mansoor-ali-khan

മധുരൈ: സിനിമാ താരങ്ങൾ റോഡ് വൃത്തിയാക്കുന്നതോ തൂക്കുന്നതോ പച്ചക്കറി കച്ചവടം ചെയ്യുന്നതോ യഥാർത്ഥ ജിവിതത്തിൽ കണ്ടിട്ടുണ്ടോ?​?​ ഇല്ലെങ്കിൽ അങ്ങ് മധുരൈ വരെ പോയാൽ മതി ഇതല്ല ഇതിനപ്പുറവും കാണാൻ സാധിക്കും.

അലസനായ വില്ലൻ വേഷങ്ങളിലൂടെ സിനിമാ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് മൻസൂർ അലി ഖാൻ. സിനിമയിൽ ഇടവേള നൽകി രാഷട്രീയത്തിലേക്കിറങ്ങിയ താരത്തിനെ ഇപ്പോൾ കാണാനാവുന്നത് മധുരയിലെ തെരുവോരങ്ങളിലാണ്. വ്യത്യസ്ഥമായ പ്രചരണ രീതികളുമായി തെരുവോരങ്ങളിൽ വോട്ട് തേടുകയാണ് അദ്ദേഹം.


നാം തമിഴ് കക്ഷി സ്ഥാനാർത്ഥിയായി മധുരൈയിൽ നിന്ന് ജനവിധി തേടുകയാണ് അദ്ദേഹം. വോട്ടിന് വേണ്ടി വില്ലൻ വേഷം അഴിച്ചു വച്ച് തൊഴിലാളികളോട് നേരിട്ട് ഇടപഴകി അവരിലൊരാളായി മാറി വോട്ട് ചോദിക്കുകയാണ് താരത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. പച്ചക്കറി കച്ചവടക്കാരൻ മുതൽ ചെരിപ്പ് കുത്തിയുടെ വരെ വേഷം അണിഞ്ഞാണ് താരം വോട്ട് അഭ്യർത്ഥിക്കുന്നത്. വോട്ടിന് വേണ്ടി എന്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞാൽ അതിൽ ഒട്ടും അതിശയിക്കേണ്ട കാര്യമില്ല.

തെരുവിലിറങ്ങി വോട്ട് തേടുന്നതിനിടയിൽ പച്ചക്കറി കടക്കാരനാകും, റോഡിൽ തൂപ്പുകാരനെ കണ്ടാൽ ചൂലു വാങ്ങി അയാളുടെ ജോലി ചെയ്യും, ഷൂ പോളിഷ് ചെയ്ത് കൊടുക്കാനും റെഡി. അവിടം കൊണ്ടും തീരുന്നില്ല ഈ സ്ഥാനാർത്ഥിയുടെ വേറിട്ട പ്രചാരണം. വീടുകളിൽ വോട്ട് തേടിയെത്തുമ്പോൾ അടുക്കളപ്പണി വരെ ചെയ്തു കൊടുക്കും മൻസൂർ. അതുകൊണ്ട് തന്നെ തേച്ചുമിനുക്കിയ വസ്ത്രങ്ങളും പെർഫ്യൂമുകളും മേക്കപ്പും ഒന്നുമില്ലാതെ സ്വതസിദ്ധമായ അലസഭാവത്തിൽ വോട്ട് അഭ്യർത്ഥിച്ച് മുന്നേറുകയാണ് മൻസൂർ അലി ഖാൻ. അദ്ദേഹത്തിന്റെ പ്രചരണ രീതികൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

വീഡിയോ കാണാം...