1. ഒരാഴ്ചയില്‍ അധികമായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആവും. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ആണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെ ആണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ആന്റണിക്ക് പുറമെ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പങ്കെടുത്തു
2. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാവിലെ മുതല്‍ ഡല്‍ഹിയില്‍ നടന്നത് മാരത്തണ്‍ ചര്‍ച്ചകള്‍. ഒരാഴ്ച മുന്‍പ് തന്നെ രാഹുല്‍ വയനാട്ടില്‍ എത്തും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസ് തുറന്നിരുന്നില്ല. നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് നേതാക്കളായ ഗുലാം നബി ആസാദും എ.കെ. ആന്റണിയും കെ.സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി
3. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവേശത്തോടെ വയനാട് ഡി.സി.സി. രാഹുല്‍ വരുന്നതില്‍ സന്തോഷം എന്ന് ടി. സിദ്ദിഖ്. അതിനിടെ, കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് ഇടത്മുന്നണിക്ക് എതിെര എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുവന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിന് ഉണ്ട്. വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പിണറായി. എന്നാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ഇടതിന് എതിരെ അല്ല എന്ന് ദേശീയ നേതാക്കള്‍. മോദി വിഭജന രാഷ്ട്രീയത്തിന് എതിരെ ആണ് മത്സരം എന്നും പ്രതികരണം
4. തിരുപ്പൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ബാംഗളൂരു ബസാണ് അപടത്തില്‍പെട്ടത്. ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് വീണാണ് അപകടം ഉണ്ടായത്. 30 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 23 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. അപകടത്തില്‍ പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ഉന്നത സംഘത്തോട് സ്ഥലത്ത് എത്താന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.
5. തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച പ്രതി അരുണ്‍ ആനന്ദിന് എതിരെ കൂടുതല്‍ പരാതികള്‍. കുട്ടികളുടെ പിതാവിന്റെ ഒരു വര്‍ഷം മുന്‍പ് ഉണ്ടായ മരണത്തിലും ദുരൂഹതയെന്ന് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇടുക്കിയില്‍ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
6. ബിജുവിന്റെ മരണത്തെ തുടര്‍ന്നാണ് അരുണ്‍ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി പറയുന്നുണ്ടെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരില്‍ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പരാതി ലഭിക്കുക ആണെങ്കില്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി
7. പ്രതി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ്. ഇളയ കുട്ടിയുടെ ജനനേന്ദ്രിയത്തിനു പരുക്കേറ്റിട്ടുണ്ട്. പൊലീസ് - ചൈല്‍ഡ് ലൈന്‍ സംഘം വീണ്ടും കുട്ടികളുടെ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് പോക്‌സോ കേസെടുക്കും. ഇളയ കുട്ടിയെ ഉപദ്രവിച്ചതു സംബന്ധിച്ച് ആവശ്യമെങ്കില്‍ പ്രത്യേക കേസെടുക്കും. യുവതിക്കെതിരെ നിലവില്‍ കേസുകള്‍ എടുത്തിട്ടില്ല. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും.
8. സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ശമനം ഉണ്ടെങ്കിലും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം എന്നതിനാല്‍ ഇന്നും ജാഗ്രതാ നിര്‍ദേശം തുടരും. ഇന്നലെ മാത്രം 61 പേര്‍ക്കാണ് സൂര്യാതാപം ഏറ്റത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ് ഉണ്ടായിരുന്നു. എങ്കിലും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
9. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നേരിയ മഴ ഉണ്ടാകും എന്നും മുന്നറിയിപ്പില്‍ ഉണ്ട്. പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്നലെ 38.9 ഡിഗ്രി ആയിരുന്നു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ 36.8, പുനലൂര്‍ 38.2, കോഴിക്കോട് 36 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 59 പേര്‍ക്കാണ് ഇന്നലെ മാത്രം സൂര്യാതാപമേറ്റത്. കോട്ടയത്തും, കണ്ണൂരുമായി രണ്ട് പേര്‍ക്ക് സൂര്യാഘാതവും ഉണ്ടായി. ഈ മാസം ഇതുവരെ 423 പേര്‍ക്കാണ് സൂര്യാതാപമേറ്റത്
10. തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയതിന് ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ വലിയതുറ പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എ.എസ്.പി ഇളങ്കോ. മുന്‍ സംഭവങ്ങളില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പൊലീസ്
11. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിന്റെ പിന്നില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. നിയന്ത്രണം തെറ്റി വന്ന ഡ്രോണ്‍ നിലത്ത് പതിക്കുക ആയിരുന്നു. സി.ഐ.എസ്.എഫ് കണ്ടെത്തിയ ഡ്രോണ്‍ പൊലീസിന് കൈമാറിയിരുന്നു. ഡ്രോണ്‍ വിദേശത്തുള്ള ബന്ധു തന്നത് ആണെന്നായിരുന്നു നൗഷാദിന്റെ വിശദീകരണം. വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്നും നൗഷാദ് പറയുന്നു