തളിപ്പറമ്പ്:തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് മോഷണത്തിന് വീണ്ടും ശ്രമം. ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് സംഭവത്തിന് പിന്നിൽ.മൂന്നുമാസത്തിനിടെ നഗരത്തിൽ ഈ രീതിയിൽ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്. പ്രതികളെ സംബന്ധിച്ച് പൊലീസിന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.
ചില്ല് തകർക്കപ്പെട്ട കാർ ഫോറൻസിക് സംഘം പരിശോധിച്ചു.കുപ്പം മുക്കുന്നിലെ പാറമ്മൽ ഷാഫിയുടെ കെഎൽ 11 ബിഎച്ച് 876 നമ്പർ എറ്റിയോസ് കാറിന്റെ പിൻസീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകർക്കപ്പെട്ടത്. ഇതിൽ നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. കാറിന്റെ ഗ്ലാസ് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ തകർക്കുന്നത് പുറകിലെ കാറിലുണ്ടായിരുന്ന സ്ത്രീ കണ്ടിരുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്നാണ് ബൈക്കിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. പൊലീസ് ടൗണിലെ സി.സി. ടി.വി. പരിശോധിച്ചുവരികയാണ്.മന്നയിൽ കാർ നിർത്തിയിട്ട് ഒരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു ഷാഫി.
ജനുവരിയിൽ തുടക്കം
കഴിഞ്ഞ ജനുവരി 17നാണ് കാറിന്റെ ചില്ല് തകർത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകർത്ത് മുൻ സീറ്റിൽ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. എന്നാൽ ബാഗിൽ ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്. മൊയ്തീൻ തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി 9 മണിയോടെ നെല്ലിപറമ്പിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റോഡരികിൽ കാർ നിർത്തി അര മണിക്കൂർ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. അന്നേ ദിവസം തന്നെ മണിക്കൂറുകൾക്കുള്ളിലാണ് പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകർത്ത് സിറ്റിൽ വച്ചിരുന്ന ബാഗ് കവർന്നത്. രണ്ടേകാൽ ലക്ഷം രൂപയും ഡ്രൈവിംഗ് ലൈസൻസ്.പാൻ കാർഡ്, തുടങ്ങിയ രേഖകളുമാണ് അബ്ദുള്ളക്ക് നഷ്ടപ്പെട്ടത്. ഫെബ്രുവരി ഒന്നിന് പട്ടാപകലാണ് മന്നയിലെ വ്യാപാരിയായ ഉമ്മർ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻനിരയിലെ സീറ്റിനരികിലുള്ള ചില്ല് തകർത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചത്.
മോഷണത്തിനിരയായവർ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ മൂന്ന് മാസത്തിനുള്ളിലായി 5 ലക്ഷം രൂപയോളം ആണ് ഇത്തരത്തിൽ കാറിന്റെ ചില്ല് തകർത്ത് മോഷണം പോയത്