ഓയൂർ: ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിളവീട്ടിൽ തുഷാരയെ (27) സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് ചന്തുലാലിനെയും (30), മാതാവ് ഗീതലാലിനെയും (50) ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകളായ തുഷാര കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. രാത്രി 12 മണിയോടെ യുവതിയെ ഭർത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യുമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളും ഉണ്ടായിരുന്നു. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടർന്നാണ് പൂയപ്പള്ളി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂർ ഡിവൈ.എസ്.പി ദിനരാജിനാണ് അന്വേഷണ ചുമതല.
ഗീതലാൽ വീടിന് മുന്നിൽ ക്ഷേത്രം കെട്ടി നടത്തുന്ന മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും തുഷാരയേയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും. ഇവിടെ നിരവധി ആളുകൾ എത്തുമെങ്കിലും അവരാരും തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാത്തതും ദുരൂഹതയുണർത്തുന്നതാണ്. ദിവസങ്ങളോളം ആഹാരം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയ്ക്ക് ഭാരം. പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമേ നൽകിയിരുന്നുള്ളൂ എന്നാണ് ചന്തുലാൽ പൊലീസിനോട് സമ്മതിച്ചത്.
ഇത് ആഭിചാരക്രിയകൾക്കായി യുവതിയെ ഉപയോഗിച്ചതിന്റെ ഭാഗമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. തൊട്ടടുത്തു തന്നെ താമസിക്കുന്ന ചന്തുലാലിന്റെ സഹോദരിക്കും ഭർത്താവിനും ഈ വീടുമായി അടുപ്പമുണ്ടെങ്കിലും അവരാരും തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്തതും ദുരൂഹത ഉയർത്തുന്നു. ഇവരെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തുഷാരയുടെ ബന്ധുക്കൾ പരാതി നല്കിയിട്ടുണ്ട്. പോലീസ് കേസെടുത്തത് സ്ത്രീധനത്തിന്റെപേരിൽ കൊലപ്പെടുത്തിയെന്നാണ്. തുഷാര ദുർമന്ത്രവാദത്തിനിരയായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. ദിനരാജ് പറഞ്ഞു.
അതേസമയം ഏറെ ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്ന ഈ വീടിനെയും നാട്ടുകാരും പരിസരവാസികളും ഭയന്നിരുന്നുവെന്ന കാര്യവും പുറത്ത് വരുന്നുണ്ട്. അപരിചിതരായ ധാരാളം പേർ ഇവിടെ എത്തിയിരുന്നു. ശത്രു നിഗ്രഹത്തിനായി ദുർമന്ത്രവാദങ്ങളിവിടെ ചെയ്തിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാൻ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏൽപ്പിച്ചാൽ മതിയെന്നായിരുന്നു നാട്ടുകാരിൽ നിന്നും അറിയുന്നത്. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളിൽ കണ്ടിരുന്നു. പരിസരവാസികളെ അകറ്റിനിർത്തുന്നതിനായി തകരഷീറ്റുകൊണ്ട് ഉയരത്തിൽ മറകെട്ടിയിരുന്നു, ഇത് കൂടാതെ വീടിന് മുന്നിലെ ഇരുമ്പുഗേറ്റ് ചങ്ങലകൊണ്ട് സദാസമയവും പൂട്ടിയിരുന്നു.