കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് തുഷാരയിൽ തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയെ 5 വർഷം മുമ്പാണ് ഓയൂർ ചെങ്കുളം കുരിശുംമൂട് പറങ്ങോട്ട് ചരുവിള വീട്ടിൽ ചന്ദുലാൽ (30) വിവാഹം ചെയ്തത്. 20 പവന്റെ സ്വർണ്ണാഭരങ്ങൾ വിവാഹസമയത്ത് നൽകിയിരുന്നു. ഈ സമയത്ത് തന്റെ മകളെ ഒരു വിപത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ആ പിതാവ് ചിന്തിച്ചതുപോലുമില്ല. സ്ത്രീധനമായി 2 ലക്ഷം രൂപ 3 വർഷത്തിനകം നൽകാമെന്നും പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം 3 പ്രാവശ്യം മാത്രമാണ് തുഷാര രക്ഷിതാക്കളെ കാണാനെത്തിയത്.
വിവാഹദിവസം തന്നെ സ്വർണ്ണാഭരണങ്ങൾ ഭർത്താവും അമ്മയും കൂടി ഊരി വാങ്ങിയെന്ന് തുഷാര ന്നോട് പറഞ്ഞിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. മൂന്ന് മാസം പിന്നിട്ടപ്പോൾ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ച് തുടങ്ങി. വിവാഹം നടത്തിയതിന്റെ കടം വീട്ടാൻ തുളസീധരന് 4 വർഷത്തോളം വേണ്ടി വന്നു. ഇതിനിടെ ഇവർ നിരവധി തവണ ഓയൂരിലെത്തി മകളെ കണ്ടിരുന്നു. അപ്പോഴൊക്കെ പീഡനകഥകളാണ് രക്ഷിതാക്കളോട് പറയാനുണ്ടായിരുന്നത്.
പീഡനം സഹിക്കവയ്യാതെ രണ്ട് പ്രാവശ്യം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും രക്ഷിതാക്കൾ പറഞ്ഞു. ഭർത്താവും അമ്മായിയമ്മയും പുറത്തേക്ക് പോകുമ്പോൾ തുഷാരയെ വീടിനുള്ളിൽ പൂട്ടിയിടുകയായിരുന്നു പതിവ്. ഇതെല്ലാം സഹിച്ചാണ് മകൾ ഭത്തൃവീട്ടിൽ കഴിഞ്ഞിരുന്നതെന്ന് പിതാവ് തുളസീധരൻ നിറകണ്ണുകളോടെ പറയുന്നു. മകളുടെ വിഷമം മനസിലാക്കിയ തുളസീധരൻ ബാങ്കിൽ നിന്ന് ലോണെടുത്ത് സ്ത്രീധന തുക നൽകാൻ തീരുമാനിച്ചു.
ഇതിനായി കരുനാഗപ്പള്ളിയലെ ഒരു സഹകരണ ബാങ്കിൽ നിന്ന് ലോണെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥൻ എത്തി വസ്തു കണ്ട് മടങ്ങിയത്തിന്റെ മൂന്നാം ദിവസമാണ് മകളുടെ മരണവാർത്ത മാതാപിതാക്കളെ തേടിയെത്തിയത്. ചന്ദുലാലിന്റെ സഹോദരിയും സഹോദരിയുടെ ഭർത്താവും തുഷാരയെ പീഡിപ്പിച്ചിരുന്നതായി പിതാവ് തുളസീധരൻ പറഞ്ഞു. ലോകത്ത് ഒരു പെൺകുട്ടിക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകരുത്. ഇതിനായി നിയമത്തിന്റെ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ് തുളസീധരൻ പറയുന്നത്.
സർക്കാർ ജോലി വേണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് തുഷാര (27) മറ്റൊരു ലോകത്തേക്ക് യാത്രയായത്. ബി.എ പാസായ തുഷാര സർക്കാർ ഉദ്യോഗത്തിന് വേണ്ടി ശ്രമം നടത്തിയെങ്കിലും ഭർത്താവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഭർത്തൃവീട്ടുകാരുടെ നിന്തര പീഡനവും ഭക്ഷണം നൽകാത്തതു മൂലവുമുണ്ടായ അസുഖവുമാണ് തുഷാരയെ മരണത്തിലേക്ക് നയിച്ചത്.