വീരമൃത്യുവരിച്ച ജവാൻമാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജാവ മോട്ടോർ സൈക്കിൾസ് നടത്തിയ സ്‌പെഷ്യൽ എഡിഷൻ ബൈക്കുകളുടെ ലേലത്തിന് ലഭിച്ചത് 1.43കോടി രൂപ. ജാവയുടെ 13ബൈക്കുകളാണ് ലേലത്തിൽ വിറ്റുപോയത്. കഴിഞ്ഞ ദിവസം മുംബയിലായിരുന്നു ലേലം നടന്നത്. ഇതിനെ കുറിച്ചുള്ള വിവരം ജാവ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.
ഓരോ മോഡലിനും രണ്ട് ലക്ഷം രൂപ മുതലായിരുന്നു ലേലത്തുക ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് നേരിട്ടും ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം ജാവ കമ്പനി ഒരുക്കിയിരുന്നു. ഉടൻ വിപണിയിൽ എത്താനിരിക്കുന്ന ജാവ ബൈക്കുകൾക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് ഓൺറോഡ് വില.
സാധാരണയായി പുറത്തിറക്കുന്ന മോഡലുകളിൽ നിന്ന് അല്‍പം വ്യത്യസ്തമായ ഐഡന്റിറ്റി നൽകാൻ ഇന്ധനടാങ്കിൽ ദേശീയ പതാകയുടെ നിറങ്ങളും ടാങ്കിന്റെ ക്യാപ്പിൽ ഉപഭോക്താവിന്റെ പേര് ആലേഖനം ചെയ്യാനുള്ള സൗകര്യവും ലേലത്തിലുള്ള സ്പെഷ്യൽ എഡിഷൻ ബൈക്കുകൾക്ക് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. സൗജന്യ സർവ്വീസ് അടക്കമുള്ള വിവിധ ഓഫറുകളുള്ള 42 മാസത്തെ സർവ്വീസ് പാക്കേജും അധികമായി ലഭിക്കും.
ഒന്ന് മുതൽ 99 വരെയുള്ള ഷാസി നമ്പറിലുള്ള സ്‌പെഷ്യൽ എഡിഷൻ മോഡലുകളാണ് ലേലത്തിലുണ്ടായിരുന്നത്. ഇതിൽ ഒന്നാം നമ്പർ ഷാസി മോഡൽ 45 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. പതിനേഴാം നമ്പർ 17 ലക്ഷം രൂപയ്ക്കും അഞ്ചാം നമ്പർ 11.75 ലക്ഷം രൂപയ്ക്കും വിറ്റു. 13 ബൈക്കുകളിൽ ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് ഏഴാം നമ്പർ ബൈക്കിനാണ്. അഞ്ച് ലക്ഷം രൂപയായിരുന്നു ലഭിച്ചത്.