മാവേലിക്കര: അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂട്ടറിൽ പോയ 5 വയസുകാരൻ ലോറിക്കടിയിൽപ്പെട്ടു മരിച്ച സംഭവത്തിൽ ക്യാമറ ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിക്കുന്നു. മിച്ചൽ ജംഗ്ഷനു തെക്ക് വള്ളക്കാലിൽ തീയറ്ററിന് സമീപത്തു വെള്ളിയാഴ്ച വൈകിട്ട് മൂന്നരയ്ക്കുണ്ടായ അപകടത്തിൽ കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ശാന്താഭവനം ശ്യാംകുമാറിന്റെ മകൻ അദ്വൈത് (ഉണ്ണിക്കുട്ടൻ 5) ആണ് മരിച്ചത്. പൊലീസ് ശേഖരിച്ച ക്യാമറ ദൃശ്യങ്ങളിൽ അപകടത്തിനു തൊട്ടുമുൻപു റോഡരികിൽ നിറുത്തിയിട്ടിരുന്ന കാർ റോഡിലേക്കു കയറുന്നതായുണ്ട്. ഈ സമയം എതിർദിശയിൽ നിന്നു പാഴ്സൽ ലോറി വന്നതിനാൽ കാർ സ്‌കൂട്ടറിൽ ഇടിച്ചോ എന്നതു വ്യക്തമല്ല. തൊട്ടടുത്ത ദൃശ്യങ്ങളിൽ സ്‌കൂട്ടർ റോഡിൽ കിടക്കുന്നതാണ് കാണുന്നത്. കാർ സ്‌കൂട്ടറിൽ ഇടിച്ചോ എന്നതു സ്ഥിരീകരിക്കാനാണ് പൊലീസ് ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മാവേലിക്കര വളളക്കാലിൽ തീയറ്ററിന് മുന്നിലായിരുന്നു അപകടം. അദ്വൈതിന്റെ അമ്മ ജിഷയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ അമ്മ ജിഷ (സരിത–33), ജിഷയുടെ കൂട്ടുകാരി ചുനക്കര വടക്ക് പറങ്കാന്തോട്ടത്തിൽ മഞ്ജു (34) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജിഷയുടെ കൈപ്പത്തിയിലെ ഞരമ്പ് മുറിഞ്ഞതിനാൽ ഇന്നലെ ശസ്ത്രക്രിയ നടത്തി.