തിരുവനന്തപുരം: അങ്ങനെ ഒടുവിൽ അതിനൊരു തീരുമാനമായി. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ കഴിഞ്ഞ കുറേ നാളുകളായുള്ള ആത്മസംഘർഷത്തിന് വിരാമമിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. മുതിർന്ന നേതാവ് എ.കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ദേശീയതലത്തിൽ നരേന്ദ്ര മോദിക്കെതിരെ ഒന്നിച്ചു നിൽക്കുമെന്ന് ഇടതുപക്ഷമുൾപ്പെടുന്ന പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപനം നടത്തിയതിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇടതുപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് വയനാട്ടിൽ മത്സരിക്കാൻ രാഹുൽ തീരുമാനിച്ചതിനു പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. വയനാട് ഏറ്റവും അനയോജ്യമായ സ്ഥലമാണെന്ന വിലയിരുത്തലുമുണ്ടായി.
രാഹുൽ വയനാട്ടിലിറങ്ങുമ്പോൾ കേരളത്തിൽ മാത്രമല്ല വയനാടിന്റെ അതിർത്തി പങ്കിടുന്ന തമിഴകത്തും കർണ്ണാടകയിലും വരെ അതിന്റെ അലയൊലികൾ ഉണ്ടാവുമെന്നതിൽ സംശയമില്ല.രാഹുൽ വയനാട്ടിലെത്തുമ്പോൾ തീർച്ചയായും പ്രചാരണത്തിന് പ്രിയങ്കയെത്തും. ശാരീരിക അസ്വാസ്ഥ്യമുണ്ടെങ്കിലും സോണിയയും ഒരു തവണയെങ്കിലും വയനാട്ടിലെത്താതിരിക്കില്ല. ഇത് അണികളിലും ആവേശത്തിരയിളക്കുമെന്നതിൽ സംശയമില്ല. രാഹുൽ എത്തുന്നതോടെ കേരളത്തിൽ കോൺഗ്രസിന് ഫണ്ടില്ലെന്ന പരാതിക്ക് പരിഹാരമാവും. പണത്തിന് പണവും ആളിനാളും ഇനിയപ്പോൾ കോൺഗ്രസിന് പ്രശ്‌നമാവില്ല.