മലബാറിൽ നിന്നുള്ള ആദ്യത്തെ മുസ്ളിം നാടകനടിയായിരുന്നു ഇളയമ്മ നിലമ്പൂർ ആയിഷയെങ്കിലും അഭിനയരംഗത്ത് സജീവമാകാൻ നടി സീനത്തിന് പ്രതിബന്ധങ്ങളേറെയുണ്ടായിരുന്നു. എങ്കിലും ചോരയിലലിഞ്ഞു ചേർന്ന കല സീനത്തിനെ മുന്നോട്ടു തന്നെ നയിച്ചു. സീനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ തലയ്ക്കു പിടിച്ച അഭിനയം. സീനത്തിന്റെ ജീവിതത്തിലൂടെ, അഭിനയകാലങ്ങളിലൂടെ...
പ്രായമുള്ള മക്കളുടെ അമ്മ
എനിക്ക് മുപ്പതു വയസ് തികയുന്നതിനു മുൻപേ ഞാൻ സായ്കുമാർ, മുകേഷ്, ജഗദീഷ് തുടങ്ങിയ എന്നെക്കാൾ പ്രായമുള്ള നായകനടന്മാരുടെ അമ്മയായി അഭിനയിച്ചു. 'ഗോഡ് ഫാദറാ" ണ് ബ്രേക്ക് നൽകിയ ചിത്രം. ഒരു സീനിലേ അഭിനയിച്ചുള്ളൂവെങ്കിലും എന്നെ സിനിമാ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ആ ചിത്രത്തോടെയാണ്. അതിനു ശേഷം 'മക്കൾ മാഹാത്മ്യം" എന്ന ചിത്രത്തിൽ ഇന്നസെന്റ് ചേട്ടന്റെ രണ്ടു ഭാര്യമാരിൽ ഒരാളായി അഭിനയിച്ചു. കെ.പി.എ.സി ലളിത ചേച്ചിയായിരുന്നു ഒരു ഭാര്യ. സായ്കുമാറിന്റെ അമ്മയായി ആ സിനിമയിലെ ഏറ്റവും നല്ല വേഷം ചെയ്തിട്ടും എന്റെ ഫോട്ടോ മാത്രം അന്ന് പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ല.
ശബ്ദം അഭിനയപാഠം
സ്റ്റേജിലെ അഭിനയം ഒന്നുവേറെ തന്നെയാണ്. ഏകാഗ്രതയും സൂക്ഷ്മതയും വേണ്ട അഭിനയമാണ് സ്റ്റേജിൽ പുറത്തെടുക്കേണ്ടത്. സിനിമയിൽ നേർവിപരീതമാണ് കാര്യങ്ങൾ. നാടകാഭിനയത്തിന്റെ വിദൂര സാന്നിദ്ധ്യം പോലും സിനിമയിൽ വരാൻ പാടില്ല. നിത്യജീവിതത്തിൽ സംസാരിക്കുന്ന ശൈലിയിലായിരിക്കണം സിനിമയിൽ ഡയലോഗ് പറയേണ്ടത്. നാടകത്തിൽ എപ്പോഴും നമ്മുടെ ശബ്ദം കൊണ്ടാണ് ജനങ്ങളെ കൈയിലെടുക്കേണ്ടത്. വേദിയുടെ പല ഭാഗങ്ങളിൽ ഇരിക്കുന്ന കാണികളുടെ മുഴുവൻ ശ്രദ്ധയും സ്റ്റേജിലേക്ക് കൊണ്ടുവരണമെങ്കിൽ ഉച്ചത്തിലുള്ള നമ്മുടെ ശബ്ദംകൊണ്ട് മാത്രമേ കഴിയൂ. നാടകത്തെ മുൻനിറുത്തി നോക്കുമ്പോൾ സിനിമാഭിനയത്തിന് വളരെയധികം സൗകര്യങ്ങൾ കൂടുതലാണെന്ന് പറയേണ്ടിവരും.
നല്ല ഉദ്ദേശ്യം നഷ്ടപ്പെടരുത്
മീ ടൂ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോൾ എന്തിന് വിളിച്ചു പറയുന്നു എന്നാണ് ചിലർ ചോദിക്കുന്നത്. പ്രതികരിക്കാൻ കഴിയാത്ത ആ പഴയ സാഹചര്യത്തിൽ എല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്തവർ ഇന്ന് അത് തുറന്നു പറയുന്നതിൽ തെറ്റില്ല. ഇത്തരം പ്രതികരണങ്ങളിലൂടെ ഇന്നത്തെ തലമുറയ്ക്ക് ധൈര്യം കൊടുക്കുകയാണ് അവർ ചെയ്യുന്നത്.എന്നാൽ കുറെ വർഷം കഴിഞ്ഞ് പ്രതികരിക്കുമ്പോൾ ഗുണവും ദോഷവും ഉണ്ടെന്നു പറയേണ്ടിവരും. ആരോപണ വിധേയനായ വ്യക്തിയുടെ ചുറ്റും നിൽക്കുന്നവരും ഏറെ ബുദ്ധിമുട്ടുന്നു. തൊഴിലിടങ്ങളിൽ ഒരു സ്ത്രീയും ആർക്കും ശാരീരികമായി വഴിപ്പെടേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ ശരീരത്തിൽ കൈവയ്ക്കാൻ ആർക്കും അധികാരമില്ല. പരസ്പര ഇഷ്ടത്തോടുകൂടി ചെയ്തിട്ട് പിന്നീട് വിളിച്ചു പറയുന്നതിനോടും യോജിപ്പില്ല. ഒരുപാടുപേർ എന്നോട് അവരുടെ മനസിൽ തോന്നിയിട്ടുള്ള ഇഷ്ടം പറഞ്ഞിട്ടുണ്ട്. അത്തരം ചില ഇഷ്ടങ്ങൾ ഉണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ തെറ്റില്ല. ആർക്കും ആരുടെ നേരെയും ആരോപണം ഉന്നയിക്കാമെന്ന അവസ്ഥയുണ്ടായാൽ മീ ടൂവിന്റെ നല്ല ഉദ്ദേശ്യം നഷ്ടപ്പെടും.
കെ.ടിയെന്ന ജീവിതപാഠം
കോഴിക്കോട് കലിംഗാ തിയേറ്റേഴ്സിൽ വച്ചാണ് ഞാൻ കെ.ടി യെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മലബാറിലെ നാടകലോകത്ത് വൻ മാറ്റങ്ങൾ കൊണ്ട് വന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നില്ക്കുന്ന ആളായിരുന്നു കെ.ടി. മുഹമ്മദ്. അദേഹത്തിന്റെ പല നാടകങ്ങളും അക്കാലത്തെ സാമൂഹ്യ അനീതികൾക്കെതിരെയുള്ള ശക്തമായ പ്രതിരോധങ്ങളായിരുന്നു. എന്നാൽ എനിക്ക് കെ.ടി യുടെ പ്രതിഭയെക്കുറിച്ചോ ജനസ്വാധീനത്തെക്കുറിച്ചോയൊന്നും അറില്ലായിരുന്നു. കെ.ടി യെക്കുറിച്ച് ഇളയമ്മ പറഞ്ഞുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. കെ.ടിക്ക് അന്ന് ചെറുതായി ആസ്തമയുടെ ശല്യമുണ്ട്. ആസ്തമയ്ക്കുള്ള മരുന്നൊക്കെ എടുത്തു തരാൻ എന്നോടാണ് പറയുന്നത്. കെ.ടി. ഡയലോഗ് പറയുന്നതും സംവിധാനം ചെയ്യുന്നതുമെല്ലാം ശ്രദ്ധയോടെ നോക്കിയിരിക്കും.
ആ ശൈലിയോട് എപ്പോഴോ ഞാനറിയാതെ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. എനിക്ക് പ്രണയമൊന്നും ഉണ്ടായിരുന്നില്ല. ആരാധനയും ബഹുമാനവുമായിരുന്നു. അന്ന് കെ.ടി പ്രണയ പരാജയത്തെ തുടർന്ന് വിഷമിച്ചു നിൽക്കുന്ന കാലമായിരുന്നു. എന്റെ സാന്നിദ്ധ്യത്തിൽ ഒരാശ്വാസം തോന്നിക്കാണും. പെ ട്ടെ ന്നൊരു ദിവസം സീനത്തിനെ എന്നെ ക്കൊണ്ട് വിവാഹം കഴിപ്പിക്കാ മോയെന്ന് കെ.ടി. ഇളയമ്മയോട് ചോ ദിച്ചു. ആദ്യം എനിക്ക് അത് ഉൾക്കൊ ള്ളാനായില്ല. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു അത്. അതോടെ കെ.ടിയോട് ഞാൻ സംസാരിക്കാതെയായി.വിവാഹ അഭ്യർത്ഥന മറന്നു കള ഞ്ഞേക്കാൻ കെ.ടി പറഞ്ഞു. ഇതിനിടയിൽ ഞാനും ഇളയമ്മയുമുൾപ്പെടെയുള്ള കുറച്ചുപേരെ നാടകസമിതിയിൽ നിന്ന് പിരിച്ചു വിട്ടു. നാടക സമിതി നടത്തിയിരുന്നത് കെ.ടിയുടെ അനുജൻ കെ.ടി. സൈദായിരുന്നു. പിരിച്ചുവിടലിന് കാരണമായി പറഞ്ഞത് കെ.ടിക്ക് എന്നോടുള്ള അടുപ്പമാണ്. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമനം കിട്ടുന്നത്.
ആ വാശിയിൽ എനിക്ക് കെ.ടി യെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ ആകെ പ്രശ്നമായി. ഉമ്മയും ബന്ധുക്കളുമെല്ലാം കരച്ചിലും വിളിയുമായി. എന്നാൽ എന്റേത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. തിരുവനന്തപുരത്ത് വച്ച് രജിസ്റ്റർ മാര്യേജ് നടത്തി. വിവാഹസമയത്ത് കെ.ടിക്ക് 54 വയസും എനിക്ക് 18 വയസുമായിരുന്നു.
ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകൾ പറയുന്നതോയൊന്നും മനസിലാക്കാനുള്ള അറിവോ പക്വതയോ അന്നെനിക്ക് ഇല്ലായിരുന്നു. ആ ബന്ധം പതിനൊന്നുവർഷം നീണ്ടു, ഒരു മോനുണ്ടായി. പിന്നീടാണ് ഞാൻ ബിസിനസുകാരനായ അനിലിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. അത് ശരിക്കുമൊരു പ്രണയവിവാഹമായിരുന്നു.