സരോജിനി ടീച്ചർ വൃദ്ധസദനത്തിലേക്ക് പോകാൻ തീരുമാനിച്ചത് ബന്ധുക്കളെ ശരിക്കും അമ്പരപ്പിച്ചു. അറിഞ്ഞ സഹപ്രവർത്തകർക്ക് വിശ്വസിക്കാനായില്ല. അയൽവാസികൾക്ക് ഒരു കടങ്കഥ പോലെ തോന്നി. മലയാളഭാഷയ്ക്ക് ഇത്രയും ലാളിത്യവും ചന്തവുമുണ്ടോ എന്ന് ടീച്ചറുടെ ക്ലാസിലിരിക്കുന്ന കുട്ടികൾ അതിശയത്തോടെ ചോദിക്കാറുണ്ട്. പലരും ബിരുദപഠനത്തിന് മലയാളം ഐച്ഛികമായെടുത്തതിന് കാരണവും മറ്റൊന്നല്ല. മറ്റു ക്ലാസുകളിലെ കുട്ടികൾ പോലും സരോജിനി ടീച്ചറുടെ ക്ലാസിൽ വന്നു ഇരിക്കാറുണ്ട്.
ഗുരുശിഷ്യബന്ധം, ജീവിതപങ്കാളിയുമായുള്ള ബന്ധം, അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധം എന്നിവയുടെ മാഹാത്മ്യം ഉദാഹരണങ്ങൾ നിരത്തി ടീച്ചർ പറയാറുണ്ട്. പരസ്പര വിട്ടുവീഴ്ചകളിലൂടെ മാത്രമേ എല്ലാ ബന്ധങ്ങളും നിലനിൽക്കൂ എന്ന പക്ഷക്കാരിയാണ്. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള സരോജിനിക്ക് എന്തു പറ്റി? മനോദുഃഖങ്ങളുണ്ടാകാനുള്ള സാഹചര്യവും ഇല്ല. ഭർത്താവ് നേരത്തേ മരിച്ചുപോയി. ഏകമകൻ സർക്കാർ ജീവനക്കാരൻ. നാട്ടുകാർക്കും സഹപ്രവർത്തകർക്കും നല്ല മതിപ്പുള്ള യുവാവ്. ഒരു വർഷം മുൻപായിരുന്നു വിവാഹം. നല്ല കുടുംബം. വിദ്യാഭ്യാസവുമുണ്ട്. കാഴ്ചയിലും ആരും കുറ്റം പറയില്ല. വീട്ടിൽ അപസ്വരങ്ങളില്ല. ഉച്ചത്തിലുള്ള സംഭാഷണം പോലുമില്ല. പിന്നെന്തേ സ്വന്തം വീട് വിട്ട് ടീച്ചർ വൃദ്ധസദനത്തിലേക്ക് പോകുന്നു. നല്ല വസ്ത്രം ധരിച്ച് ദേവാലയത്തിൽ പോകുന്ന അവർ എല്ലാവരോടും ചിരിച്ച് സംസാരിക്കും. പറയത്തക്ക ശത്രുക്കളില്ല. പിന്നെന്തേ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ. എന്തെങ്കിലും കാണാതിരിക്കുമോ? തീയില്ലാതെ പുകയുണ്ടാകുമോ? പലരും ഇങ്ങനെയെല്ലാം ചിന്തിച്ച് തല പുകഞ്ഞു.
സരോജിനി ടീച്ചർ എല്ലാവരോടും സംസാരിക്കുമെങ്കിലും ഹൃദയം തുറന്ന് എല്ലാം പറയുന്നത് ആമിന ടീച്ചറോടാണ്. അവരോടും പലരും കാരണം തിരക്കിയെങ്കിലും ആമിനയും കൈ മലർത്തി.
ആമിന ടീച്ചറിൽ നിന്ന് വൃദ്ധസദന വാർത്തയറിഞ്ഞ് ഭർത്താവ് റഷീദും അമ്പരന്നു. എന്താണ് കാരണം? ഭർത്താവ് കൈയിലടിച്ച് സത്യം ചെയ്തശേഷമാണ് ആമിന ചങ്ങാതിയുടെ ദുഃഖം പറഞ്ഞത്.മകനും സരോജിനി ടീച്ചറും വല്ലാതെ ഹൃദയബന്ധമാണ്. അച്ഛനില്ലാത്ത ദുഃഖമറിയാതെയാണ് അവൻ വളർന്നതും വളർത്തിയതും. മരുമകൾ അധികമാരോടും സംസാരിക്കില്ല. നാടൻ ഭക്ഷണങ്ങൾ കഴിക്കില്ല. പാശ്ചാത്യ സംസ്കാരത്തോടാണ് പ്രിയം. ഗുരുത്വവും വിനയവും പഠിപ്പിക്കാൻ ശ്രമിച്ചത് വിനയായി. ടീച്ചർ സാരിയുടുത്ത് വൃത്തിയായി നടക്കുന്നതിലും എല്ലാവരോടും സമഭാവനയോടെ പെരുമാറുന്നതിലും അസഹിഷ്ണുതയുണ്ടായിരുന്നു. മകൻ എപ്പോഴും അമ്മയുടെ വശം ചേരുന്നതിൽ രഹസ്യമായും പരസ്യമായും പൊട്ടിത്തെറിക്കും.
പല അടവുകൾ പയറ്റി നോക്കിയെങ്കിലും ഭർത്താവ് അമ്മയുടെ സൈഡ് നിൽക്കുന്നതിൽ അരിശം പൂണ്ട മരുമകൾ അവസാന ആയുധം തന്നെ എടുത്തു. ഇടയ്ക്കിടെ അമ്മായിയമ്മയെ കാണാൻ ഒരു പുരുഷൻ ബൈക്കിൽ വരും. മണിക്കൂറുകൾ കഴിഞ്ഞാണ് പോകുന്നത് എന്നു പറഞ്ഞു കൊടുത്തു. ആ കുതന്ത്രം വിജയിച്ചു. മകൻ അതേപറ്റി ഒന്നും ചോദിച്ചില്ല. രണ്ടാഴ്ച ഒരക്ഷരം പോലും മിണ്ടിയില്ല. ഇതിനിടയിൽ കാര്യങ്ങളുടെ ഗതി ടീച്ചർ ഊഹിച്ചിരുന്നു.
ലോകത്തെ എല്ലാ നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും പുറത്തുപറയാം. പക്ഷേ സ്വന്തം കുടുംബത്തിലെ അസുഖകരമായ കാര്യങ്ങൾ ഒരിക്കലും പുറത്തുപറയാൻ പറ്റില്ലല്ലോ. ആഴ്ചയിലൊരിക്കൽ മകൻ അമ്മയെ കാണാൻ വൃദ്ധസദനത്തിൽ പോകും. എത്ര നിർബന്ധിച്ചിട്ടും അമ്മ വീട്ടിലേക്ക് വരാൻ തയ്യാറല്ല. രണ്ടു മേൽക്കൂരകൾക്ക് കീഴെ അമ്മയും മകനും പഴയ നല്ല കാലത്തെക്കുറിച്ച് ചിന്തിച്ച് ഉറങ്ങാൻ കിടക്കും.
ഫോൺ : 9946108220