ഗാസിയബാദ്: യുവതിയെയും ആൺസുഹൃത്തിനെയും വെടിവച്ച് കൊന്ന കേസിൽ പ്രതിയായ പൊലീസുകാരനെ അന്വേഷണ സംഘം പിടികൂടി. ഡൽഹി ട്രാഫിക് പൊലീസിലെ സബ് ഇൻപ്‌പെക്‌ടറായ ദിനേശിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുൻപ് ഗാസിയാബാദിലെ സായി ഉപവൻ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പ്രീതിയുടെയും സുരേന്ദ്രന്റെയും മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന പ്രീതിയുടെ അച്ഛന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രീതിക്ക് ഡൽഹി ട്രാഫിക് പൊലീസ് സബ് ഇൻസ്‌പെക്ടറായ ദിനേശുമായി മുൻപ് ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൃത്യം നിർവഹിച്ചത് ദിനേശാണെന്ന് പൊലീസിന് വ്യക്തമായത്.
വിവാഹനിശ്ചയത്തോടെ പ്രീതി ദിനേശുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് ഫോൺ നമ്പർ മാറ്റിയ യുവതി പ്രതിയുമായുള്ള കൂടിക്കാഴ്ചയും അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായ ദിനേശ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുരേന്ദ്രനും പ്രീതിയും ഒന്നിച്ച് ഗാസിയാബാദിലെ ക്ഷേത്രത്തിൽ പോയപ്പോൾ പ്രതി തന്റെ സുഹൃത്തായ പിന്റോയ്ക്കൊപ്പം ഇവരെ പിന്തുടർന്നു.
ക്ഷേത്ര ദർശനത്തിന് ശേഷം പുറത്തിറങ്ങിയ ഇരുവരുമായി ദിനേശ് സംസാരിക്കുകയും വാക്കു തർക്കമാവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദിനേശ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ഇവരുവരെയും വെടിവച്ച് കൊല്ലുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച തോക്കും പ്രതി സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദിനേശിന്റെ സഹായി പിന്റുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.