കൊൽക്കത്ത: നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നത് വോട്ട് പാഴാക്കികളയുന്നതിന് തുല്യമാണെന്ന പ്രചാരണവുമായി സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി രംഗത്തെത്തി. ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടാൻ ആഗ്രഹിക്കുന്ന പശ്ചിമ ബംഗാളിലാണ് നോട്ടയെ്‌ക്കെതിരായ എ.ബി.വി.പിയുടെ പ്രചാരണം.
തെരുവുനാടകങ്ങൾ നടത്തിയും, ചുവരെഴുത്തുകൾ ഒട്ടിച്ചും, തെരുവോര യോഗങ്ങൾ നടത്തിയും, സമൂഹമാധ്യമങ്ങളിലൂടെയും മുഖേനെയാണ് എ.ബി.വി.പി നോട്ടയ്ക്കെതിരെ പ്രചാരണം നടത്തുന്നത്. നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്നും വിലയേറിയ വോട്ടുകൾ പാഴാക്കി കളയരുതെന്നും എ.ബി.വി.പി ജനങ്ങളോട് അഭ്യർഥിക്കുകയാണ്.
നോട്ടയ്ക്ക് വോട്ട് നൽകാതെ ഓരോരുത്തരും അവരവരുടെ വോട്ട് ശരിയായി രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. ലഭ്യമായതിൽ ഏറ്റവും മികച്ച സ്ഥാനാർഥിയെ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് എ.ബി.വി.പി ബംഗാൾ സംസ്ഥാന സെക്രട്ടറി സപ്തർഷി സർക്കാർ പറയുന്നു. അതേസമയം, ദേശീയ തലത്തിൽ നോട്ടയ്‌ക്കെതിരെ സോഷ്യൽമീഡിയ വഴി വലിയ പ്രചാരണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് വോട്ട് നൽകാൻ താല്പര്യമില്ലാത്ത വോട്ടർമാർക്ക് വേണ്ടിയാണ് നോട്ട (നൺ ഒഫ് ദി എബൗവ്)സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നോട്ടയ്ക്ക് വോട്ട് കൂടുതൽ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന കാര്യത്തിൽ വ്യക്തമായ നിർദേശങ്ങളില്ല. നിലവിൽ ഇതുവരെയുള്ള ഒരു തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയെക്കാൾ വോട്ട് നോട്ടയ്ക്ക് ലഭിച്ചിട്ടില്ല.