ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഇന്ത്യയിൽ സ്റ്റാർ മണ്ഡലങ്ങളായി മാറിയിരിക്കുകയാണ് ഉത്തർ പ്രദേശിലെ അമേത്തിയും കേരളത്തിലെ വയനാടും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ അമേത്തിയിൽ എതിരിടാൻ ഇക്കുറിയും ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെതന്നെ. വയനാട്ടിൽ രാഹുലിന് എതിരാളികൾ സി.പി.ഐയിലെ പി.പി. സുനീറും എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസിലെ പൈലി വൈദ്യാട്ടുമാണ് രാഹുലിനെ നേരിടുന്നത്. രാഹുലിന്റെ വരവോട് വയനാട് ഇന്ത്യൻ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ പ്രത്യേക ശ്രദ്ധ നേടും. അഖിലേന്ത്യാതലത്തിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി വയനാട് മാറും.
രാഹുൽ v/s സ്മൃതി
ഉശിരൻ പോരാട്ടം തന്നെ അമേഠിയിൽ ഇത്തവണ അരങ്ങേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രാഹുലിന് അടിപതറിക്കൂടാ എന്ന ലക്ഷ്യവുമായാണ് കോൺഗ്രസിന്റെ പ്രചാരണമെങ്കിൽ അട്ടമറി വിജയമാണ് സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും 2014 തിരഞ്ഞെടുപ്പിലും അമേത്തിയിൽ ഏറ്റുമുട്ടിയിരുന്നു. രാഹുൽ വിജയിച്ചെങ്കിലും സ്മൃതിയ്ക്ക് കോൺഗ്രസിന്റെ ലീഡ് കുറയ്ക്കാനായി. ഇക്കുറി തീപാറും പോരാട്ടത്തിലേക്ക് അമേത്തി മാറുന്നതും ഈ വോട്ടുകണക്ക് കൊണ്ടുതന്നെ.
രാഹുൽഗാന്ധി 2009ൽ അമേത്തിയിൽ വിജയിച്ചത് 3.70 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ തവണ ലീഡ് 1.07 ലക്ഷമായി കുറഞ്ഞു. രാഹുലിന്റെ ഭൂരിപക്ഷം മൂന്നിൽ ഒന്നായി ചുരുക്കാൻ സ്‌മൃതിയുടെ വരവിന് സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അമേത്തിയിൽ സ്മൃതിയുടെ സാന്നിധ്യം സജീവമായിരുന്നു. രാഹുലിനെതിരെ തൊടുത്തു വിടാൻ കൈയിൽ കിട്ടിയ ആയുധങ്ങളൊന്നും സ്മൃതി പാഴാക്കിയില്ല. പക്ഷേ, അതൊന്നും ഇവിടെ ഏശില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ശക്തമായ പോരാട്ടം നടക്കുമെങ്കിലും വിജയം രാഹുലിനൊപ്പമായിരിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
1977ൽ ജനതാ പാർട്ടിയും 1998ൽ ബി.ജെ.പിയും ഒഴികെ ബാക്കി എല്ലാ തിരഞ്ഞടുപ്പിലും അമേത്തി സ്വന്തമാക്കിയത് കോൺഗ്രസായിരുന്നു. 80 ലോക്‌സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. 2014ൽ 71 സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. കോൺഗ്രസിന് ആകെ ലഭിച്ച ആശ്വാസം സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുൽ ഗാന്ധി അമേത്തിയിലുംവിജയിച്ചതാണ്.
എസ്.പിയും ബി.എസ്.പിയും ഇക്കുറി യു.പിയിൽ ബി.ജെ.പിക്കെതിരെ സഖ്യമായാണ് മത്സരിക്കുന്നത്. ആ സഖ്യത്തിൽ കോൺഗ്രസിന് സ്ഥാനമുണ്ടായില്ല. എങ്കിലും അമേഠിയിലും റായ്ബറേലിയും മത്സരത്തിനില്ലെന്ന എസ്‌പി - ബിഎസ്‌പി സഖ്യത്തിന്റെ തീരുമാനം കോൺഗ്രസിന് തെല്ല് ആശ്വാസത്തിന് ഇട നൽകുന്നു.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം യു.പിയിലാകെ തങ്ങൾക്ക് ഉണർവുണ്ടാക്കിയെന്ന പ്രതീക്ഷയിൽ പ്രചാരണം രംഗം ചലിപ്പിക്കുകയാണ് കോൺഗ്രസ്. പ്രിയങ്കയുടെ വരവോടെ കോൺഗ്രസിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ആ ചലനം യു.പിയിലാകെ ആഞ്ഞുവീശുമെന്നും അമേത്തിയിൽ രാഹുലിന് റെക്കാഡ് ഭൂരിപക്ഷം കിട്ടുമെന്നും കോൺഗ്രസ് വിശ്വസിക്കുന്നു.
എന്നാൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ഇത്തവണ അമേത്തിയിൽ അട്ടിമറി വിജയം നേടുമെന്ന് ഉറപ്പിച്ചു പറയുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല, ബി.ജെ.പിയുടെ മുൻനിര നേതാവെന്ന നിലയിലും സ്മൃതി ഇറാനിക്കത് സാധിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. എന്നാൽ, അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയേക്കാവുന്ന രാഹുലിന്റെ പ്രഭാവം ഭൂരിപക്ഷത്തിന്റെ ഗ്രാഫ് ഉയർത്തുമെന്നാണ് കോൺഗ്രസ് വിശ്വാസം. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്തോറും ഇന്ത്യയുടെ ശ്രദ്ധ അമേഠിയിലേക്കായിരിക്കും എന്നതിൽ തർക്കമില്ല. തന്റെ കർമ്മ ഭൂമി എന്നാണ് അമേത്തിയെ രാഹുൽ വിശേഷിപ്പിക്കുന്നതെങ്കിലും ഇക്കുറി സ്മൃതി ഇറാനി വെല്ലുവിളി ഉയർത്തുമെന്ന ഭീഷണിയാണ് മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന വിമർശനം രാഷ്ട്രീയ എതിരാളിൽ നിന്ന് ഉയരുന്നുണ്ട്.
2014 തിരഞ്ഞടുപ്പ്
രാഹുൽ ഗാന്ധി: 4,08,651 വോട്ട്
സ്‌മൃതി ഇറാനി: 3,00,748 വോട്ട്
രാഹുലിന്റെ ഭൂരിപക്ഷം: 1,07,903
അമേത്തിയിലെ ജയങ്ങൾ
1977ൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് അമേത്തിയിൽ ജയിച്ചു. 1980ൽ സഞ്ജയ് ഗാന്ധിയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തു. തുടർന്ന് 1991വരെ രാജീവ് ഗാന്ധിയ്ക്ക് വിജയം. 1998ൽ സഞ്ജയ് സിംഗിലൂടെ ബി.ജെ.പി മണ്ഡലം പിടിച്ചു. പിന്നീട് 1999 മുതൽ 2004 വരെ സോണിയാ ഗാന്ധിയും ശേഷം മൂന്ന് തവണ മകൻ രാഹുലും അമേത്തിയെ കോൺഗ്രസിന്റെ തട്ടകമാക്കി.
വയനാട്ടിൽ
കേരളത്തിൽ യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് വയനാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20,870 വോട്ടിനാണ് കോൺഗ്രസിലെ എം.ഐ. ഷാനവാസ് ഇവിടെ വിജയിച്ചത്. ഷാനവാസിന്റെ നിര്യാണത്തെ തുടർന്ന് ടി.സിദ്ദിഖിനെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ അദ്ദേഹം പിന്മാറി. രാഹുലിന്റെ വരവ് വയനാട് മാത്രമല്ല, കേരളത്തിലാകെ യു.ഡി.എഫിന് ഉണർവേകുമെന്നാണ് നേതാക്കൾ പറയുന്നത്. ഇരുപതിൽ ഇരുപത് സീറ്റും നേടാനാവുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് ക്യാമ്പ് പങ്കുവയ്ക്കുന്നത്. കേരളത്തിൽ രാഹുൽ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാനാവുമെന്നും നേതാക്കൾ വിലയിരുത്തുന്നു.
2014ൽ
എം.ഐ ഷാനവാസ് (കോൺ.): 3,77,035
സത്യൻ മൊകേരി (സി.പി.ഐ): 3,56,165
പി.ആർ. രശ്മിൽനാഥ് (ബി.ജെ.പി): 80,752