കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് കോൺഗ്രസ് പാർട്ടിയുടെ അപചയത്തിന് തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയമാണിത്. മുസ്ളീം ലീഗിനെ ആശ്രയിച്ച് കോൺഗ്രസ് പ്രസിഡന്റിന് എത്തേണ്ടിവന്നു എന്നത് പരിതാപകരമാണെന്ന് പിള്ള പരിഹസിച്ചു.
ബി.ജെ.പിയ്‌ക്ക് സംഘടനാപരമായി ശക്തമായ സ്വാധീനമുള്ള മണ‌്ഡലമാണ് വയനാടെന്നും, അതുകൊണ്ടുതന്നെ ശക്തമായ മത്സരം നടത്താൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ഇടതുപക്ഷം മണ്ഡലത്തിൽ അപ്രസക്തമാണെന്നും ബി.ജെ.പി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം മുതിർന്ന നേതാവ് എ.കെ ആന്റണി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ആന്റണി വ്യക്തമാക്കി.