rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിക്ക് പുറമെ വയനാട്ടിൽ നിന്ന് കൂടി മത്സരിക്കുമെന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാവ് എ.കെ.ആന്റണി അറിയിച്ചു. ദക്ഷിണേന്ത്യയിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. വയനാട് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന വിലയിരുത്തലുമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിനിത് അഭിമാന മുഹൂർത്തമാണെന്ന് കെപി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ അതിന്റെ തേരാളിയാണ് രാഹുൽ ഗാന്ധി. റെക്കോഡ് ഭൂരിപക്ഷത്തോടെയാകും രാഹുൽ വിജയിക്കുകയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

എന്നാൽ ജനാധിപത്യ മതേതര ശക്തികളുടെ ഐക്യം തകർത്തത് പിണറായി വിജയനും കോടിയേരി ബാലകൃഷ്‌‌ണനും ചേർന്നാണെന്ന് മുല്ലപ്പള്ളി വിമർശിച്ചു. ഈ തിരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് കെപി.സി.സി അദ്ധ്യക്ഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.