കണ്ണൂർ : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കണ്ണൂർ ജില്ലയിൽ അക്രമസംഭവങ്ങൾ. മട്ടന്നൂരിലെ വീടിന് നേരെ കരിയോയിൽ പ്രയോഗം നടന്നു. മാലൂർ പഞ്ചായത്തിലെ ശിവപുരം വെള്ളിലോട് ഹസൈനാർ ഹാജിയുടെ വീടിനു നേരെയാണ് അക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് അലങ്കാര ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കരി ഓയിൽ അക്രമം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഹസൈനാർ ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിൽ അസഹിഷ്ണുത പൂണ്ട സി.പി.എമ്മുകാരാണ് കല്യാണവീട്ടിൽ കരി ഓയിൽ ഒഴിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അക്രമ സംഭവത്തിൽ മാലൂർ പൊലീസ് കേസെടുത്തു.