാലനിൽ ഉണ്ടാക്കുന്ന ചോദ്യങ്ങളാണിവ. ഈ സ്വാഭാവിക സംശയങ്ങളെ ഉപനിഷത് കഥകളോട് ബന്ധപ്പെടുത്തിയാണ് ഗ്രന്ഥകർത്താവ് അവതരിപ്പിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ നാടകീയതയുടെ ചെറുസ്പർശവുമുണ്ടെങ്കിലും മികച്ച വായനാനുഭവം തന്നെ സമ്മാനിക്കുന്നു.
പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളെല്ലാം തന്നെ കാലഘട്ടത്തിന്റെ ക്രമം അനുസരിച്ചാണ് പറഞ്ഞു പോകുന്നത്.പുസ്തകത്തിന്റെ ഭൂരിഭാഗവും അമേരിക്കയിൽ വച്ചാണ് എഴുതിയത്. വളരെ ചെറു പ്രായം മുതലേ ഗുരുവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ ഗുരുദർശനങ്ങളേയും ഗുരുവിന്റെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ചുള്ള വ്യക്തമായ ധാരണയും മനസിലുണ്ടായിരുന്നു. എഴുതിത്തുടങ്ങുന്നതിന് മുമ്പേതന്നെ ഗുരുവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പലസ്ഥലത്തു നിന്നായി ശേഖരിച്ചിരുന്നു. അമേരിക്കയിലായിരുന്നിട്ടു കൂടി ഗുരുവുമായി അടുപ്പമുള്ള സ്ഥലങ്ങൾ നിരവധി തവണ സന്ദർശിക്കാൻ സമയം കണ്ടെത്തി. പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങൾ എഴുതിയത് ഇന്ത്യയിൽ വച്ച് തന്നെയായിരുന്നു. 2010 മുതൽ നാലുവർഷക്കാലം ഇന്ത്യയിൽ തന്നെയായിരുന്നു. ഓരോ തവണ ഇന്ത്യയിലേക്ക് വന്നുപോകുമ്പോഴും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുമായിരുന്നു. ഗുരുവിനെ കുറിച്ച് ലഭ്യമായ പുസ്തകങ്ങളൊക്കെ അദ്ദേഹം ശേഖരിച്ചു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ശേഖരിച്ചതിന്റെ പകുതി അമേരിക്കയിലെ വീട്ടിലും ബാക്കി ഇന്ത്യയിലെ വീട്ടിലുമാണ് ഉള്ളത്. ഗുരുദേവനെ കുറിച്ചുള്ള മികച്ച ഗ്രന്ഥശാലകൾ തന്നെ ഇരുവീടുകളിലുമായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
'ശ്രീ നാരായണ ഗുരു, ദ പെർഫക്ട് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര" എന്ന പേരിനെ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ' ഇരുളിലാണ്ടു കിടന്ന ഇന്ത്യയെ ആദ്യമായി അഹിംസ എന്ന തത്വം പരിചയപ്പെടുത്തിയ ശ്രീബുദ്ധനാണ്. അതുപോലെ എല്ലാം ഒന്നാണെന്ന അദ്വൈത തത്വം പരിചയപ്പെടുത്തിയത് ശങ്കരാചാര്യരുമാണ്. ഈ രണ്ട് തത്വങ്ങളും യോജിപ്പിച്ചു കൊണ്ടാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചിരുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകത്തിന് ഇതിലും മികച്ച ഒരു പേര് ഇടാനില്ല.'ബിരുദ പഠനത്തിന് ശേഷമാണ് 1985ൽ അശോകൻ വേങ്ങാശേരി കൃഷ്ണൻ അമേരിക്കയിലേക്ക് കുടിയേറിയത്. വിൻഡ്സർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം നേടി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യം, മനഃശാസ്ത്രം, സോഷ്യോളജി എന്നിവയിൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ തുടർപഠനങ്ങൾ നടത്തി. തുടർന്ന് ഫിലാഡൽഫിയയിൽ സീനിയർ അക്കൗണ്ടിംഗ് പ്രൊഫഷണലായി ജോലി നേടി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും കോളങ്ങളും അദ്ദേഹത്തിന്റേതായി വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(അശോകൻ വെങ്ങാശേരിയുടെ ഇ- മെയിൽ:Asokanvk1959@gmail.com)