crying-child

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനമേറ്റ ഏഴുവയസുകാരൻ മരണത്തോട് മല്ലിട്ട് ചികിത്സയിൽ കഴിയുകയാണ്. നാല് വയസുള്ള അനുജൻ വീട്ടിലെ സോഫയിൽ മൂത്രമൊഴിച്ചതിനാണ് ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി തല്ലിയത്. ഈ സംഭവത്തിൽ നാല് വയസുകാരനായ ഇളയകുട്ടിയാണ് ഏറ്റവും വലിയ മാനസിക വേദന ഇപ്പോൾ ഏറ്റുവാങ്ങുന്നതെന്ന് ഡോക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നു. രക്ഷകർത്താവിന്റെ സ്ഥാനത്തേയ്ക്ക് അമ്മ നിയോഗിച്ചയാൾ സ്വന്തം ചേട്ടനെ ക്രൂരമായി മർദ്ദിക്കുന്നത് നേരിൽ കാണേണ്ടി വന്നത് ആ കുരുന്ന് മാത്രമാണ്. സ്വന്തം അമ്മയെപ്പോലും വിശ്വസിക്കാനാവാത്ത മാനസിക നിലയിൽ ഭീതിയോടെ കഴിയുന്ന ആ കുരുന്നിനെ സംരക്ഷിക്കാൻ നമ്മുടെ നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉണരേണ്ടതുണ്ടെന്നും ഡോക്ടർ കുറിക്കുന്നു. ആ സംഭവമുണ്ടായ ദിവസത്തെ ഓർമകൾ ആ ഇളം

മനസ്സിനെ വേട്ടയാടിയേക്കാം.

പൊതുസമൂഹത്തിന്റെ ശ്രദ്ധ ചികിത്സയിലായ കുട്ടിയിലും പീഡകനിലും,ഭർത്താവ് മരിച്ചപ്പോൾ കൂടെ മറ്റൊരാളെ പൊറുപ്പിച്ച സ്ത്രീയിലും ചുറ്റിപ്പറ്റി നിൽക്കുമ്പോൾ ആ നാല് വയസ്സുകാരന്റെ തേങ്ങലുകൾ കേൾക്കേണ്ടയെന്നും ഡോക്ടർ ചോദിക്കുന്നു.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തൊടുപുഴ സംഭവത്തിലെ ഇളയ കുട്ടിയാണ് ആ ട്രാജഡിയിലെ ഏറ്റവും വലിയ ദുഃഖ കഥാപാത്രം.അവൻ കിടക്കയിൽ മൂത്രമൊഴിച്ചതിനുള്ള ശിക്ഷയായിരുന്നല്ലോ നടപ്പിലായത്.രക്ഷാ കർത്താവിന്റെ സ്ഥാനത്തേക്ക് അമ്മ അവരോധിച്ചയാൾ ഏഴു വയസ്സുള്ള ചേട്ടനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഭയന്ന ആ നാല് വയസ്സുകാരനെ കുറിച്ച് ആരും ഓർക്കാത്തതെന്തേ?അമ്മയെ പോലും വിശ്വസിക്കാനാവാത്ത മാനസിക നിലയിൽ ഭീതിയോടെ കഴിയുന്ന അവനെ സംരക്ഷിക്കാൻ നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉണരേണ്ട?ആ രാത്രിയിലെ ഭീകര രംഗങ്ങൾ എത്ര കാലം ആ ഇളം മനസ്സിനെ വേട്ടയാടിയേക്കാം?ആ കുഞ്ഞു മനസ്സിന്റെ മുറിവുകൾ ഉണങ്ങാൻ എന്ത് ചെയ്യുമെന്ന് ആരും പറയുന്നില്ല.പൊതു സമൂഹത്തിന്റെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെയും ശ്രദ്ധ വെന്റിലേറ്ററിൽ കിടക്കുന്ന കുട്ടിയിലും, പീഡകനിലും,ഭർത്താവ് മരിച്ചപ്പോൾ കൂടെ മറ്റൊരാളെ പൊറുപ്പിച്ച സ്ത്രീയിലുമാണ്.അതാണ് പതിവ് ശൈലി.ഒരു രാത്രി കൊണ്ട് സംരക്ഷകരില്ലാതെ അനാഥത്വത്തിലേക്ക് വീണു പോയ ആ നാല് വയസ്സുകാരന്റെ തേങ്ങലുകൾ കേൾക്കേണ്ട?അങ്ങനെയുള്ളവർ ആരെങ്കിലും പ്രതിയെ കൊണ്ട് വന്നപ്പോൾ കൂവാനും തെറി വിളിക്കാനും പോയവരിലുണ്ടോ?അവനെ പാർപ്പിക്കാൻ സുരക്ഷിതമായൊരു ഇടമൊരുക്കേണ്ടേ? അവനാണ് ഇതിലെ ജീവിക്കുന്ന ഇര.
(ഡോ. സി. ജെ. ജോൺ)