തൊടുപുഴ: തൊടുപുഴയിൽ ഏഴുവയസുകാരന് ക്രൂരമർദ്ദനമേറ്ര സംഭവം പുറത്തറിഞ്ഞത് ആശുപത്രി അധികൃതരുടെ ഒരൊറ്റ ചോദ്യത്തിലൂടെ. അരുണും യുവതിയും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷിതാക്കളാണെന്നാണ് അധികൃതരോട് ആദ്യം പറഞ്ഞത്. കുട്ടിക്ക് എന്ത് സംഭവിച്ചതാണെന്ന ചോദ്യത്തിന് ഇരുവരുടെയും മറുപടികൾ വ്യത്യസ്ഥമായതിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
'തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയുടെ പേരെന്താണ്' എന്ന ഒറ്റ ചോദ്യത്തിലായിരുന്നു അരുണിന്റെ കള്ളത്തരം പൊളിഞ്ഞത്. അപ്പു എന്നാണു വീട്ടിൽ വിളിക്കുന്നതെന്നും യഥാർഥ പേര് ഓർമയില്ലെന്നും ചോദിച്ചിട്ട് പറയാമെന്നുമായിരുന്നു ഇയാളുടെ മറുപടി. യുവതിയുടെ ചുണ്ടിലെ മുറിവുകളും മുഖത്തടിയേറ്റ പാടുകളും കുട്ടിയുടെ പേര് ചോദിച്ചപ്പോഴുള്ള പ്രതികരണവും കൂടിയായപ്പോൾ പൊലീസിന്റെ സംശയം ഉയരുകയും ചെയ്തു. ആശുപത്രിക്ക് ഉള്ളിലേക്ക് കയറാതെ അരുൺ കാറിനുള്ളിലിരുന്ന് സിഗററ്റ് വലിച്ച് കൊണ്ടിരുന്ന കാര്യം സുരക്ഷാ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ യുവതി കയർത്ത് സംസാരിച്ചതും പൊലീസിന് അസ്വാഭാവികമായി തോന്നുകയും ചെയ്തു.
ഏഴുവയസ്സുകാരനോട് കൊടും ക്രൂരത കാണിച്ച സംഭവത്തിലെ യഥാർത്ഥ ഭീകരത പുറത്തുവന്നത് ആശുപത്രിയിൽ കുട്ടിക്കുണ്ടായ പരിക്കിനെ കുറിച്ച് അമ്മയും കാമുകനും പറഞ്ഞതിലെ വൈരുദ്ധ്യമാണ് കാരണമായത്. അരുണിന്റെ പെരുമാറ്രത്തിൽ സംശയം തോന്നിയ പൊലീസ് എടുത്ത മുൻകരുതലുകളും പ്രതിക്ക് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെ യുവതിയും അരുൺ ആനന്ദും ചേർന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീട്ടിനുള്ളിൽ വീണതാണെന്നാണു അമ്മ ഡോക്ടറോടു പറഞ്ഞത്. അതേസമയം, കളിക്കുന്നതിനിടെ അപകടമുണ്ടായെന്ന് അരുണും പറഞ്ഞു. ഇതേ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ കയറാൻ അരുൺ ആദ്യം മടിച്ചിരുന്നു. അരുണിന്റെ കാർ കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുന്നതിനെ കുറിച്ച് ഇയാൾ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
ഇതോടെ അരുണിനെ നിരീക്ഷിക്കാൻ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസുകാരെ മഫ്തിയിൽ ഏർപ്പെടുത്തി. അരുണിന്റെ എ.ടി.എം. കാർഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നു. കാർ പൊലീസ് വിട്ടുകൊടുക്കാത്തിനാൽ രക്ഷപ്പെടാനുളള അരുണിന്റെ മാർഗങ്ങൾ അടയുകയായിരുന്നു. കാർ കൈവശമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വീട്ടിലെത്തി ഇയാൾ തെളിവ് നശിപ്പിച്ച് കടന്നുകളയാനും വഴിവയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.