സാഹചര്യങ്ങളാണ് ജീവിതത്തിൽ പലപ്പോഴും വഴിത്തിരിവാകുന്നത്. മേഴ്സിയുടെ ജീവിതം സമ്മാനിച്ച പാഠമാണ് ആ അറിവ്. യഥാർത്ഥപേര് അതല്ലെങ്കിലും നമുക്കവളെ അങ്ങനെ വിളിക്കാം. ചേച്ചി എന്നെ അറിയുമോ എന്ന ചോദ്യവുമായി ഗേറ്റുകടന്ന് അവൾ വന്നപ്പോൾ കുറേ കാര്യങ്ങൾ മനസിലൂടെ കടന്നുപോയി. പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ കുവൈറ്റിൽ നിന്നും രക്ഷപ്പെട്ട അനുഭവം വല്ലാതെ അമ്പരപ്പിച്ചു. വർഷങ്ങൾക്കു മുൻപ് വീട്ടിൽ എനിക്ക് സഹായത്തിനായി വന്നതായിരുന്നു അവൾ. വൈകുന്നേരം ഉടമസ്ഥന്റെ വീട്ടിൽ ഓട്ടോറിക്ഷ ഒതുക്കി കിട്ടിയ പൈസയ്ക്ക് മദ്യപിച്ച് വീട്ടിൽ വന്നുകയറുന്ന ഭർത്താവും രണ്ടും മക്കളും. പിന്നെ വൈകുന്നേരം അയാളുടെ കൈത്തരിപ്പ് തീരുന്നതുവരെ അടിയും. ജീവിക്കാൻ മാർഗമില്ലാഞ്ഞിട്ടാണ് മേഴ്സി വീട്ടുജോലിക്കിറങ്ങിത്തിരിച്ചത്.
അങ്ങനെ വീട്ടുജോലിയിൽ വന്നും പോയുമിരുന്ന മേഴ്സി ഒരു ദിവസം വന്നില്ല. സന്ധ്യയായപ്പോൾ വാതിലിൽ തട്ടുകേട്ടു. റെയിൽവേട്രാക്കിൽ പോയി മരിക്കാൻ പോകുകയാണ് എന്നുപറഞ്ഞ് കരഞ്ഞുകൊണ്ട് മേഴ്സി നിൽക്കുന്നു. തലേദിവസം വീടെത്തുമ്പോൾ വീട്ടിൽ ഭർത്താവുണ്ട്. പൈസ ഉണ്ടാക്കാൻ അനാശാസ്യത്തിന് പോയതാണെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. ദേഹം മുഴുവനും അടികൊണ്ട പാടുമായി വന്ന അവളെ ഞാൻ സമാധാനിപ്പിച്ചിട്ട് തിരികെ അവളുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. മനസിൽ എന്തെങ്കിലും വിഷമമുണ്ടാകുമ്പോൾ വരണമെന്ന് പറഞ്ഞു സത്യം ചെയ്യിച്ചാണ് അവളെ അന്ന് പറഞ്ഞയച്ചത്. ആഴ്ചകൾ പലതുകഴിഞ്ഞു, പിന്നെയും മേഴ്സി വന്നു. പഴയതിന്റെ ബാക്കിയായി, ഇത്തവണ അവൾ രണ്ടും കൽപ്പിച്ചായിരുന്നു വന്നത്.
ചെയ്യുന്നത് ശരിയാണോ എന്ന് പൂർണബോദ്ധ്യമുണ്ടായിരുന്നില്ലെങ്കിലും മറ്റു വഴികളൊന്നുമില്ലായിരുന്നു എന്റെ മുന്നിൽ. ആരും അറിയാതെ മേഴ്സിയെ നാട്ടിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു. പാസ്പോർട്ടും വിസയും ഒക്കെ റെഡിയാക്കി ആ വീട്ടുകാർ തന്നെ ഒരു ബന്ധുവിന്റെ കുഞ്ഞിനെ നോക്കാൻ അവളെ വിദേശത്തേക്കയച്ചു. ഏകദേശം രണ്ടുവർഷം കഴിഞ്ഞപ്പോൾ മേഴ്സി കുറച്ചു സമ്പാദ്യവുമായി തിരികെ വീട്ടിൽ വന്നു. അപ്പോഴേക്കും ഭർത്താവ് തികഞ്ഞ മദ്യപാനിയായി. അവളെ ആശ്രയിച്ചുളള ജീവിതം. കൊണ്ടുവന്ന പൈസ തീർന്നപ്പോൾ വീണ്ടും അടിയും ചവിട്ടും. ഗത്യന്തരമില്ലാതായ അവൾ വിദേശത്തേക്ക് വീട്ടുജോലിക്കാരെ കൊണ്ടുപോകുന്ന ഒരു ഏജന്റിന്റെ പരിചയത്തിൽ കുവൈറ്റിലേക്ക് പോയി. എയർപോർട്ടിൽ നിന്നു തന്നെ അവിടെയുള്ള ഏജന്റുമാർ ഓരോരുത്തരേയും വന്നു കൊണ്ടുപോയി. എങ്ങോട്ടാണെന്ന് ആർക്കും അറിയില്ല. ചെന്നയുടൻ പാസ്പോർട്ടും ഫോണും ബാക്കി രേഖകളും എല്ലാം അറബിയുടെ ഭാര്യ വാങ്ങിവച്ചു. കൊട്ടാരം പോലത്തെ വീട്ടിലെ സകലമാന പണിയും ഒറ്റക്കു ചെയ്യണം.
നല്ല വിലപിടിപ്പുള്ള ആറു കാറുകൾ. അതെന്നും കഴുകണം. വേറെ ആരും സഹായത്തിനില്ല. ഭാഷ അറിയില്ല. കൂടാതെ ഇടയ്ക്കിടക്കുള്ള ദേഹോപദ്രവവും. ഭക്ഷണം പാകം ചെയ്യേണ്ടെങ്കിലും ബാക്കിയെല്ലാം തയ്യാറാക്കി കൊടുക്കണം. 2006 കാലത്ത് മേഴ്സിയെപ്പോലെയുള്ള ഒരു സ്ത്രീക്ക് മൊബൈൽ സ്വപ്നം കാണാനേ കഴിയുമായിരുന്നുള്ളൂ. എന്നിട്ടും അത് വാങ്ങിയത് നാട്ടിലേക്കൊന്നു വിളിക്കാനായിരുന്നു.ഏകദേശം ഒന്നരവർഷത്തോളം അവിടെ തുടർന്നു. അഞ്ചുപൈസ ശമ്പളമില്ല. മരണവും അവിടെ തന്നെ എന്നു തീർച്ചപ്പെടുത്തി. എല്ലാം അസ്തമിച്ചു എന്നു കരുതി ഇരുന്നപ്പോഴാണ് രക്ഷകന്റെ തല തൊട്ടടുത്തെ കൊട്ടാരത്തിന്റെ മതിലിൽ കൂടി കണ്ടത്. കാർ ഷെഡ് അവസാനിക്കുന്ന സ്ഥലത്ത് മതിലിനപ്പുറത്ത് ഒരു ബംഗാളി പയ്യനെ കണ്ടതായിരുന്നു വഴിത്തിരിവ്. ആംഗ്യത്തിലൂടെ അവന്റെ ഫോൺ വാങ്ങുകയും കൂടെവന്ന കൂട്ടുകാരിയുടെ നമ്പരിലേക്ക് വിളിച്ച് തനിക്കു പറ്റിയ ചതിയുടെ കാര്യം അറിയിച്ചു. എന്നും ആറുമണിക്ക് ആ വീട്ടിലെ സ്ത്രീകൾ പുറത്തുപോയാൽ അർദ്ധരാത്രിയാകും തിരിച്ചുവരാൻ. അത്രയും സമയം മേഴ്സി സ്വതന്ത്രയാണ്. പ്രതീക്ഷിച്ചിരിക്കാതെ ഒരു ദിവസം കാർഷെഡ്ഡിൽ നിൽക്കുമ്പോൾ ബംഗാളിപ്പയ്യൻ വൈകിട്ട് ആറുമണിക്ക് കാർ വരുമെന്നും തയ്യാറായി നിൽക്കണമെന്നും ഫോൺ വന്നതായി അറിയിച്ചു. സ്വർഗത്തിനും നരകത്തിനും ഇടയിൽ നിൽക്കുന്നതുപോലെ തോന്നി മേഴ്സിക്ക്.
ഓടിപ്പോകുന്നതിനിടയിൽ പിടിക്കപ്പെട്ടാൽ ചാട്ടവാറടി കിട്ടും. രക്ഷപ്പെട്ടാൽ എങ്ങനെയെങ്കിലും നാടുകാണാം. ഏതായാലും പോകാൻതന്നെ തീരുമാനിച്ചു. ആറുമണിയായപ്പോൾ അറബിയും കുടുംബവും പുറത്തുപോയി. അൽപ്പനേരം കഴിഞ്ഞു. ബംഗാളിപ്പയ്യൻ അടയാളം കാണിച്ചു. നിന്നവേഷത്തിൽ മേഴ്സി പുറത്തുകടന്നു. കാറുമായി കൂട്ടുകാരിയും കൂട്ടരും അകലെ കാത്തു നിന്നിരുന്നു. പിന്നീട് പാസ് പോർട്ടും വിസയുമില്ലാതെ ഒമ്പതു വർഷത്തോളം പല മലയാളി വീടുകളിൽ മേഴ്സി വീട്ടുജോലിക്കു നിന്നു. കിട്ടിയ പൈസ മുഴുവനും നാട്ടിലോട്ടയച്ചു. ഭർത്താവ് മദ്യപാനം മൂലം കരൾരോഗിയായി മാറിക്കഴിഞ്ഞിരുന്നു. ഒരുദിവസം രാത്രിയിൽ മേഴ്സി എന്നെ വിളിച്ച് അകപ്പെട്ടിരിക്കുകയാണെന്നു പറഞ്ഞു. പൊതു മാപ്പുകിട്ടി തിരികെ തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങി. 2006 തൊട്ട് 2018 വരെയുള്ള ഒരുവ്യാഴവട്ടം നഗരത്തിനുണ്ടായ മാറ്റത്തിനപ്പുറം അവളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഭർത്താവിന്റെ ചികിത്സയ്ക്കുൾപ്പടെയുള്ള പണം കണ്ടെത്താൻ വീണ്ടും പുതിയ പാസ്പോർട്ടിനുവേണ്ടി നഗരത്തിലെ ആഫീസുകളിൽ കയറിയിറങ്ങുകയാണ് അവളിപ്പോൾ. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത് പാകമായവളാണ്. ജീവിതം അവസാനിപ്പിക്കാൻ പോകുന്ന മേഴ്സിമാർ നമുക്ക് ചുറ്റിനും ഉണ്ട്. വേണ്ട സമയത്തുള്ള ഒരു സാന്ത്വനവാക്കിന് ചിലപ്പോൾ ഒരു ജീവനെ രക്ഷപ്പെടുത്തുവാൻ സാധിക്കും.