crime

വർഷങ്ങളായി ഭർത്താവിന്റെ വീട്ടിലെ പീഡനത്തിനിരയായി പട്ടിണികിടന്ന് മരണപ്പെട്ട തുഷാരയുടെ ജീവിതത്തെക്കുറിച്ച് ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊടിയ പട്ടിണിയിലും ഭർത്താവിന്റെയും മാതാവിന്റെയും മർദ്ദനവുമേറ്റ് തുഷാര നിലവിളിക്കുന്നത് കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അയൽവീടുകളിൽ നിലവിളി ഉയർന്നാലോ അവിടെ എന്തെങ്കിലും പ്രശ്നം സംഭവിച്ചെന്ന് തോന്നിയാലോ അതിലിടപെടാൻ പഴയതുപോലെ നമ്മുടെ സമൂഹം മടിക്കുന്നതായി ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. ഇന്ന് ഓരോ വീടുകളും ഓരോ വ്യത്യസ്തമായ യൂണിറ്റുകളാണെന്നും അവിടെ ചെന്നുകയറി ഇടപെടാൻ പാടില്ലാത്തവിധം അടച്ചിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെടുന്നു.

വായിൽ തുണിതിരുകി മർദ്ദിക്കുമ്പോൾ നിലവിളി ശബ്ദം പുറത്ത് വരില്ലെന്നും ഇനി വന്നാലും അയൽക്കാർ തിരക്കില്ലെന്നുമുളള ധൈര്യമാണ് ഇക്കൂട്ടർക്കുള്ളത്. സമൂഹത്തിൽ ഭാര്യയുടെ അധികാരി ഭർത്താവിൽ നിന്നും അയാളുടെ അമ്മയിലേക്കും നീളുകയാണ്. കുടുംബ 'ഭദ്രതയ്ക്ക് ' വേണ്ടി ഇവർ പെൺ ബലി നടത്തുവാൻ പോലും മടികാണിക്കില്ല. വീട്ടിലേക്കു വന്നു കയറുന്ന പെൺകുട്ടിയുടെ ജീവിതമൊന്നും അവരുടെ അജണ്ടയിലില്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"അന്നു രാത്രി ഊണു കഴിഞ്ഞ് കിടക്കുന്നതിനു മുൻപ് പിള്ളാരെ വളർത്തേണ്ട രീതിയെപ്പറ്റി അവിടെയുള്ള പിതാക്കന്മാരോടു ഞാൻ സംസാരിച്ചു. തളളമാർക്ക് ശരിക്കു ചോറു കൊടുക്കേണ്ട കാര്യത്തെക്കുറിച്ചും സംസാരിച്ചു." ( വൈക്കം മുഹമ്മദ് ബഷീർ )

ചോറും നല്ല കറികളുമെല്ലാം ആണുങ്ങൾക്കു കൊടുത്തിട്ട് ഉണക്കുകപ്പ പൊടിച്ച് പുട്ടുണ്ടാക്കി അതും തേയില തിളപ്പിച്ച വെള്ളവും കുടിക്കുന്ന പെണ്ണുങ്ങൾ ബഷീറെഴുതിയ പോലെ ഇന്നും പല ഭർതൃ വീടുകളിലുമുണ്ട്. പെറ്റു കിടക്കുന്ന തള്ളയാട് നേന്ത്രപ്പഴം കട്ടു തിന്നപ്പോൾ പാത്തുമ്മാ പറഞ്ഞത്, ' പോട്ടെ ഇക്കാക്കാ, അതിനു വെശന്നിട്ടാ, ഞാൻ വേറെ രണ്ടെണ്ണം വാങ്ങിത്തരാം' എന്നാണ്.

ഇന്നലെ മരിച്ച സ്ത്രീക്ക് അതു പോലുമുണ്ടായിരുന്നില്ല. 20kg !!!!വായിൽ തിരുകിയ തുണികൾ അവരുടെ അലർച്ച പുറത്തേക്കു കൊണ്ടുവരികയില്ല. പുറത്തേക്കു വന്നാലും അന്യവീടുകളിലെ പ്രശ്നങ്ങളിൽ പഴയതുപോലെ സമൂഹം ഇടപെടുകയില്ല. എല്ലാം ഓരോ വ്യത്യസ്ത യൂണിറ്റാണ്. ചെന്നു കയറി ഇടപെടാൻ പാടില്ലാത്ത വിധം അടച്ചത്.

അധികാരിയുടെ ഉടൽ ഭർത്താവിൽ നിന്ന് അയാളുടെ അമ്മയിലേക്കും നീളുന്നു. ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്, അവകാശമാണ്.വീട്ടിലേക്കു വന്നു കയറുന്ന പെൺകുട്ടിയുടെ ജീവിതമൊന്നും അവരുടെ അജണ്ടയിലില്ല. ആൺകോയ്മയുടെ യുക്തികളെ അവർ ലളിതമായി സംരക്ഷിക്കും. പാലങ്ങളുറപ്പിക്കാൻ നരബലി നടത്തുന്നതു പോലെ കുടുംബ 'ഭദ്രതയ്ക്ക് ' വേണ്ടി ഇവർ പെൺ ബലി നടത്തും. 'ഭദ്രത ' പ്രധാനമല്ലേ? അതിനാൽ അടങ്ങിയൊതുങ്ങിക്കഴിയാൻ ഇനിയും പെൺകുട്ടികളോടു നാം പറഞ്ഞു കൊണ്ടേയിരിക്കും.

എസ്.ശാരദക്കുട്ടി
31.3.2019