vote

ഏതാനും ദിവസങ്ങൾകൂടി കഴിയുമ്പോൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ നമ്മൾ പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ജനാധിപത്യത്തിൽ വിലയേറിയ വോട്ട് ശ്രദ്ധയോടെ മികച്ച സ്ഥാനാർത്ഥിക്ക് നൽകുവാൻ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മികച്ച ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഓരോ സമ്മതിദായകനും വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ ഫേസ്ബുക്കിലൂടെ കുറിക്കുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്പല കമ്മിറ്റിയും മുനിസിപ്പൽ എൻജിനീയറും തമ്മിൽ...

ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് അമ്പലകമ്മിറ്റിയിലേക്കല്ല എന്ന് പറഞ്ഞത് കോലാഹലം ആയി. അതവിടെ നിൽക്കട്ടെ.
ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് മുനിസിപ്പൽ എൻജിനീയർ ആകാനുള്ളതല്ല എന്ന് പറഞ്ഞാൽ കോലാഹലമാകുമോ? അറിയില്ല.

ചിലപ്പോഴെങ്കിലും നമ്മുടെ ജനപ്രതിനിധികൾ അവരുടെ പ്രാദേശിക വികസന ഫണ്ട് ചിലവാക്കിയ കണക്കും നിർമ്മിച്ച റോഡുകളും കെട്ടിടങ്ങളും കാണിച്ച് വോട്ട് ചോദിക്കുമ്പോൾ അങ്ങനെയും തോന്നും. ഇതൊക്കെ പ്രദേശത്തെ എൻജിനീയർമാർ ചെയ്യേണ്ട കാര്യമല്ലേ?

നമ്മുടെ എം എൽ എ മാർക്കും എം പി മാർക്കും ചെറിയ ഒരു തുക അവരുടെ പ്രാദേശിക വികസനത്തിനായി നൽകുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. വാസ്തവത്തിൽ ഏതൊരു മണ്ഡലത്തിലും വർഷാവർഷം നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പത്തിലൊന്നു പോലും വരില്ല ഇത്. പക്ഷെ ജനപ്രതിനിധികൾക്ക് നേരിട്ട് തീരുമാനിക്കാൻ സ്വാതന്ത്ര്യമുള്ളതിനാൽ അക്കാര്യത്തിൽ അവർ കൂടുതൽ താല്പര്യമെടുക്കുന്നു. ആ പണം മോശമായി ചിലവാക്കിയാൽ ചീത്തപ്പേര് വരുമല്ലോ എന്ന് പേടിച്ച് പണി നടത്തുന്നതിലും പണം ചിലവാക്കുന്നതിലും കൂടുതൽ മേൽനോട്ടം വഹിക്കുന്നു. നമ്മുടെ ജനപ്രതിനിധികളുടെ നല്ലൊരു ശതമാനം സമയം ഈ പണം ഉപയോഗിക്കുന്നതിനായി പോകുന്നു.

പിന്നെ എന്തിനാണ് നമ്മൾ ജന പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്? എന്ത് കാര്യത്തിലാണ് അവർ സമയം ചിലവാക്കേണ്ടത് ?

ഈ ചോദ്യത്തിന്റെ ഉത്തരം നമ്മൾ എം എൽ എ യെ ആണോ എം പി യെ ആണോ തിരഞ്ഞെടുക്കുന്നത് എന്നതനുസരിച്ചിരിക്കുന്നു. തല്ക്കാലം ലോകസഭയിലേക്കാണല്ലോ തിരഞ്ഞെടുപ്പ്. അപ്പോൾ എന്താണ് നമ്മൾ അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി എന്റെ അഭിപ്രായം പറയാം.

ഒന്നാമത് ഇന്ത്യയിൽ ആരാണ് പ്രധാനമന്ത്രിയായി സർക്കാർ ഉണ്ടാക്കേണ്ടത് എന്നത് നമ്മൾ നേരിട്ടല്ല തീരുമാനിക്കുന്നത്. നമ്മൾ തിരഞ്ഞെടുക്കുന്ന ആളുകൾ ഡൽഹിയിൽ പോയി അവിടെ തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്നുമാണ് ആ തീരുമാനം വരേണ്ടത്. അതേ സമയം ഇന്ത്യയെ ആര് ഭരിക്കണം അല്ലെങ്കിൽ ആര് ഭരിക്കരുത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു അഭിപ്രായം ഉണ്ടാകുമല്ലോ. അപ്പോൾ തിരഞ്ഞെടുപ്പിന് ശേഷം ആ അഭിപ്രായം ഡൽഹിയിൽ എത്തിക്കാൻ സാധ്യതയുള്ള ആൾക്കാണ് വോട്ട് ചെയ്യേണ്ടത്. പക്ഷം ഇല്ലാത്തവർക്കോ മറുകണ്ടം ചാടുന്നവർക്കോ വോട്ട് ചെയ്താൽ നമ്മുടെ വോട്ട് പാഴാകുക മാത്രമല്ല ദുരുപയോഗപ്പെടുകയും ചെയ്യാം. ചെറിയ പ്രാദേശിക പാർട്ടികൾക്ക് വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്.

രണ്ടാമത്തെ കാര്യം ഇന്ത്യയിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ചു ഭൂരിഭാഗം മന്ത്രിമാരും ലോകസഭാ അംഗങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്. (ഇത് ശരിയല്ല എന്നൊരഭിപ്രായം എനിക്കുണ്ട്, കാരണം മന്ത്രിയാകാൻ വേണ്ട കഴിവുകളല്ല ഒരു നിയമ നിർമ്മാണ സഭയിലെ അംഗമാകാൻ വേണ്ടത്. എല്ലാ രാജ്യങ്ങളിലും ഇങ്ങനെ എം പി മാരിൽ നിന്നല്ല മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്. ചിലയിടത്തെല്ലാം മന്ത്രിമാർ നിയമ നിർമ്മാണ സഭയിൽ അംഗമായിരിക്കരുത് എന്ന നിയമം പോലുമുണ്ട്. പക്ഷെ എന്റെ അഭിപ്രായം ഇവിടെ പ്രസക്തമല്ല). നമ്മൾ തിരഞ്ഞെടുക്കുന്ന ആൾ വിജയിച്ചു ഭരണ കക്ഷിയുടെ മന്ത്രിയാവാൻ സാധ്യതയുണ്ടെങ്കിൽ അങ്ങനെയുള്ളവർക്ക് വോട്ട് ചെയ്യുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമായി ഗുണം ചെയ്യും.

മൂന്നാമതെത്തും പ്രധാനമായതുമായ കാര്യം, നിയമ നിർമ്മാണ സഭയിലെ അംഗത്വമാണ്. ഇന്ത്യയെ മൊത്തമായി മനസ്സിലാക്കുകയും, മാറുന്ന ലോകത്ത് ഇന്ത്യക്ക് വേണ്ട നയങ്ങളും നിയമങ്ങളും എന്തായിരിക്കണം എന്നതിനെപ്പറ്റി കാഴ്ചപ്പാട് ഉണ്ടായിരിക്കുകയും ചെയ്യുന്ന ആളായിരിക്കണം ലോകസഭയിൽ ഉണ്ടായിരിക്കേണ്ടത്. ഭരണ കക്ഷി ആയാലും അല്ലെങ്കിലും നിയമങ്ങൾ നിർമ്മിക്കുന്നതിൽ ഇടപെടുകയും സർക്കാരിന്റെ ഭരണത്തിന്റെ മേൽനോട്ടം വഹിക്കുകയും പാർലിമെന്റ് അംഗങ്ങളുടെ ജോലിയാണ്. ഇക്കാര്യം ചെയ്യാൻ അറിവും കഴിവുമുള്ളവർ പാർലിമെന്റിൽ എത്തുന്നത്, അത് ഭരണകക്ഷി ആയാലും അല്ലെങ്കിലും നല്ലതാണ്.

നാലാമത്തെ കാര്യം സ്വന്തം നിയോജകമണ്ഡലത്തിലെയും സംസ്ഥാനത്തെയും വികസന പ്രശ്നങ്ങളും പ്രതിസന്ധികളും അറിഞ്ഞു പഠിച്ച് കേന്ദ്രത്തിൽ ഭരിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തി അർഹമായത് നേടിയെടുക്കുക എന്നത് പ്രധാനമായ കാര്യമാണ്. ഇക്കാര്യത്തിലും ഭരണകക്ഷി പ്രതിപക്ഷ കക്ഷി വ്യത്യാസമില്ല. ഇത് ചെയ്യാൻ കഴിവുള്ളവരെ നമ്മൾ തിരഞ്ഞെടുത്താൽ നാടിനും സംസ്ഥാനത്തിനും അത് വലിയ നേട്ടമുണ്ടാക്കും.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം പ്രധാനമാണെങ്കിലും മറ്റുള്ള കാര്യങ്ങളിൽ എല്ലാം തുല്യത വന്നാൽ ഞാൻ തീർച്ചയായും യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന കൊടുക്കും. കാരണം കണ്ടു പഴകിയതിൽ നിന്നും മാറി പുതിയ ചിന്താഗതികളുള്ളവർ പാർലമെന്റിലും നേതൃസ്ഥാനങ്ങളിലും എത്തുമ്പോളാണ് രാജ്യത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.

മാറ്റങ്ങൾ വരണം, വരും, വരാതിരിക്കില്ല!
മുരളി തുമ്മാരുകുടി.