ആലപ്പുഴ: സാസംസ്‌കാരിക നായകർക്കെതിരെ രൂക്ഷവിമർശവുമായി ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും പി.എസ്.സി മുൻ ചെയർമാനുമായ കെ.എസ് രാധാകൃഷ്‌ണൻ രംഗത്ത്. സാംസ്‌കാരിക നായകർ വെറും വടക്കുനോക്കി യന്ത്രങ്ങളാണെന്നും ഒരുവർഷം ലഭിക്കുന്ന 40 ലക്ഷത്തിന്റെ അവാർഡ് കണ്ടാണ് ഇവരിൽ പലരും സ്വന്തം കൺമുന്നിൽ നടമാടുന്ന തിന്മകളുടെ നേർക്ക് കണ്ണടയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നമ്മുടെ സാംസ്‌കാരിക നായകന്മാർ പലരും വടക്കനോക്കി യന്ത്രങ്ങളാണ്. ഉത്തരഭാരതത്തിൽ നടക്കുന്ന തിന്മകളോട് കയർക്കുന്ന ഇവരിൽ പലരും സ്വന്തം കൺമുന്നിൽ നടമാടുന്ന തിന്മകളുടെ നേർക്ക് കണ്ണടയ്ക്കുന്നു. മൗനം പാലിക്കുന്നു. ഈ മനശാസ്ത്രം എന്തുകൊണ്ടാണെന്നും' കെ.എസ് രാധാകൃഷ്ണൻ ചോദിക്കുന്നു.
'മൗനം ലാഭകരം എന്നത് മാത്രമാണ് ഇതിനുത്തരം. ഗ്രന്ഥശാല സംഘം വഴി സ്വന്തം പുസ്‌തകങ്ങൾ വിറ്റഴിക്കാൻ സാധിക്കുന്നു. അവ പാഠപുസ്‌തകങ്ങളാകുന്നു. അവാർഡുകളുടെ നിയന്ത്രണം എപ്പോഴും ഇടതുപക്ഷത്തിനാണ്. പ്രതിവർഷം 40 ലക്ഷം രുപയുടെ അവാർഡുകളാണ് സർക്കാർ നൽകുന്നത്. ഇടതുമുന്നണിക്ക് ഭരണമില്ലെങ്കിലും ഇവയൊക്കെ നിയന്ത്രിക്കുന്നത് ഇടതുപക്ഷം തന്നെയായിരിക്കുമെന്നും' രാധാകൃഷ്‌ണൻ പറയുന്നു.
'പാർട്ടി ഓഫീസുകൾ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറിയിട്ടും സാംസ്‌കാരിക നായകന്മാർ പ്രതികരിക്കുന്നില്ല. മൗനം സമ്മതം. അവരെ സംബന്ധിച്ചിടത്തോളം പാർട്ടിക്കാരല്ലാത്തവർ പീഡിപ്പിച്ചാലാണ് പീഡനമാവുകയെന്നും' രാധാകൃഷ്ണൻ വിമർശിക്കുന്നു.