emisat

ന്യൂഡൽഹി: ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റ് ഇന്ത്യ നാളെ വിക്ഷേപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം പ്രവർത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹമാണ് എമിസാറ്റ്. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഐ.എസ്.ആർ.ഒയും സംയുക്തമായാണ് എമിസാറ്റ് നിർമ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്.

പിഎസ്.എൽ.വി സി 45 റോക്കറ്റിലാണ് എമിസാറ്റടക്കം 29 ഉപഗ്രഹങ്ങളെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുക. എമിസാറ്റിനെ 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്. ഐസ്.എസ്.ആർ.ഒയുടെ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾക്ക് വിക്ഷേപണ ദൃശ്യം കാണാൻ അവസരം നൽകുന്നു എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്.

എമിസാറ്റിന്റെ പ്രവർത്തനം ഇങ്ങനെ
ശത്രുക്കളുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകൾ പോലുള്ള ആയുധങ്ങളുടെയും സിഗ്നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികൾ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങൾക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ കഴിയില്ല.

എസാറ്റ് മിസൈൽ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സർജിക്കൽ സ്‌ട്രൈക്കിനുശേഷമാണ് ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹമായ എമിസാറ്റ് ഇന്ത്യ വിക്ഷേപിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.