election-2019

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുമെന്ന് ഉറപ്പായിയിരിക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചെന്നും ഏറെ അഭിമാനത്തോടെ അദ്ദേഹത്തെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.കോൺഗ്രസ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ ടി.സിദ്ദിഖിന്റെ പേരാണ് വയനാട് മണ്ഡലത്തിലേക്ക് ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത പ്രചരിച്ചപ്പോൾ തന്നെ ടി.സിദ്ദിഖ് സീറ്റ് പരാതിയൊന്നും കൂടാതെ സ്വയം ഒഴിഞ്ഞ് നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

ഭാവി പ്രധാനമന്ത്രി കേരളത്തിലെ, അതും വടക്കൻ മലബാറിലെ മണ്ഡലത്തിൽ നിന്നുമാണെന്നും അത് വികസനത്തിന്റെ അനന്ത സാധ്യതകൾ വയനാടിനും മലബാറിനും നൽകുമെന്നും ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

രാഹുൽ ഗാന്ധിക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌ അവസാനിച്ചു ... കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഏറെ അഭിമാനത്തോടെ ആഹ്ലാദത്തോടെ വയനാട്ടിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഭാവി പ്രധാനമന്ത്രി കേരളത്തിലെ, അതും വടക്കൻ മലബാറിലെ മണ്ഡലത്തിൽ എത്തുമ്പോൾ നമ്മളത്‌ അർഹിക്കുന്നു. വികസനത്തിന്റെ അനന്ത സാധ്യതകൾ വയനാടിനും മലബാറിനും പുത്തനുണർവ്വ്‌ നൽകും.