franko-mulakkal

ന്യൂഡൽഹി:കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ വിശ്വസ്‌തനും ഫ്രാൻസിസ്‌കൻ മിഷണറീസ് ഒഫ് ജീസസ് ഡയറക്ടർ ജനറലുമായ ഫാ. ആന്റണി മാടശ്ശേരിയുടെ കാറിൽ നിന്ന് പഞ്ചാബ് പൊലീസ് കണക്കിൽപ്പെടാത്ത 10 കോടിയോളം (9, 66, 61, 700) രൂപ പിടിച്ചെടുത്തു. ഫാദറിനെയും ഒപ്പമുണ്ടായിരുന്ന മുംബയ് സ്വദേശിയായ വനിത ശിവാംഗി ലിംഗായത്ത് അടക്കം അഞ്ചുപേരെയും കസ്‌റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. പണം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിന് പിന്നാലെ കൂട്ടാളിയിൽ നിന്ന് കള്ളപ്പണം പിടിക്കുക കൂടി ചെയ്‌തതോടെ ജലന്ധർ രൂപത കൂടുതൽ കുരുക്കിലായിരിക്കുകയാണ്. ഫ്രാങ്കോയുടെ വിശ്വസ്തനായ ആന്റണി മാടശ്ശേരി പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.

കാലടി കൊറ്റമം സ്വദേശിയായ ഫാ. ആന്റണി മാടശേരിൽ ജലന്ധർ രൂപതയിലെ പാർത്തപ്പുര ഗ്രാമത്തിലെ പള്ളിയിൽ വികാരിയാണ്. രാജ്പാൽ സിംഗ്, രവീന്ദർ ലിംഗായത്ത്, അശോക് കുമാർ, ഹർപാൽ സിംഗ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

കാറിൽ കള്ളനോട്ടുമായി ഒരു സംഘം വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പണം പിടിച്ചെടുത്തെന്നാണ് പൊലീസ് ഭാഷ്യം. ജലന്ധറിൽ നിന്ന് അംബാലയിലേക്ക് വരുന്ന മൂന്നു കാറിൽ വ്യാജ നോട്ടുകൾ കടത്തുന്നുവെന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ലുധിയാനയ്‌ക്കു സമീപം ഖാനാ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയതെന്ന് എസ്.പി ധ്രുവ് ദാഹിയ അറിയിച്ചു. പിടിച്ചത് കള്ളനോട്ടാണോ എന്ന് പരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാവൂ. പണത്തിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും സംഘത്തിന് നൽകാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

10 കോടി ശമ്പളം കൊടുക്കാനെന്ന് !

ആന്റണി മാടശ്ശേരി ഡയറക്‌ടറായ നവജീവൻ ചാരിറ്റബിൾ സൊസൈറ്റി, സഹോദയ എന്നിവ ഉൾപ്പെടെ വിവിധ ട്രസ്റ്റുകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കൊണ്ടുപോയ പണമാണെന്നാണ് സഭയുടെ വിശദീകരണം. പണം പിടിച്ചെടുത്ത ശേഷം ജലന്ധർ പർത്താപുരയിലെ മിഷണറീസ് ഓഫ് ജീസസിന്റെ ജനറലേറ്റ് ആസ്ഥാനത്തോട് ചേർന്നുള്ള വൈദികന്റെ വസതിയിൽ പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തിയതായും സൂചനയുണ്ട്.